‘രാത്രി തെണ്ടി നടക്കുന്ന സകല അവളുമാരും കുഴിയിൽ ചാടും’; ‘ഇഷ്കി’നെക്കുറിച്ച് കമന്റ്; മറുപടി

‘പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന  സകല അവളുമാരും എവിടേലും കുഴിയിൽ ചെന്ന് വീഴും.. എന്നിട്ട് ഫെമിനിസം മറ്റേത് എന്ന് പറഞ്ഞിറങ്ങും..’ ഇത് എനിക്ക് കിട്ടിയ അവാർഡാണ്. കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്.. ആദ്യ ചിത്രത്തിന് കിട്ടിയ മഹത്തായ പുരസ്കാരം പങ്കുവച്ച് ഇഷ്ക് എന്ന സിനിമയുടെ സംവിധായകൻ അനുരാജ് മനോഹർ ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിത്. ഇൗ തെറിവിളി തന്നെയാണ് സിനിമയ്ക്ക് കിട്ടിയ വലിയ പുരസ്കാരമെന്നും സദാചാരക്കാർക്ക് കൊള്ളുന്നുണ്ടെന്നും അനുരാജ് വ്യക്തമാക്കുന്നു. കേരളത്തിലെ സദാചാര പൊലീസിങ്ങിന്റെ കഥ പറയുന്ന ചിത്രമാണ് ഇഷ്ക്. ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. കപട സദാചാരബോധവുമായി നടക്കുന്ന ഒരുകൂട്ടം ആളുകളെ കർശനമായി വിമർശിക്കുന്നു ഇഷ്ക്. 

ഇഷ്ക് ഒരു പ്രണയകഥയല്ല.. എന്ന ചിത്രത്തിന്റെ ടാഗ്​ലൈനിനോട് അങ്ങേയറ്റത്തെ ആത്മാർഥ കാണിച്ചിട്ടുണ്ട് സംവിധായകനും തിരക്കഥാകൃത്തുമെന്നാണ് പടം കണ്ടിറങ്ങിയവരുടെ പ്രതികരണം. പ്രണയം അല്ലാെത ഇഷ്ക് എന്താണെന്ന് ചോദിച്ചാൽ ചിലരുടെ ചൊറിച്ചിലിനുള്ള മരുന്നാണെന്ന് പറയാം. ഇൗ ടാഗ്​ലൈനും കൊള്ളേണ്ടിടത്ത് കൊണ്ടു എന്ന് സംവിധായകൻ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.  

മലയാളിയുടെ മുഖത്തോട് ചേർത്ത് പിടിച്ച കണ്ണാടിയാണ് ഇഷ്ക്. സച്ചിതാനന്ദൻ എന്ന ഷെയ്നിന്റെ കഥാപാത്രം ബഹുഭൂരിപക്ഷം കാമുകൻമാരുടെയും പ്രതിനിധിയാണ്. . ഷൈൻ ടോം ചാക്കോയുടെ ഗംഭീര പ്രകടനം ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. നായികയായ വസു എന്ന കഥാപാത്രത്തെ ആൻ  മികച്ച കയ്യടക്കത്തോടെ ഗംഭീരമാക്കി. തുടക്കത്തിൽ പ്രണയം കണ്ണിലാണെന്ന് പറയാൻ പ്രേരിപ്പിച്ച വസുവിന്റെ കഥാപാത്രം ക്ലൈമാക്സിൽ പ്രണയം ഉറച്ച നിലപാടുകളിലാണെന്ന് പറഞ്ഞുവയ്ക്കുന്നു.