സിനിമ വിഴുങ്ങുന്ന ലഹരി..! കേള്‍വികള്‍, പുകമറകള്‍, പരാതിരഹിത അന്വേഷണങ്ങള്‍..!

shoot-drug-web
SHARE

തൊണ്ണൂറുവര്‍ഷത്തെ മലയാളസിനിമാ ചരിത്രത്തില്‍ ഒരിക്കല്‍പോലും പരസ്യമായി പറയാത്ത ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു സിനിമാനിര്‍മാതാക്കള്‍. മലയാള സിനിമയിലെ വ്യാപകമായ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചും പുതുതലമുറയിലെ നടന്മാരില്‍ ചിലര്‍ക്കുനേരെയുള്ള വിരല്‍ചൂണ്ടിലിനുമപ്പുറം പക്ഷെ ഒന്നും സംഭവിച്ചില്ല. നിവൃത്തിക്കേടിന്റെപുറത്തുള്ള ഈ വെളിപ്പെടുത്തല്‍ സ്റ്റേറ്റിന്റെയടക്കം സുദീര്‍ഘമായ മൗനംകൊണ്ട് കൊല്ലപ്പെടുമ്പോള്‍ അടക്കംപറച്ചിലുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അന്വേഷണങ്ങളില്ലാത്ത വെളിപ്പെടുത്തലുകള്‍ക്കൊപ്പം തല്‍ക്കാലം തുടര്‍ലക്കമില്ലാത്ത വായന.

കഞ്ചാവിനും പേരുദോഷമോ !

"കഞ്ചാവിനുകൂടി ഇവന്മാര്‍ പേരുദോഷമുണ്ടാക്കും." മലയാളത്തിലെ ഒരു പ്രമുഖതാരം അടുത്ത സുഹൃത്തിനോട് ഇങ്ങനെപറ‍ഞ്ഞ് ചിരിച്ചത് താന്‍ അഭിനയിച്ച ചില ചിത്രങ്ങളെക്കുറിച്ചുകൂടി സൂചിപ്പിച്ചായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രേക്ഷകര്‍ വയറൊട്ടിചിരിച്ച ആ ചിത്രങ്ങളിലെ നായകനും സഹതാരങ്ങളില്‍ചിലരും ഒരുക്കിയ ചിരിക്ക് മേമ്പൊടിയിട്ടത് നീലച്ചടയന്റെ ചടുലതയാണത്രെ. ഒളിഞ്ഞുംെതളിഞ്ഞും  മലയാളസിനിമയിലെ പുതുതലമുറയില്‍പ്പെട്ടവര്‍ ലഹരി ഉപയോഗിക്കുന്നുവെന്ന് ഇന്ന് നിര്‍മാതാക്കള്‍തന്നെ തുറന്നുപറയുമ്പോള്‍ കഞ്ചാവ് പക്ഷെ  പലരുടെയും അവസാന ചോയ്സ് മാത്രമാണ്. 

കലാകാരന്‍ അരാജകവാദിയാകുമെന്നതിനെ ഉദാഹരിക്കാന്‍ മണ്‍മറഞ്ഞവരെപ്പോലും കൂട്ടുപിടിക്കുമ്പോള്‍ അവരാരുമുണ്ടാക്കാത്ത പേരുദോഷമാണ് പുതുതലമുറക്കാര്‍വഴി കഞ്ചാവിന് വന്നുചേര്‍ന്നതത്രെ !. അവന്‍ കഞ്ചാവാണെന്ന പറച്ചിലിലാണ് കഞ്ചാവിനെക്കാള്‍ വലിയ വില്ലന്‍റെ ഒളിയിടമെന്ന് സിനിമാമേഖലയിലുള്ളവര്‍തന്നെ തുറന്നുസമ്മതിക്കുന്നു.

"മറ്റുള്ളവര്‍ ഉറങ്ങുമ്പോള്‍ അവര്‍ ഉണര്‍ന്നിരിക്കും . ഉണരുമ്പോള്‍ അവര്‍ ഉറക്കമാവും. നടന്മാര്‍ മാത്രമല്ല നടികളും തിരക്കഥാകൃത്തുക്കളും ....അങ്ങനെയങ്ങനെ". രാവുംപകലും ഭൂമിക്കപ്പുറവും ഇപ്പുറവുമായി ഒരുങ്ങുന്നത് വെറും അരനാഴികനേരത്തില്‍ അനുഭവിച്ചറിയുന്നവരെക്കുറിച്ച് പറഞ്ഞത് ഒരു നടനാണ്. "അപ്പോഴും പറയട്ടെ സിനിമയെ സ്നേഹിക്കുന്ന സിനിമ ശ്വസിക്കുന്ന സിനിമയില്‍ ജീവിക്കുന്നവരാണ് ഭൂരിപക്ഷവും " അയാള്‍ പറഞ്ഞുനിര്‍ത്തി.

‘അവളായി അവളുടെ പാടായീ’

"പത്തുവര്‍ഷമേയുള്ളു സിനിമയില്‍ അവളുടെ പ്രായം." സിനിമയിലെ ലഹരി അനുഭവങ്ങള്‍ തുറന്നുപറഞ്ഞ കൂട്ടത്തിലാണ് ആ നിര്‍മാതാവ് അവളെക്കുറിച്ച് പറഞ്ഞത്. കഞ്ചാവാണോ ഇനി വേറെ എന്തെങ്കിലുമൊക്കെ ഉപയോഗിക്കുമെന്നോ അറിയില്ല. വെറുമൊരു രസത്തിന് ചിലര്‍വച്ചുനീട്ടിയതൊക്കെ ഉപയോഗിച്ച നടി ഒടുവിലെത്തിയത് ഭ്രാന്തിന്റെ വക്കില്‍. രണ്ടുപ്രാവശ്യം ലഹരിമുക്തിക്കായി ചികില്‍സതേടിയ ആ ചെറുപ്പക്കാരിക്ക് ഇന്ന് സിനിമ അന്യം. ഒരുവലിയ സ്വപ്നത്തിനുപുറകെ സഞ്ചരിച്ചവള്‍ തിരക്കഥാകൃത്തിനൊപ്പം ബീഡിതെറുത്തു സംവിധായകനൊപ്പം വലിച്ചു. തിരിച്ചുപിടിക്കാന്‍ നോക്കിയ പലരുടെയും മുന്നില്‍ അവളെക്കൊണ്ടുതന്നെ വ്യക്തിസ്വാതന്ത്ര്യത്തിന് ലഹരിയുടമകള്‍ ക്ളാസെടുത്ത് തോല്‍പിച്ചുകളഞ്ഞു. "അവളായി അവളുടെ പാടായീ"ന്ന് പറഞ്ഞ് പടികടന്നു പലര്‍. 

‘ചോയിസ് ഈസ് യുവേഴ്സ്’

കൊച്ചിയിലെ ഫ്ളാറ്റില്‍ ഒരുകൂട്ടം ചെറുപ്പക്കാരായ സംവിധായകരുടെ ഇടയിലേക്കെത്തിയ ആ ചെറുപ്പക്കാരന്‍ കഥപറഞ്ഞ് പൂര്‍ത്തിയാക്കിയത് പുകമറയിലാണ്. എഴുതിവച്ചതിനേക്കാള്‍ വലിയ സര്‍ഗാത്മകത പുകച്ചുരുളിലൂടോതിയവരെ മനസില്‍ ധ്യാനിച്ച് ആ ചെറുപ്പക്കാരന്‍ പക്ഷെ സ്വന്തം വഴിയില്‍ യാത്രതുടര്‍ന്നു. സിനിമയില്‍ ഒരു മേല്‍വിലാസമുള്ളതുകൊണ്ടുതന്നെ അയാള്‍ ഇത്രമാത്രം പറഞ്ഞു " വച്ചുനീട്ടലുകളുണ്ടാകും. ബട്ട് ചോയിസ് ഈസ് യുവേഴ്സ്". 

പക്ഷെ ആ ചോയിസ് എപ്പോഴും വ്യക്തിപരമാകണമെന്നില്ല‍. സൗഹൃദക്കൂട്ടായമ്കളിലുണ്ടാകുന്ന സിനിമകളില്‍ മറ്റുപലരുടെയും ചോയ്സിലേക്ക് പറിച്ചുനടപ്പെട്ടവരുമുണ്ട്. ചിരിച്ചു തികട്ടിയ സെല്‍ഫികള്‍ക്കുമുണ്ട് പറയാനായി ഒരുപാട് കഥകള്‍. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അപാരറേഞ്ചുള്ള ഒരു നടനെക്കുറിച്ച് സുഹൃത്തായ നിര്‍മാതാവ് പറഞ്ഞത്. ‘പല സാധനങ്ങള്‍ ഉപയോഗിക്കുന്നുവരുണ്ട്. പക്ഷെ ഇത് നിയന്ത്രണത്തിലല്ലായെന്ന് തോന്നിയതുകൊണ്ടാകാം അയാള്‍ പുറത്തേക്ക് പറന്നത്. ചികില്‍സ തേടിയെന്നാണ് പറഞ്ഞുകേട്ടത്. അയാളുടെ കാര്യം പോട്ടെ. പുകവലിച്ചുകയറ്റി കുറ്റി കിടക്കയിലും തലയിണയിലും കുത്തിയണയ്ക്കുന്ന ചെറുപ്പക്കാര്‍ ഇപ്പോഴും റോഡരികിലെ പോസ്റ്ററുകളില്‍ ചിരിച്ചുനില്‍പ്പുണ്ട്. അറിയോ " 

‘സാാാര്‍'' – യേസ്...’

സിനിമയെവെല്ലുന്ന കഥകള്‍ കേട്ടപ്പോഴാണ് രണ്ടുവര്‍ഷം മുന്‍പുള്ള ആ പകല്‍ ഒാര്‍മിച്ചത്. കലൂരിലെ ആ ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ ഞങ്ങള്‍ മാധ്യമസംഘം ചെന്നെത്തിയത് കൂടെ കൊച്ചിയിലെ ഒരു ജനപ്രതിനിധിയും. പുരസ്കാര പ്രഭയില്‍നിന്നയാളെ അഭിനന്ദിക്കാനെത്തിയതാണ്. നീണ്ട കോളിങ് ബെല്ലുകള്‍ക്കിടിയില്‍ സമയമെടുത്താണ് ആ ഫ്ളാറ്റിന്റെ വാതില്‍ ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നത്. ട്രൗസറും ടീഷര്‍ട്ടുമണിഞ്ഞ് ഞങ്ങള്‍ക്ക് മുന്നിെലത്തിയ ആ ദേഹം നിര്‍ത്താതെ ചിരിക്കുകയായിരുന്നു. ഞങ്ങളും ചിരിച്ചു. "ഞാന്‍ പറഞ്ഞതല്ലെ ഇങ്ങോട്ട് വരണ്ടെന്ന്..." . തുറന്നവാതിലിനപ്പുറത്തേക്ക് പ്രവേശമില്ലെന്ന മട്ടില്‍നിന്ന് അയാള്‍ പറഞ്ഞു. 

"അതെങ്ങനെ ശരിയാകും. ഞാനിവിടത്തെ ജനപ്രതിനിധിയല്ലെ ?. ഇങ്ങനെയൊരു പുരസ്കാരം ലഭിച്ചയാളെ അഭിനന്ദിക്കേണ്ടത് ഞങ്ങടെ കടമയല്ലെ?." ഇത്രയുംപറഞ്ഞ് അകത്തേക്കുകയറിയ ജനപ്രതിനിധിക്ക് പിന്നാലെ മാധ്യമങ്ങളും ഉള്ളിലേക്ക്. ഫ്ളാറ്റിനുള്ളിലെ കെട്ടഗന്ധം തൈക്കാട്ടെ ശ്മശാനഭൂവിലെത്തിച്ചു. കയ്യിലെ ഷാള്‍ അണിയിക്കുമ്പോള്‍ ചുവരില്‍പതിഞ്ഞുനിന്ന ആ ദേഹം ഒാര്‍മിപ്പിച്ചത് പട്ടണപ്രവേശം എന്ന സിനിമയിലെ മോഹന്‍ലാലിനെ ആയിരുന്നു. സിറിഞ്ചില്‍ ചോരയൂറ്റാന്‍ ശ്രമിക്കുന്നതിനിെട 'സാാാാര്‍' എന്ന വിളിയില്‍ 'യെസ്' എന്ന് നീട്ടിപറഞ്ഞ മോഹന്‍ലാലിനെ.

കുറ്റം ശിക്ഷ കാഴ്ചപ്പാടുകള്‍

"ഇരുപതുവര്‍ഷം തടവും ഇരുപതുലക്ഷം രൂപ പിഴയും. റിപ്പീറ്റഡായ കേസുകളില്‍ വധശിക്ഷവരെ ലഭിക്കാം". പുതുതലമുറത്താരങ്ങള്‍ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന നിര്‍മാതാക്കളുെട വെളിപ്പെടുത്തലിനെക്കുറിച്ച് ജസ്റ്റിസ് കെമാല്‍പാഷ ഇത് പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഒരുകാര്യംകൂടി സൂചിപ്പിച്ചു. 

‘ഇതെല്ലാം അടിച്ചുനടക്കുന്നവര്‍ ഏതവസ്ഥിയിലെത്തുമെന്ന് കാണാം. നശിച്ചുപോകുകയാണ് നമ്മുടെ ചെറുപ്പക്കാര്‍..’

ഇതിനിടയിലാണ് പുതുതലമുറയില്‍പ്പെട്ട സംവിധായകരെക്കുറിച്ച് സുഹൃത്തായ സിനിമാസംഘടനാനേതാവും അഭിപ്രായം പങ്കുവച്ചത്.  " ദേ ആര്‍ ബ്രില്ല്യന്‍റ് . ഇത്തരംകാര്യങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് കരുതുന്നവരില്‍ ചിലര്‍തന്നെ എന്നോട് തുറന്നുപറയുന്നുണ്ട്. നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം ഇന്‍ഡസ്ട്രിയിലുണ്ട്. പക്ഷെ ഇന്‍ഡസ്ട്രി നിലനില്‍ക്കണം. മദ്യപിക്കുന്നതിന് സമാനമായി ലഹരിനല്‍കുന്ന മറ്റ് രാസവസ്തുക്കളെ കാണാന്‍ കഴിയില്ല. നിര്‍മാതാക്കള്‍ പറഞ്ഞതുപോലെ എല്‍.എസ്.ഡിയും സ്റ്റാംപും മാത്രമല്ല ഇതുവരെ കേള്‍ക്കാത്ത സാധനങ്ങളും എന്തൊക്കെയോ ഉണ്ട്. സെറ്റില്‍ രാത്രി രണ്ടെണ്ണമടിച്ച് രാവിലെ പുല്ലുപോലെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പണിയെടുക്കുന്നവര്‍ എല്ലാക്കാലവുമുണ്ട്. പക്ഷെ ഇതങ്ങനെയല്ല "

മെത്തില്‍നിന്ന് മെത്തയിലേക്ക്

"ഒരു സെല്ലറെ ഈയടുത്ത് പിടികൂടി. ചോദ്യംചെയ്യലും അന്വേഷണവും മുറുകിയപ്പോള്‍ ഇന്‍ഡസ്ട്രിയിലെ ഒരു നടന്റെ പേര് പറഞ്ഞു അയാള്‍. മുകളിലേക്കറിയിച്ച സാധാ പൊലീസുകാര്‍ക്ക് താമസമില്ലാതെ മറുപടിയും കിട്ടി. അതോടെ അന്വേഷണവും തീര്‍ന്നു."  'അമ്മ'യിലെ അംഗംതന്നെ ഇതുപറയുമ്പോള്‍ പുതിയ വെളിപ്പെടുത്തലുകളുടെ ആയുസ്സും എണ്ണപ്പെട്ടിരിക്കുന്നു. സിനിമയ്ക്കുള്ളിലേക്കുള്ള ലഹരിയുടെ വഴി പൊലീസുകാര്‍ക്ക് അറിയാത്തതല്ല. പരസ്യമായ രഹസ്യമാണ്. കൂടുതല്‍ ചോദിച്ചാല്‍  ''രാജാവിനുനേരെ വാളോങ്ങിയാല്‍ അയാളെ കൊന്നിരിക്കണം'' എന്നൊക്കെ രഹസ്യമായി സാഹിത്യമിറക്കും പൊലീസുകാര്‍. മൂക്കിന്‍ത്തുമ്പിലെ സെല്ലര്‍മാരെയും ഇടനിലക്കാരെയുമൊക്കെ പൊലീസുകാര്‍ക്ക് അറിയാം.  എന്‍ഡ് കണ്‍സ്യൂമറെ കുടുക്കാനും പൊലീസ് ബുദ്ധിക്കാകും. പക്ഷെ പുകതേടിയെത്തിയാല്‍ ആര് പുകയാകും എന്ന ചോദ്യം വളരെ പ്രസക്തമായതിനാല്‍ നടന്‍ ബാബുരാജ് ഈയടുത്ത് മനോരമ ന്യൂസില്‍ പറഞ്ഞതുപോലെ 'പൊലീസുകാര്‍ക്കുവേണം നന്ദിപറയാന്‍'.

നിര്‍മാതാക്കളുടെ പുതിയ െവളിപ്പെട‌ുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മെത്ത് എന്നും െഎസ് മെത്തെന്നും പേരായ ലഹരിമരുന്നാണ് സിനിമാക്കാരില്‍ കുറച്ചധികംപേര്‍ക്കെങ്കിലും പ്രിയം. െഎസ് ക്രിസ്റ്റലുകള്‍ പോലെ തോന്നിക്കുന്ന സാധനം പക്ഷെ ശരീരത്തിലെത്തിയാല്‍ പിന്നെ പിടികിട്ടാപ്പുള്ളിയാണ്. ചെറിയ ഡോസിലും ശരീരത്തെ വലിയതോതില്‍ ഉത്തേജിപ്പിക്കാനാകുന്ന മെത്താംഫിറ്റാമൈനിന്റെ വകഭേദം. നീലച്ചിത്ര നിര്‍മാണരംഗത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മെത്ത് പക്ഷെ സംസ്ഥാനത്ത് രഹസ്യമായി നടത്തുന്ന സ്മോക്ക് പാര്‍ട്ടികളിലെ സജീവ സാന്നിധ്യമാണെന്ന് പൊലീസിനും എക്സൈസിനും നന്നായി അറിയാം. അപകടകരമായ രീതിയില്‍ ശരീരത്തിെലത്തിയാല്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉള്‍പ്പടെ സംഭവിപ്പിക്കാന്‍ മെത്തിനാകും. ഇതൊന്നും സംഭവിച്ചില്ലെങ്കിലും ദീര്‍ഘമായ ഉപയോഗം ഒരാളെ പതിയെ മാനസികരോഗിയും കിടപ്പുരോഗിയുമാക്കാം. 

വാലറ്റം: ജോക്കര്‍ എന്ന ലോഹിതദാസ് സിനിമയില്‍തന്നെ അവസാനിപ്പിക്കാെമന്ന് തോന്നുന്നു. സിംഹക്കൂട്ടിലടയ്ക്കപ്പെട്ട കോമാളിയായി ചിരിപ്പിക്കാനെത്തിയ ബഹദൂര്‍ കൊല്ലപ്പെടുന്ന ആ രംഗം. അറിഞ്ഞുകൊണ്ടു സിംഹക്കൂടുതുറന്ന കോമാളി ചിരിയും കണ്ണുനീരും നല്‍കി അരങ്ങൊഴിഞ്ഞപ്പോള്‍ കേട്ട ആ വാചകം ഏത് പ്രഫഷണല്‍ എന്റര്‍ടെയ്ന്‍മെെന്റ് മേഖലയിലും ഇനിയും മുഴങ്ങി കേള്‍ക്കും. ''ദ ഷോ മസ്റ്റ് ഗോ ഒാണ്‍''

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...