കെ.ടി.മിറാഷ് ‘അമ്മിണിപ്പിള്ള’ ആയ വിധം; ‘ടൈപ്പ്’ ആകാതിരിക്കാന്‍ ഇടവേള: അഭിമുഖം

ahamad-sidique
SHARE

സാൾട്ട് ആൻഡ് പെപ്പറിലെ കെ.ടി.മിഷാറിനെ അത്രവേഗം മറക്കാനാകുമോ? അഹമ്മദ് സിദ്ദിഖ് കക്ഷി അമ്മിണിപ്പിള്ള ഇറങ്ങുന്നതുവരെ പ്രേക്ഷകരുടെ മനസിൽ കെ.ടി.മിറാഷ് തന്നെയായിരുന്നു. നാലുവർഷത്തെ ഇടവേള കഴിഞ്ഞ് അഹമ്മദ് സിദ്ദിഖ് അഭിനയിക്കുന്ന ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ഷിജിത്ത്കുമാർ അമ്മിണിപ്പിള്ള എന്ന കഥാപാത്രം അഹമ്മദിന്റെ കയ്യിൽ ഭദ്രമായിരുന്നു. തീയറ്ററിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തെക്കുറിച്ച് അഹമ്മദ് സിദ്ദിഖ് മനോരമന്യൂസ് ഡോട്ട്കോമിനോട് മനസ് തുറക്കുന്നു.

കെ.എൽ 10 പത്തിന് ശേഷം ഇത്രയും നീണ്ട ഇടവേള വരാനുള്ള കാരണം?

എന്നെ തേടി വന്നതെല്ലാം ഒരേ പോലെയുള്ള വേഷങ്ങളാണ്. അത് സ്വീകരിച്ചാൽ എനിക്ക് പിന്നീട് വേറെ രീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കാതെ വരും. ഞാനായിട്ട് എല്ലാവരെയും വെറുപ്പിക്കേണ്ടെന്ന് കരുതി. ഇതിന്റെ ഇടയ്ക്ക് എഴുത്തും നടക്കുന്നുണ്ടായിരുന്നു. രണ്ട് സിനിമകൾക്ക് വേണ്ടിയുള്ള കഥകളാണ് എഴുതിയ്ക്കൊണ്ടിരുന്നത്. എന്നാൽ ഞാൻ അതേ പ്രമേയം പറയുന്ന രണ്ട് ചിത്രങ്ങൾ വന്നതോടെ അതും മാറ്റിവെച്ചു. ആ ഗ്യാപ്പിലാണ് കക്ഷി അമ്മിണിപ്പിള്ളയിലേക്കുള്ള ക്ഷണം വരുന്നത്. ഇത്രയും ഇടവേളയ്ക്ക് ശേഷം ടൈറ്റിൽ കഥാപാത്രം തന്നെ തേടിവന്നതിനെ ഭാഗ്യം എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടം. ഞാൻ പ്ലാൻ ചെയ്ത് കാത്തിരുന്നത് ഒന്നുമല്ല. 

ഷജിത്ത് കുമാർ അമ്മിണിപ്പിള്ള എന്ന കഥാപാത്രത്തെക്കുറിച്ച്?

ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമാണ് ഷജിത്ത് കുമാർ. ഒരുപാട് വൈകാരികതലങ്ങളുള്ള കഥാപാത്രമാണ്. തുടങ്ങുമ്പോൾ ഒരു ഗ്രാഫും പിന്നീട് പലരീതിയിലേക്കും ഗ്രാഫ് മാറുന്ന കഥാപാത്രമാണ്. ഈ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ തന്നെ ഇത് വിടാനുള്ളതല്ല, ഞാൻ ശ്രമിച്ചുനോക്കേണ്ടതാണെന്ന് തോന്നി. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ഒരു ആത്മവിശ്വാസത്തിന്റെ കൂടെ പുറത്താണ് ഈ കഥാപാത്രം ഏറ്റെടുക്കുന്നത്.

ahammad2

ആസിഫ് അലിയുമൊത്തുള്ള രണ്ടാമത്തെ ചിത്രമാണിത്. ഇത്രയും കാലത്തിന് ശേഷം ഒരുമിച്ച് അഭിനയിച്ചപ്പോൾ വന്ന മാറ്റങ്ങൾ?

അന്നും ഇന്നും സിനിമയോടുള്ള ആസിഫിന്റെ സ്നേഹം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. സ്വന്തം കഥാപാത്രം മാത്രം നന്നാകണമെന്ന് വിചാരിക്കുന്നയാളല്ല ആസിഫ്. മറ്റുള്ളവരുടെ കഥാപാത്രവും നന്നാകണമെന്ന് ആഗ്രഹിക്കുകയും അതിനായി ഒപ്പം നിൽക്കുകയും ചെയ്യുന്നയാളാണ്. സാൾട്ട് ആൻഡ് പെപ്പറിൽ അഭിനയിക്കുമ്പോൾ ഞാൻ ക്യാമറപോലും നേരാംവണ്ണം കണ്ടിട്ടില്ല. ആസിഫിന് എന്നേക്കാൾ അനുഭവസമ്പത്ത് അന്നുതന്നെയുണ്ട്.  എന്റെ റിയാക്ഷൻ ശരിയാകാൻ വേണ്ടി ആസിഫിന്റെ ആവശ്യമില്ലാത്ത സീനിൽ പോലും അദ്ദേഹം ഒപ്പം നിൽക്കുമായിരുന്നു. ഇന്നും അതേ രീതി തന്നെയാണ് ആസിഫ് തുടരുന്നത്. എനിക്ക് മാത്രമല്ല ഷിബിലയ്ക്ക് വേണ്ടിയും ആസിഫ് ഒപ്പം നിന്നിട്ടുണ്ട്. സഹഅഭിനേതാക്കളെ കംഫർട്ടബിളാക്കുകയും മോട്ടിവേറ്റ് ചെയ്യുകയും ചെയ്യുന്നയാളാണ് ആസിഫ്. 

കൂടുതൽ പ്രഫഷണലായ ആസിഫിനെയാണ് കണ്ടത്. ആസിഫ് മൽസരിക്കുന്നത് ആസിഫിനോട് തന്നെയാണ്. ഉയരെയിലെ ഗോവിന്ദല്ല കക്ഷി അമ്മിണിപ്പിള്ളയിലെ പ്രദീപൻ.

asif-ali-ahamad-sidique

തലശേരി ഭാഷ പഠിച്ചതെങ്ങനെയാണ്?

സംവിധായകൻ ദിൻജിത്ത് തലശേരിക്കാരനാണ്. അദ്ദേഹത്തിനൊപ്പം മുത്തു എന്ന അസിസ്റ്റന്റുമുണ്ടായിരുന്നു. മുത്തുവിന്റെ ഒപ്പമിരുന്നാണ് ഭാഷ പഠിച്ചത്. എനിക്ക് പൊതുവെ ഭാഷ പഠിച്ചെടുക്കാൻ പ്രയാസമുള്ളയാളാണ്. എന്നാൽ ഇവരുടെ സഹായത്തോടെ 60 ശതമാനമെങ്കിലും നീതി പുലർത്താൻ സാധിച്ചിട്ടുണ്ട്. 

ഷിബിലയോടൊപ്പമുള്ള അഭിനയം?

ഷിബില ഈ സിനിമയ്ക്ക് വേണ്ടി എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നേരിട്ട് കണ്ടയാളാണ് ഞാൻ. തടി കൂടിയിട്ട് ഷിബില നടക്കുമ്പോൾ കിതയ്ക്കുന്നുണ്ടായിരുന്നു. അതിൽ സ്റ്റെപ്പ് കയറുന്ന ഒരു രംഗമുണ്ട്. ഷിബില ഒരുപാട് കഷ്ടപ്പെട്ടാണ് സ്റ്റെപ്പ് കയറിയത്. കിതപ്പുകാരണം ആ രംഗം രണ്ടുമൂന്ന് തവണ എടുക്കേണ്ടിയും വന്നു. സിനിമ കഴിഞ്ഞയുടൻ വീണ്ടും പഴയ രൂപത്തിലേക്ക് മാറാനും ഷിബിലയ്ക്ക് പരിശ്രമിക്കേണ്ടിവന്നു.

ഇനി സിനിമയിൽ തുടരാൻ തന്നെയാണോ തീരുമാനം?

ഞാൻ സൗദിയിലാണ് താമസം. ഇനിയിപ്പോൾ കുറച്ചുകാലം കേരളത്തിൽ തന്നെ കാണും. പുതിയ രണ്ടുമൂന്ന് സിനിമകൾ കൂടി വരുന്നുണ്ട്. തൽകാലം സജീവമാകാൻ തന്നെയാണ് തീരുമാനം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...