ആശുപത്രിയിൽ പോകാമെന്ന് വിനു; വേണ്ടെന്ന് ഞാൻ; ഒരു തവണ മരിച്ചു: അനുഭവം

sreenivasan-11-05
SHARE

പ്രായമായതുകൊണ്ട് അധികം റോളുകള്‍ ലഭിക്കുന്നില്ലെന്ന് നടൻ ശ്രീനിവാസൻ. താൻ ഒരു തവണ മരിച്ചെന്നും ഇത് രണ്ടാം ജന്മമാണെന്നും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞു. 

''എനിക്ക് വയസ്സായതുകൊണ്ട് അധികം റോളുകൾക്കൊന്നും ആളുകൾ എന്നെ വിളിക്കുന്നില്ല. സിനിമയിൽ അഭിനയിക്കുന്ന ആളുകൾക്ക് അവരുടെതായ ഒരു സമയമുണ്ട്. എന്റെ പ്രായത്തിലുള്ള റോളുകൾ സിനിമയിലുണ്ടാകണം. അതാണ് പ്രധാനം. സിനിമയിൽ നായകൻ എന്നു പറയുമ്പോൾ കഥ എഴുതുന്നവരുടെ മനസ്സിൽ വരുന്നത് യുവാക്കളാണ്. എന്റെ കുഴപ്പമെന്നോ ആളുകളുടെ കുഴപ്പമെന്നോ അല്ല ഞാൻ പറയുന്നത്. ഇതൊരു സത്യമാണ്.

വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തില്‍ ശ്രീനിവാസൻ എത്തുന്നുണ്ട്. ചിത്രത്തിന്റെ സെറ്റിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെക്കുറിച്ച് ശ്രീനിവാസൻ പറയുന്നതിങ്ങനെ: ''തലേദിവസം ഡബ്ബ് ചെയ്തത് പൂർത്തിയായില്ല. ബാക്കി വന്നത് ചെയ്യാൻ അടുത്ത ദിവസം വീണ്ടും സ്റ്റുഡിയോയിൽ പോയി. ഒന്നാം നിലയിൽ ആയിരുന്നു. സംസാരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ എനിക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നി. പണ്ട് ഞാൻ നന്നായി പുക വലിച്ചിരുന്നു. അതാണ് കുറെ പ്രശ്നങ്ങൾക്ക് കാരണം. 

''ശ്വാസംമുട്ടൽ തുടങ്ങിയപ്പോൾ സംവിധായകൻ വിനു എന്നോടു പറഞ്ഞു, ആശുപത്രിയിൽ പോകാമെന്ന്. ഇതിപ്പോ ശരിയാകും, ആശുപത്രിയിലൊന്നും പോകണ്ട എന്ന് ഞാൻ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോഴേക്കും വിനുവും മറ്റു ചിലരും ചേർന്ന് എന്നെ എടുത്ത് കാറിൽ കയറ്റി. ലാൽ മീഡിയ എന്ന സ്റ്റുഡിയോയിൽ നിന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലുള്ള ചില കാഴ്ചകൾ മാത്രമെ എനിക്ക് ഓർമയുള്ളൂ. പിന്നെ എനിക്ക് ബോധം വരുന്നത് 24 മണിക്കൂറിന് ശേഷമാണ്.

'' ആ 24 മണിക്കൂറിൽ എന്തും സംഭവിക്കാമായിരുന്നു. മരണം കഴിഞ്ഞു എന്നു വേണമെങ്കിൽ പറയാം. നെഞ്ചത്ത് സിപിആർ എന്ന പരിപാടി ചെയ്തിട്ടാണ് ജീവൻ തിരികെ കൊണ്ടുവന്നതെന്ന് പറയുന്നു. എനിക്കൊന്നും ഓർമയില്ല. നെഞ്ചത്ത് നല്ല വേദനയുണ്ടായിരുന്നു. ഒരു കാര്യം മനസിലായി, മരിക്കാൻ പ്രത്യേകിച്ച് കഴിവൊന്നും ആവശ്യമില്ല. ഏതു മണ്ടനും എത്ര വേഗം വേണമെങ്കിലും മരിക്കാം''- ശ്രീനിവാസൻ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE