സെറ്റ് കയ്യടിച്ച ടേക്കുകള്‍; അത്രമേല്‍ ആസ്വദിച്ചുള്ള മമ്മൂക്കയുടെ ഡബിങ്: അഭിമുഖം

mammootty-shylock-ajai
SHARE

‘മമ്മൂക്കയെ നിങ്ങൾ എങ്ങനെ കാണാൻ ആഗ്രഹിക്കുന്നുവോ അതുപോലെയാണ് ഷൈലോക്ക്. മാസ്, ആക്ഷൻ, കോമഡി അങ്ങനെ കുടുംബവുമൊന്നിച്ച് ടിക്കറ്റെടുക്കുന്നവരെ ഷൈലോക്ക് നിരാശപ്പെടുത്തില്ല...’ അമിത പ്രതീക്ഷയുടെ ശബ്ദമായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ ഉറപ്പാണ് ഷൈലോക്ക് സംവിധായകൻ അജയ് വാസുദേവിന്റെ ഇൗ വാക്കുകളിൽ നിറഞ്ഞത്. നാളെ തിയറ്ററിലെത്തുന്ന അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രവും മൂന്നാമത്തെ മമ്മൂട്ടി ചിത്രവുമായ ഷൈലോക്കിനെ കുറിച്ച് അജയ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

‘മാസ് ചിത്രങ്ങളാണ് എനിക്ക് ചെയ്യാൻ താൽപര്യം. ഇതുവരെ ചെയ്ത രണ്ടു മമ്മൂട്ടി ചിത്രത്തിൽ നിന്നും ഏറെ വ്യത്യസ്ഥമാണ് ഇത്. എന്റെ ജീവിതത്തിൽ മമ്മൂക്ക ഇത്രമാത്രം ആസ്വദിച്ച് ഒരു ഡബ്ബിങ് ചെയ്യുന്നത് കണ്ടിട്ടില്ല. ആ ഉൗർജവും ഇൗ സിനിമയോടുള്ള സ്നേഹവുമാണ് എന്റെ ആദ്യ കരുത്ത്. ചെയ്ത മൂന്നു സിനിമയിലും മമ്മൂട്ടി എന്നത് മഹാഭാഗ്യമായി കാണുന്നു.  ഷൈലോക്കിലെ ബോസ് എന്ന കഥാപാത്രമായും മമ്മൂക്കയെ മാത്രമേ സങ്കൽപ്പിക്കാൻ പറ്റുമായിരുന്നുള്ളൂ. അതുനാളെ സിനിമ കാണുമ്പോൾ മനസിലാകും..’– അജയ് പറയുന്നു. 

സിനിമാ മോഹിയാണ് ബോസ് എന്ന കഥാപാത്രം. നടനാകണം എന്ന് പറഞ്ഞ് നടന്നിട്ട് ഒടുവിൽ സിനിമാക്കാർക്ക് പണം പലിശക്ക് കൊടുക്കുന്ന തരത്തിലേക്ക് ആ കഥാപാത്രം മാറും. ക്രൂരനായ പലിശക്കാരൻ. പണം തിരിച്ചുപിടിക്കാൻ അയാൾക്ക് അയാളുടേതായ ചില രീതികളുണ്ട്. ഇതൊക്കെയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. അവിടെ ചിരിക്കാനും കയ്യടിക്കാനും ഒരുപാട് മുഹൂർത്തങ്ങൾ സിനിമയിലുണ്ടാകും. 

മമ്മൂക്കയോട് സിനിമയുടെ കഥ പറയാൻ പോകുമ്പോള്‍ ഇതിന് പേരിട്ടിരുന്നില്ല. മമ്മൂക്കയാണ് ഷൈലോക്ക് എന്ന പേര് നിർദേശിച്ചത്. ഷേക്സ്പിയര്‍ മാസ്റ്റര്‍പീസായ മര്‍ച്ചന്റ് ഓഫ് വെനീസിലെ ഷൈലോക്ക് എന്ന കഥാപാത്രം ഏറ്റവും ക്രൂരനായ പലിശക്കാരനാണ്. അതിന്റെ ചുവട് പിടിച്ചാണ് സിനിമയ്ക്ക് ഇൗ പേര് നൽകിയത്. മൂന്ന് ഫൈറ്റ് സീനുകളാണ് സിനിമയിലുള്ളത്. അത് പക്കാ മാസായിരിക്കും. മമ്മൂക്ക അത്രത്തോളം അതിന് വേണ്ടി ഞങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്.

സ്റ്റേലിഷ് ലുക്കിലുള്ള ഗെറ്റപ്പും ബാർ ഡാൻസും ഇതിനോടകം ചർച്ചയായത് സിനിമയുടെ കരുത്താകുമെന്നാണ് പ്രതീക്ഷ. ഇൗ സിനിമയിൽ മമ്മൂക്കയ്ക്ക് നായിക ഇല്ല. മീന മമ്മൂട്ടിയുടെ നായികയായിട്ടല്ല എത്തുന്നത്. കൊള്ളപലിശക്കാരനായ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് ബോസ്.  

എന്തുകൊണ്ട് രാജ്കിരൺ?

മമ്മൂട്ടിയോളം പ്രധാന്യമുള്ള ഒരു കഥാപാത്രമാണത്. ആരു ചെയ്യണം എന്ന ചർച്ച വന്നപ്പോൾ എല്ലാവരും പറഞ്ഞത് രാജ്കിരൺ സാറിന്റെ പേരാണ്. പേടിയോടെയാണ് കഥ പറയാൻ ചെന്നൈയ്ക്ക് പോയത്. കാരണം വളരെ സെലക്ടീവായി മാത്രം സിനിമ ചെയ്യുന്ന നടനാണ് അദ്ദേഹം. പക്ഷേ കഥയും കഥാപാത്രവും പറഞ്ഞു കേൾപ്പിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചു. അദ്ദേഹത്തിന്റെ കയ്യിൽ ആ കഥാപാത്രം ഭദ്രമായിരുന്നു. മമ്മൂട്ടി–രാജ് കിരൺ കോംപോ ഗംഭീരമായി സിനിമയിൽ വർക്കൗട്ട് ചെയ്തിട്ടുണ്ട്.

വൈറലായ ടിക്ടോക് വിഡിയോ

അങ്കമാലി ഡയറീസിലെ പാട്ടുപയോഗിച്ച് ഒരു ടിക്ടോക് വിഡിയോ സീനുണ്ടായിരുന്നു. ആദ്യം മമ്മൂക്ക ഇത് ചെയ്യുമോ എന്ന് സംശയമുണ്ടായിരുന്നു. സീൻ പറഞ്ഞപ്പോൾ മമ്മൂക്കയ്ക്ക് ആവേശമായി. ഷൂട്ട് ചെയ്ത് കഴിഞ്ഞ് സെറ്റ് ഒന്നടങ്കം കയ്യിടിച്ചു. ചിരിയും ആവേശവും അത്രത്തോളമുണ്ടായിരുന്നു മമ്മൂക്കയുടെ മുഖത്ത്. ടീസറോ ട്രെയിലറോ ഒന്നും വേണ്ട ഇൗ ടിക്ടോക് വിഡിയോ പടത്തിന്റെ പേരും വച്ച് പുറത്തുവിട്ടാ മതി എന്ന് അന്ന് അവിടെ പലരും പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ആ വിഡിയോ വൈറലായി. 

ഒന്നുമാത്രം പറയാം. ചിത്രം മാസായിരിക്കും ചിരിക്കാനുമുണ്ടാകും. കുടുംബത്തിനൊപ്പം തിയറ്ററിൽ പോയി കാണുന്ന സിനിമയായിരിക്കും ഷൈലോക്ക്.’ അജയ് പറഞ്ഞു. 

ജോബി ജോര്‍ജ് തടത്തില്‍ ആണ് നിര്‍മാണം. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. തമിഴിൽ കുബേരൻ എന്ന പേരിൽ ചിത്രം റിലീസിനെത്തുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...