പ്രേക്ഷകർ വളരാതെ താരങ്ങൾ മാറില്ല; മമ്മൂട്ടിക്കും മോഹൻലാലിനും ഒന്നും ചെയ്യാനില്ല; വിമർശിച്ച് കുറിപ്പ്

mammootty-mohanlal-19
SHARE

താരാധിപത്യം മലയാള സിനിമയുടെ തകർച്ചക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കി ആർജെ സലിം. അതിന് ഉത്തരവാദി താരങ്ങൾ മാത്രമല്ല. മോഹൻലാലും മമ്മൂട്ടിയുമാണ് മലയാള സിനിമ നശിപ്പിച്ചത് എന്ന് പറയുന്നവന്മാരുടെ തലയ്ക്ക് ഓളമാണെന്നും സലിം ഫെയ്സ്ബുക്ക് കുറിപ്പില്‌ വ്യക്തമാക്കുന്നു. 

തൊണ്ണൂറുകളുടെ തുടക്കത്തിൽ ടെലിവിഷൻ സാർവത്രികമായപ്പോൾ ഉണ്ടായ മാറ്റങ്ങൾ പറഞ്ഞാണ് സലീമിന്റെ കുറിപ്പ്. ''സമൂഹത്തിനു ഒരു ഗുണവുമില്ലാത്ത, ആന്റി സോഷ്യലായ, ചുമ്മാ തല്ലുപിടിച്ചു നടക്കുന്നവരെ ഇവരെല്ലാം കൂടി സിനിമകളിൽക്കൂടി ഹീറോയാക്കി അവതരിപ്പിച്ചു. അത് ഒരാൾ തീരുമാനിച്ചു ഉണ്ടാക്കിയതല്ല, മറിച്ച്, മറ്റെല്ലാ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഘടകങ്ങളും ചേർന്നുണ്ടായ മാറ്റമാണ്. അന്ന് മലയാള സിനിമയിലെ ഏറ്റവും വിലയുള്ള നടന്മാരെത്തന്നെ അതിനു വേണ്ടി വന്നു എന്നുള്ളത് അവരുടെ നിയോഗമാണ്.

അവിടുന്നിങ്ങോട്ടുള്ള താരാധിപത്യത്തിന്റെ വളർച്ചയെക്കുറിച്ച് സലിം വ്യക്തമായി കുറിക്കുന്നു. മോഹൻലാലിന്റെ ലൂസിഫറും മമ്മൂട്ടിയുടെ മാമാങ്കവും താരാഘോഷ മാനിയയെ വീണ്ടും വലുതാക്കുന്ന സാഹചര്യത്തിലാണ് തന്റെ കുറിപ്പെന്ന് സലിം പറയുന്നു. 

''സിനിമയുടെ കാര്യം പറയുമ്പോൾ ഒരു നടൻ സിനിമയെക്കാളും വളർന്നു നിൽക്കുന്നത് സിനിമയെന്ന സങ്കേതത്തിന് ഒട്ടും നല്ലതല്ല. ചർച്ചയാവേണ്ടത് സിനിമയാണ്, അതിന്റെ ക്രാഫ്റ്റാണ്. പ്രേക്ഷകർ വളരാതെ താരങ്ങൾ മാറും എന്ന് പ്രതീക്ഷിക്കുന്നത് തന്നെ തെറ്റാണ്. അവരെ കണ്ണുമടച്ചു ആഘോഷിക്കാൻ ആളുകളുള്ളപ്പോൾ അവരെന്തിനു വേണ്ടെന്നു വെയ്ക്കണം. അതിനെ കടിഞ്ഞാണിടാൻ ഈ താരങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നതാണ് സത്യം. അവർ പോലും മറ്റൊരു തരത്തിൽ പറഞ്ഞാൽ അവരുടെ സ്റ്റാർഡത്തിന്റെ ഇരകളാണ്''- സലിം കുറിക്കുന്നു. 

കുറിപ്പ് വായിക്കാം; 

മലയാള സിനിമയുടെ തകർച്ച തുടങ്ങുന്നത്, താരാധിപത്യം എന്ന ക്ളീഷേ കാരണം കൊണ്ട് തന്നെയാണ്. അതിന് ഉത്തരവാദി താരങ്ങൾ മാത്രമല്ല. ലളിതമായി മോഹൻലാലും മമ്മൂട്ടിയുമാണ് മലയാള സിനിമ നശിപ്പിച്ചത് എന്ന് പറയുന്നവന്മാരുടെ തലയ്ക്ക് ഓളമാണ്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ റ്റെലിവിഷൻ സാർവത്രികമാകാൻ തുടങ്ങിയപ്പോൾ സിനിമയുടെ മൊണോപൊളി അക്ഷരാർത്ഥത്തിൽ അവസാനിക്കുകയായിരുന്നു. 91-92 ഇലാണ് മൻമോഹൻ സിങ് ലിബറലൈസേഷൻ - ഗ്ലോബലൈസേഷൻ - പ്രൈവറ്റയിസെഷൻ കൊണ്ടുവരുന്നത്. മാർക്കറ്റ് ഓപ്പണായി, ദൂരദർശന്റെ അപ്രമാദിത്വം അവസാനിച്ചു, കൂടുതൽ ചാനലുകൾ വന്നു, കോടിക്കണക്കിനു പേർ പുതുതായി ടെലിവിഷന് മുൻപിലിരുന്നു.

അതോടുകൂടി സിനിമയ്ക്ക് അതുവരെ നിലനിന്നതുപോലെ നിലനിൽക്കാൻ സാധിക്കാതെയായി. ഒരു നിരീക്ഷണപ്രകാരം ടീവി കണ്ടന്റ് കൂടുതൽ ഫെമിനൈൻ ആവുകയും അതിന്റെ തുടർച്ചയിൽ സിനിമ കൂടുതൽ മാസ്കുലിൻ ആവുകയും ചെയ്തു. അതായത് കൂടുതൽ ഹീറോയിക്കായ ലാർജർ ദാൻ ലൈഫ് ഹീറോസ് മലയാള സിനിമയിൽ തുടർച്ചയായി ഉണ്ടാവുന്നത് അങ്ങനെയാണ്. സീരിയലുകൾ ഇന്നും കണ്ണീർ പരമ്പരകളായി തുടരുന്നത് ചരിത്രപരമായ കാരണം കൊണ്ടുകൂടിയാണ്.

മറ്റൊരു രീതിയിൽ പറഞ്ഞാൽ സമൂഹത്തിനു ഒരു ഗുണവുമില്ലാത്ത, ആന്റി സോഷ്യലായ, ചുമ്മാ തല്ലുപിടിച്ചു നടക്കുന്നവരെ ഇവരെല്ലാം കൂടി അവരുടെ സിനിമകളിൽക്കൂടി ഹീറോയാക്കി അവതരിപ്പിച്ചു, ഒന്നല്ല, ഒരുപാടു തവണ. അതൊരു തലമുറയിലേക്ക് അങ്ങനെ തന്നെ പ്രൊപ്പഗേറ്റ് ചെയ്യപ്പെട്ടു.

അത് ഒരാൾ തീരുമാനിച്ചു ഉണ്ടാക്കിയതല്ല, മറിച്ച്, മറ്റെല്ലാ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഘടകങ്ങളും ചേർന്നുണ്ടായ മാറ്റമാണ്. അന്ന് മലയാള സിനിമയിലെ ഏറ്റവും വിലയുള്ള നടന്മാരെത്തന്നെ അതിനു വേണ്ടി വന്നു എന്നുള്ളത് അവരുടെ നിയോഗമാണ്. വിപണി സാധ്യതകൾക്കനുസരിച്ചു അവർക്ക് സ്വയം മാറേണ്ടിയും മാറ്റേണ്ടിയും വന്നു. അങ്ങനെ അവർ വലിയ നടന്മാരിൽ നിന്നും സൂപ്പർ മെഗാ താരങ്ങളായി മാറി.

ഇതേ സിനിമകൾ ടീവിയിൽ പ്രക്ഷേപണം ചെയ്തു തുടങ്ങിയപ്പോൾ, ഇതുവരെയും തീയേറ്ററിൽ സിനിമ 

കാണാത്തവർക്കും സിനിമ കാണാമെന്നായി. അങ്ങനെ ഈ താരങ്ങളുടെ റീച് അതുവരെയുള്ളതിന്റെ ഇരട്ടിയായി. ഈ ടീവി കണ്ടു വളർന്ന ഇന്നത്തെ ഇരുപതുകളിലും മുപ്പതുകളിലുമുള്ള തലമുറയുടെ കൺകണ്ട ദൈവമായി ഇവർ മാറി.

എന്നാൽ പലർക്കും ഇതിനകം മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഒരു അഡിക്ഷനോ ഫിക്സേഷനോ ഒക്കെയായി മാറി. ശരിക്കുള്ള മോഹൻലാലിനോടോ മമ്മൂട്ടിയോടോ ഉള്ള വർഷിപ് എന്നതിൽ കവിഞ്ഞ് അവരുടെ ഈ ഹീറോയിക് വേഷങ്ങളുടെ ആകെത്തുകയെയാണ് അവർ ആരാധിക്കുന്നത്. ഈ കഥാപാത്രങ്ങളൊക്കെ സമൂഹത്തിൽ കടത്തിവിട്ട ടോക്സിക് മാസ്കുലിനിറ്റി ചെറുതൊന്നുമല്ല.

അതിനു മുകളിൽ ഒരു അഭിരുചി വളർച്ച സംഭവിക്കാത്തവർ, അവരിൽ ഇന്നും മെന്റലി സ്റ്റക്കായി നിൽക്കുന്നവർ ലക്ഷോപലക്ഷം വരും. അവർ പിന്നീട് സിനിമക്കാരായപ്പോൾ പോലും അവരുടെ സിനിമകളിൽ മോഹൻലാൽ മമ്മൂട്ടി ഇൻഫ്ലുവെൻസ് ഉണ്ടായിത്തുടങ്ങി. ചിലർ അത് തന്നെ കഥയുമാക്കി. ചിലർ അവരുടെ പേര് തന്നെ സിനിമയ്ക്കുമിട്ടു. അതിനകത്തു അങ്ങനെ പാട്ടുകളുമുണ്ടാക്കി. ഏതാണ്ട് മുപ്പതു വർഷം മുൻപ് തുടങ്ങിയ പ്രോസസിന്റെ ഫലമായുള്ള അഡിക്ഷൻ അങ്ങനെ പല രീതിയിൽ പുറത്തുവരാൻ തുടങ്ങി. ഇന്നും അത് തുടരുന്നു.

ഇതിപ്പോൾ പറയാൻ കാരണം മാമാങ്കവും ലൂസിഫർ രണ്ടും കൂടി വീണ്ടും ഈ താരാഘോഷ മാനിയയെ ഇനിയും വലുതാക്കുന്നുണ്ട് എന്ന് കണ്ടാണ്. ഫേസ്‌ബുക്കിലെ പ്രമുഖ സിനിമാ ഗ്രൂപ്പുകൾ ഉൾപ്പടെ നായക ആഘോഷ കേന്ദ്രങ്ങളാണ്. ലൂസിഫർ 2 വരുന്നു എന്ന് ഒരു മാത്രം പറയുന്ന പത്തു പോസ്റ്റുകൾ കാണും. മാമാങ്കത്തിന്റെ പോസ്റ്റർ ഇറങ്ങിയാൽ അത് മാത്രം ഇടുന്ന പതിനഞ്ചു പോസ്റ്റ് കാണും. മമ്മൂട്ടിയുടെ മുപ്പത്തഞ്ചു വർഷത്തെ ശരീരവ്യത്യാസം അളക്കുന്ന പോസ്റ്റ്, മോഹൻലാലിൻറെ കണ്ണും മൂക്കും മുടിയും അഭിനയിക്കുമെന്ന് വാഴ്ത്തുന്ന പോസ്റ്റ്, അങ്ങനെ സഹിക്കാവുന്നതിന്റെ സകല പരിധിയും വിട്ടാണ് ഇന്നത്തെ താരാഘോഷ കസർത്തുകൾ. അതും മലയാളത്തിൽ മാത്രമല്ല ഇംഗ്ലീഷിലും സഹിക്കണം. ഒരുപക്ഷെ ഇത്രയും വാഴ്ത്തിപ്പടലുകൾ ഇല്ലായിരുന്നെങ്കിൽ ഇന്ന് കാണുന്നതിലും എത്രയോ ഭേദപ്പെട്ട സൃഷ്ടികൾ അവരുടെ പേരിലുണ്ടായേനെ.

ഉണ്ട നല്ല സിനിമയാണ് എന്ന് കേൾക്കുന്നു, മമ്മൂട്ടി നന്നായെന്നും കേൾക്കുന്നു. അതുകേൾക്കേണ്ട താമസം കുറച്ചുകാലമായി പെൻഡിങ്ങിൽ ഉള്ള മമ്മൂട്ടി സ്തുതി വീണ്ടും പൊടിതട്ടിയെടുക്കപ്പെടുന്നു. മോഹൻലാൽ സ്തുതി അല്ലെങ്കിൽ തന്നെ അതിന്റെ എല്ലാ പരിധിയും ലംഘിച്ചു നിൽക്കുകയാണ്. സിനിമയുടെ കാര്യം പറയുമ്പോൾ ഒരു നടൻ സിനിമയെക്കാളും വളർന്നു നിൽക്കുന്നത് സിനിമയെന്ന സങ്കേതത്തിന് ഒട്ടും നല്ലതല്ല. ചർച്ചയാവേണ്ടത് സിനിമയാണ്, അതിന്റെ ക്രാഫ്റ്റാണ്.

പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, പ്രേക്ഷകർ വളരാതെ താരങ്ങൾ മാറും എന്ന് പ്രതീക്ഷിക്കുന്നത് തന്നെ തെറ്റാണ്. അവരെ കണ്ണുമടച്ചു ആഘോഷിക്കാൻ ആളുകളുള്ളപ്പോൾ അവരെന്തിനു വേണ്ടെന്നു വെയ്ക്കണം. അതിനെ കടിഞ്ഞാണിടാൻ ഈ താരങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നതാണ് സത്യം. അവർ പോലും മറ്റൊരു തരത്തിൽ പറഞ്ഞാൽ അവരുടെ സ്റ്റാർഡത്തിന്റെ ഇരകളാണ്.

ഈ കൂട്ടത്തിനു ആഘോഷിക്കാൻ കാരണങ്ങൾ കൊടുത്തുകൊണ്ടേ ഇരിക്കേണ്ടത് അവരുടെ ഗതികേട് കൂടിയാണ്. അല്ലെങ്കിൽ ഇവർ അവർക്കെതിരെ തന്നെ തിരിഞ്ഞേക്കാം. അങ്ങനെ അവരിൽ ഇനിയും മരിച്ചിട്ടില്ലാത്ത, അല്പജീവനായ ബാക്കിയുള്ള നടനെക്കൂടി കൊല്ലുമ്പോൾ ഇവർക്ക് സമാധാനമാകുമായിരിക്കും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...