‘ഞാന്‍ ടോം ക്രൂസിനെ കണ്ടിട്ടുപോലുമില്ല; ഹരിഹരന്‍ സാര്‍ സ്നേഹം കൊണ്ട് പറഞ്ഞതാ’

സിനിമ അഭിനയം മത്സരയോട്ടമല്ലെന്ന് നടൻ മമ്മൂട്ടി. അവനവനോട് തന്നെയാണ് മത്സരം. കഴിവിന്റെ പരമാവധി വേഷങ്ങൾ ഭംഗിയാക്കാനാണ് എല്ലാവരും ശ്രമിക്കുക. 'ചന്തുമുതൽ ചാവേർ വരെ' എന്ന് പറയാൻ കഴിയുന്നത് തന്നെ ഒരു ദൈവാധീനമായാണ് കരുതുന്നത്. 30 വർഷത്തിന് ശേഷം അതേ ജോണറിലെ സിനിമയിൽ അഭിനയിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനും വിവോയും ചേർന്ന് സംഘടിപ്പിച്ച 'മാമാങ്കം ആദരരാവി'ലായിരുന്നു താരം ആരാധകരുമായി സംവദിക്കാനെത്തിയത്. 

മമ്മൂട്ടി ടോം ക്രൂസുമായാണ് മത്സരിക്കുന്നതെന്ന് സംവിധായകൻ ഹരിഹരൻ ഒരിക്കൽ പറഞ്ഞിട്ടുണ്ടെന്ന് ഒരു ആരാധിക പറഞ്ഞപ്പോൾ, ' ടോംക്രൂസിനെ കണ്ടിട്ടു പോലുമില്ലെ'ന്നായിരുന്നു പ്രിയതാരത്തിന്റെ മറുപടി. 'അദ്ദേഹം എന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാ'ണെന്നും മലയാളിയുടെ പ്രിയ താരം വിനീതനായി. 

മാമാങ്കം വലിയ പരിശ്രമത്തിന്റെ ഫലമാണെന്നും എല്ലാവരും  വലിയ മോഹത്തോടും പ്രാർഥനയോടും കൂടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാമാങ്കം വലിയ ഒരു അത്ഭുതമായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു. സിനിമ എല്ലാവരും തിയേറ്ററിൽ പോയി കാണണം. മൊബൈലിലൊന്നും കാണാൻ പറ്റിയ സിനിമയല്ല മാമാങ്കമെന്നും അദ്ദേഹം  ആരാധകരോട് പറഞ്ഞു.