ടൊവീനോ പരിചയക്കാരനെപ്പോലെ; ആ സിനിമ ചെയ്യാത്തതിൽ നിരാശയില്ല; ട്രിപ്പിള്‍ വരവ് കാത്ത് അഹാന

ahana-tovino-luca
SHARE

സിനിമയിൽ അഞ്ചു വർഷം പ്രായം, അഞ്ചാം വർഷമിറങ്ങുന്നത് മൂന്നാമത്തെ ചിത്രം. പക്ഷേ, അതിലേറെ കണ്ടുപരിചയിച്ച മുഖമാണ് മലയാളികൾക്ക് അഹാന കൃഷ്കുമാർ. ബിഗ് സ്ക്രിനിലും മിനി സ്ക്രീനിലും വർഷങ്ങളുടെ തഴക്കമുള്ള കൃഷ്ണകുമാറിന്‍റെ മകളോടുള്ള സ്നേഹമുണ്ട്, കഥ പറയുന്ന, ആഴമുള്ള ആ കണ്ണുകളോടുള്ള ഇഷ്ടമുണ്ട് പ്രേക്ഷകരിൽ പലർക്കും. 

സിനിമയിലെത്തിയതിന്‍റെ അ‍ഞ്ചാം വർഷം അഹാന അഭിനയിച്ച മൂന്നു സിനിമകളാണ് ഒന്നിനു പിറകേ ഒന്നായി റിലീസിനെത്തുന്നത്– ടൊവീനോ നായകനായ ലൂക്ക, ശങ്കർ രാമകൃഷ്ണൻറെ സംവിധാനത്തിലൊരുങ്ങിയ പതിനെട്ടാംപടി, സണ്ണി വെയ്ൻ നായകനായ പിടികിട്ടാപ്പള്ളി. ലൂക്കായിലെ ഗാനം ഇതിനോടകം ഹിറ്റ് ചാര്‍ട്ടിൽ ഇടം നേടിക്കഴിഞ്ഞു. ''ചില കാര്യങ്ങൾ വിധിച്ചതുപോലെ നടക്കുമെന്ന് പറയാറില്ലേ. അതുപോലെ തന്നെയാണ് ഞാനിതും കാണുന്നത്'', ട്രിപ്പിള്‍ നേട്ടത്തെക്കുറിച്ചു ചോദിച്ചാൽ അഹാനക്ക് ആദ്യം പറയാനുള്ളത് ഇതാണ്. 

ലൂക്കായുടെ നിഹാരിക

ലൂക്കായിൽ ടൊവീനോയുടെ നായികയായി 'നിഹാരിക' ആയാണ് അഹാന എത്തുന്നത്. ''ടൊവീനോയുമൊത്തുള്ള അഭിനയം വളരെ എളുപ്പമായിരുന്നു. വലിയ ഒരു താരത്തോട് സംസാരിക്കുന്നതു പോലെ ആയിരുന്നില്ല. ഒരു പരിചയക്കാരനോടു സംസാരിക്കുന്നതു പോലെ. ആദ്യ ദിവസം മുൻപേ നമുക്ക് ഡയലോഗ് ഒന്നു പറഞ്ഞുനോക്കിയാലോ എന്ന് ഇങ്ങോട്ടു പറഞ്ഞു. അങ്ങനെ മിക്ക രംഗങ്ങളും ടേക്ക് പോകുന്നതിനു മുന്‍പേ ഞങ്ങൾ മൂന്നുനാലു തവണ സ്വയം പറഞ്ഞുനോക്കിയിരുന്നു. രണ്ടുപേർക്കും കഥാപാത്രത്തക്കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു. സംവിധാ‌യകനും ഞങ്ങളെ  ഫ്രീ ആയി വിട്ടു. പാട്ട് ഏതായാലും ഹിറ്റ് ആയി. ഇനി സിനിമയിൽ ഞങ്ങളുടെ കെമിസ്ട്രി ആളുകൾക്കിഷ്ടപ്പെട്ടാൽ സന്തോഷം'', അഹാന മനോരമ ന്യൂസ്.കോമിനോട് സന്തോഷം പങ്കുവെച്ചു.

ലൂക്ക 2017 ൽ ഓകെ പറഞ്ഞതാണ്. ടൊവീനോ മറ്റു ചില സിനിമകളുടെ തിരക്കിലായിരുന്നു. പ്രൊഡ്യൂസറും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ചിത്രം നീണ്ടുപോയത്. 

luca-2

അതിഥിതാരമെന്നു കേട്ടപ്പോൾ ഞെട്ടൽ, പിന്നെ പ്രിയമായ ആനി

ഒരു വിവാഹച്ചടങ്ങിനിടെ ശങ്കർ സാറിനെ (ശങ്കര്‍ രാമകൃഷ്ണന്‍) കാണാനിടയായി. അദ്ദേഹമാണ് പതിനെട്ടാം പടിയുടെ ഒരു ക്യാംപ് നടക്കുന്നുണ്ടെന്നു പറഞ്ഞതും അതിൽ പങ്കെടുക്കാനും ക്ഷണിച്ചത്. ആദ്യം എനിക്ക് നല്ല ചമ്മലായിരുന്നു. ഈ ഒന്നരസിനിമ വെച്ച് എന്തു െചയ്യാനാണ് എന്ന ചിന്തയായിരുന്നു ഉള്ളിൽ. അവിടെ വന്നിരിക്കുന്ന പുതുമുഖങ്ങളും ഞാനും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. പിന്നെ വിളിച്ചതല്ലേ ചെല്ലാം എന്നു കരുതി. മാത്രമല്ല, എനിക്കറിയാവുന്ന കുറേ ആളുകൾ ആ സിനിമയുടെ ഭാഗമായിരുന്നു. ക്യാംപിൽ പങ്കെടുക്കുമ്പോഴും ആ സിനിമയിൽ ഒരു അവസരം ലഭിക്കുമെന്ന് കരുതിയില്ല.

ഷൂട്ടിങ്ങ് തുടങ്ങിക്കഴിഞ്ഞൊരു ദിവസം ശങ്കർ സാർ വിളിച്ച് ആനി എന്നു പറയുന്ന റോൾ ഉണ്ട്. അതിഥിവേഷമാണ് എന്നു പറഞ്ഞു. അതിഥിവേഷമൊക്കെ വലിയ നടീനടൻമാര്‍ ചെയ്യുന്നതല്ലേ, പുതുമുഖമായ ഞാൻ ചെയ്താൽ എങ്ങനെയായിരിക്കും ആളുകൾ സ്വീകരിക്കും എന്ന ആശങ്കയായിരുന്നു ഉള്ളിൽ. ആ തോന്നൽ ശങ്കർ സാറിനോട് പറയുകയും ചെയ്തു. പിന്നീട് കഥാപാത്രത്തെ കുറിച്ച് അദ്ദേഹം കൂടുതൽ വിശദീകരിച്ചപ്പോൾ വേണ്ടെന്നു വെയ്ക്കാൻ തോന്നിയില്ല. അത്രക്കും നല്ല കഥാപാത്രമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്ന ആനി. പിന്നെ വലിയൊരു ടീം. 

സിനിമ ഒകെ പറയുന്ന സമയത്ത് മമ്മൂട്ടി സാർ ഇതിൽ അഭിനയിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല. ഷൂട്ടിങ്ങ് തുടങ്ങിയ ശേഷമാണ് അതിഥിവേഷത്തിൽ അദ്ദേഹവുമുണ്ട് എന്ന കാര്യം അറിയുന്നത്. ഞങ്ങൾ തമ്മില്‍ കോംപിനേഷൻ സീനുകള്‍ ഒന്നുമില്ല. പക്ഷേ, ലൊക്കേഷനിൽ വെച്ച് ആ അടിപൊളി ഗെറ്റപ്പിൽ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. വിധിയിൽ ഒക്കെ വിശ്വാസം കൂട്ടിയ സംഭവമായിരുന്നു പതിനെട്ടാംപടി. ഞാൻ ചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും സ്പെഷ്യൽ ആണ് ആനി. 

സ്റ്റീവ് ലോപ്പസിൽ നിന്ന് ലൂക്കായിലെത്തുമ്പോള്‍....

ആദ്യസിനിമയിലുണ്ടായിരുന്ന ചമ്മലും നാണവും ഒന്നും ഇപ്പോള്‍ ഇല്ല. വലിയ നടിയായി എന്നല്ല, പഠിച്ചുകൊണ്ടേ ഇരിക്കുകയാണ്. പക്ഷേ, ഇപ്പോൾ ആത്മവിശ്വാസം കൂടിയിട്ടുണ്ട്. ഇതു ശരിയാകുമോ എന്ന ആശങ്കയൊന്നുമില്ല. അതിനപ്പുറത്തേക്ക് പറയേണ്ടത് പ്രേക്ഷകരാണ്. വീട്ടിൽ നല്ല കാര്യങ്ങൾ പറയാറുണ്ട്. വിമർശിക്കാറുമുണ്ട്. നല്ലതുപറഞ്ഞാൽ അത് ഞാൻ തലയിൽ കേറ്റിവെച്ച് നടക്കുമോ എന്ന പേടിയൊന്നും അവർക്കില്ല. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' കണ്ടതിനു ശേഷം അവർ പറഞ്ഞത് ഞാൻ അഭിനയിക്കുകയാണ് എന്ന് തോന്നിയില്ല എന്നാണ്. അതൊരു നല്ല കാര്യമായിത്തോന്നി. 

luca-1

സിനിമാകുടുംബവും കരിയറും 

അവസരങ്ങൾ ലഭിക്കുന്നതിൽ അതൊരു ഘടകമല്ല. അങ്ങനെയാണെങ്കിൽ ആദ്യസിനിമ ചെയ്തതിൻറെ അഞ്ചാം വർഷം മൂന്നാമത്തെ സിനിമയാകില്ലല്ലോ ഇറങ്ങുക. പക്ഷേ കൃഷ്ണകുമാറിന്‍റെ മകൾ എന്ന സ്നേഹം ആളുകൾക്ക് എന്നോടുണ്ട്. മിനി സ്ക്രീനിൽ അഭിനയിക്കുന്നവരോട് ആളുകൾക്കൊരു പ്രത്യേക അടുപ്പമില്ലേ? ആ ഇഷ്ടം അച്ഛനോടും മകളായ എന്നോടുമുണ്ട്. കൂടുതലും പ്രായമുള്ള ആളുകളാണ് തിരിച്ചറിയുന്നത്. 

അച്ഛൻറെ കരിയറിൽ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. അതൊക്കെ കുഞ്ഞായിരുന്നപ്പോൾ മുതൽ കാണുന്നതാണ്. അതുകൊണ്ടുതന്നെ സിനിമ തരുന്ന സന്തോഷങ്ങളും സമ്മര്‍ദങ്ങളും പ്രതിസന്ധികളുമൊക്കെ നന്നായി അറിയാം. സിനിമ എൻറെ ജീവിതമല്ല, ജീവിതത്തിൻറെ ഒരു ഭാഗം മാത്രമാണ്. ആ തിരിച്ചറിവുണ്ട്. 

ആദ്യവരവും നിയോഗം

സിനിമയിലേക്കുള്ള വരവ് സംഭവിച്ചതാണ്. ഏതോ മാഗസിനിൽ ഫോട്ടോ കണ്ടാണ് രാജിവ് രവി സാർ വിളിച്ചത്. അതും നിയോഗം പോലെ എത്തിയതായിരുന്നു. സ്റ്റീവ് ലോപ്പസിൽ അഭിനയിക്കുന്നതു മുൻപ് അതുമായി ബന്ധപ്പെട്ട യാതൊന്നും ചെയ്തിട്ടില്ല. പക്ഷേ അതിനുശേഷം അഭിനയം ഇഷ്ടപ്പെട്ടു തുടങ്ങി. പിന്നീട് മറ്റേതൊരാളും ചെയ്യുന്നതു പോലെ ഓഡിഷനുകൾക്കു പോകാനും അവസരങ്ങൾ അന്വേഷിക്കാനും തുടങ്ങി. 

ആ ഫഹദ് ചിത്രം

അന്നയും റസൂലിൽ നായികയാകാൻ ആദ്യം സമീപിച്ചത് അഹാനയെ ആയിരുന്നു. വിളിച്ചപ്പോള്‍ എട്ടാം ക്ലാസിലായിരുന്നു. പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് സിനിമ ഇറങ്ങിയത്. പക്ഷേ അതോർത്ത് യാതൊരു നഷ്ടബോധവും ഇല്ലെന്ന് അഹാന പറയുന്നു. അന്ന് ഒരു ഫഹദ് ചിത്രത്തിലേക്ക് വിളിച്ചല്ലോ എന്ന സന്തോഷമൊക്കെ ഉണ്ടായിരുന്നു. അതിനപ്പുറത്തേക്കൊന്നും ആ സമയത്ത് ചിന്തിച്ചിരുന്നില്ല. പിന്നീട്, ഇപ്പോൾ ആ റോൾ കിട്ടിയിരുന്നെങ്കിലെന്ന് വെറുതേ ആഗ്രഹിച്ചിട്ടുണ്ട്. ആ സിനിമ ഇന്നിറങ്ങിയാലും ആളുകൾക്ക് ഇഷ്ടപ്പെടും. അതല്ലാതെ നിരാശയൊന്നുമില്ല. 

കണ്ണുകളും അഭിനയവും

കണ്ണുകൾ ഭംഗിയുള്ളതാണെന്ന് ആളുകൾ പറയുമ്പോ അതിന് നന്ദി പറയുന്നതല്ലാതെ ഇതെങ്ങനെ അഭിനയത്തിലും ഫോട്ടോ ഷൂട്ടിലുമൊക്കെ ഉപയോഗിക്കാം എന്ന് അറിയില്ലായിരുന്നു. ഇത്ര വലിയ കണ്ണുകളാണ് എനിക്കുള്ളതെന്ന് ഞാൻ തന്നെ മനസിലാക്കിയത് പിന്നീടാണ്. അതെങ്ങനെ ഉപയോഗിക്കാമെന്ന് പഠിച്ചുവരുന്നതേ ഉള്ളൂ. കുറച്ചു സിനിമകൾ ചെയ്യുമ്പോൾ അത് പഠിക്കുമെന്നാണ് വിശ്വാസം. നല്ല സംവിധായകർക്കും അഭിനേതാക്കൾക്കുമൊക്കെ അത് പറഞ്ഞുതരാനുമാകും. 

കണ്ണ് ഇടക്കിടെ അടച്ചുതുറക്കുന്ന സ്വഭാവമുണ്ട്. അങ്ങനെ ചെയ്യരുതെന്നും ഈ വലിയ കണ്ണുകൾ ഇടക്കിടെ അടച്ചുതുറക്കുന്നത് സ്ക്രീനിൽ കാണുമ്പോൾ ബോറായിരിക്കുമെന്നൊക്കെ പറഞ്ഞുതന്നത് ശങ്കർ സാറാണ്.

ഡ്രീം റോൾ

ഞാനല്ലാത്ത, എന്നോട് യാതൊരു വിധത്തിലും ബന്ധമില്ലാത്ത, എന്നെക്കൊണ്ട് ഒരിക്കലും ചെയ്യാൻ പറ്റില്ല എന്നു തോന്നുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. പ്രത്യേകിച്ച് എടുത്തുപറയാനാണെങ്കിൽ ഒരു കായികതാരത്തിൻറെ റോൾ അവതരിപ്പിക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. സിനിമയിൽ തുടരാനാകും, ഇനിയും കഥാപാത്രങ്ങൾ തേടിയെത്തും എന്നു തന്നെയാണ് പ്രതീക്ഷ. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...