തിരക്കഥ പാതിയിലാക്കി ഭര്‍ത്താവ് പോയി; ബാക്കിയെഴുതി സിനിമയാക്കി ആശ: അഭിമുഖം

asha-prabha
SHARE

അകാലത്തിലെ ഭർത്താവിന്റെ വേർപാട് ഏതൊരു സ്ത്രീക്കും താങ്ങാവുന്നതിലധികമാണ്. പിന്നീട് ഒറ്റപ്പെടലിന്റെ നാളുകളാകും. ഭാര്‍ത്താവ് വിട്ടുപോയപ്പോള്‍ മറ്റൊരു പ്രണയം കനത്തു. ആ  പ്രണയം സിനിമയോടാണെങ്കിലോ?..അതെ, നവാഗത വനിതാ സംവിധായികയായ ആശ പ്രഭ സംവിധാനം ചെയ്ത് പ്രദൻശനത്തിനെത്തുന്ന ' 'സിദ്ധാർത്ഥൻ എന്ന ഞാൻ' അങ്ങനെ പിറന്ന സിനിമയാണ്. സിനിമയെ ഒരു പോലെ പ്രണയിച്ച ദമ്പതികളായിരുന്നു സംവിധായകനായിരുന്ന നന്ദകുമാർ കാവിലും ആശ പ്രഭയും. മഴനൂൽക്കനവുകൾ, മാന്ത്രിക വീണ, യു കാൻ ഡു എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് നന്ദകുമാർ കാവിൽ. 2016-ലാണ് നന്ദകുമാർ മരിക്കുന്നത്. നന്ദകുമാർ പകുതി പൂർത്തിയാക്കിയ തിരക്കഥ സിനിമയാക്കിയിരിക്കുകയാണ് ആശ പ്രഭ. സിനിമയുടെ വിശേഷങ്ങളും പ്രതീക്ഷകളും ആശപ്രഭ മനോരമ ന്യൂസ് ഡോട് കോമിനോട് പങ്കുവച്ചു.

തന്റെ 16 വർഷക്കാലമായുള്ള സിനിമയോടുള്ള അഭിനിവേശമാണ്, സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്ക്കരിച്ചിരിക്കുന്നതെന്നാണ് ആശപ്രഭ പറയുന്നത്. വർഷങ്ങളായി സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നു. 2001-ൽ വിവാഹം കഴിഞ്ഞത് മുതൽ ഭർത്താവിന്റെ കൂടെ ചേർന്ന് ചില സിനിമകളിൽ പ്രവർത്തിച്ചു. അതിനിടെയാണ് ഈ സിനിമയുടെ കഥ നന്ദകുമാർ എഴുതുന്നത്. കഥയെഴുതിയതും തിരക്കഥ പകുതിയോളം എഴുതിയതും ഇരുവരും ഒരുമിച്ചായിരുന്നു. പെട്ടെന്നാണ് ജീവിതത്തിലേക്ക് ആ ദുരന്തം കടന്നു വന്നത്. 2016-ൽ നന്ദകുമാർ അന്തരിച്ചു. ഹൃദയസ്തംഭനമായിരുന്നു കാരണം. അതോടെ ജീവിതത്തിൽ ആശയും രണ്ട് കുട്ടികളും തനിച്ചായി. പക്ഷേ ആശ തളർന്നില്ല. ഭർത്താവിന്റെ സ്വപ്നം നിറവേറ്റുക, അതോടൊപ്പം സംവിധായിക ആകുക എന്ന സ്വന്തം ആഗ്രഹവും സഫലമാക്കാനായി പകുതി എഴുതിവച്ച തിരക്കഥ ആശ തന്നെ  പൂർത്തിയാക്കി സിനിമ സംവിധാനം ചെയ്യാനൊരുങ്ങി. മൂന്നു വർഷം മുന്‍പ് എഴുതിയ തിരക്കഥയിൽ കാലാനുസൃതമായ ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ആശ പറയുന്നു.

'തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലെ പൊലീസ് കഥാപാത്രത്തിലൂടെ സുപരിചിതനായ സിബി തോമസാണ് ചിത്രത്തിൽ നായകനായെത്തുന്നത്. പുതുമുഖമായ അതുല്യ പ്രമോദാണ് നായിക. നാട്ടിൻപുറത്തുകാരന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ദിലീഷ് പോത്തനും ഇന്ദ്രൻസും അഭിനയിക്കുന്നുണ്ട്.  പൊലീസ് വേഷത്തിലല്ലാതെ സിബി എത്തുന്ന ചിത്രമാണിത്. ദിലീഷ് പോത്തനെ സിനിമയിലെത്തിയ കാലം മുതൽ പരിചയമുണ്ട്. ആ സ്നേഹബന്ധത്തിന്റെ പുറത്താണ് ഈ സിനിമയിൽ സഹകരിച്ചത്. 

2001-ൽ ആശയും ഭർത്താവും ചേർന്ന് ചെയ്യാനിരുന്ന സിനിമ മുടങ്ങിപ്പോയിരുന്നു. പക്ഷേ അന്ന് മുതൽ ഇന്ദ്രൻസിനെ പരിചയമുണ്ട്. ഈ സിനിമയിലേക്ക് ക്ഷണിച്ചപ്പോൾ വളരെ താൽപ്പര്യത്തോടെ വന്നു. നല്ല വേഷമാണ് ഇന്ദ്രൻസിന്റേത്. സിനിമയുടെ കഥാഗതി നിയന്ത്രിക്കുന്ന നിർണായകമായ കഥാപാത്രമാണ്. 

സിനിമ ചെയ്യുമ്പോഴുണ്ടായ ചെറിയ പ്രതിസന്ധിയെക്കുറിച്ചും ആശ പറഞ്ഞു. 'ആദ്യം സിനിമയ്ക്ക്് ഒരു നിർമാതാവ് ഉണ്ടായിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് അയാളെ ഒഴിവാക്കേണ്ടി വന്നു. പിന്നീട് എന്റെ അച്ഛനാണ് സിനിമ നിർമ്മിക്കാമെന്ന് ഉറപ്പ് നൽകി മുന്നോട്ട് വന്നത്. അങ്ങനെ യശോദരാജ് മൂവീസ് എന്ന ബാനറില്‍ അച്ഛൻ പ്രഭാകരൻ നായരാണ് സിനിമ നിർമ്മിച്ചത്. എന്തായാലും ഈ സിനിമ ചെയ്യണം എന്ന എന്റെ ആഗ്രഹത്തിന് തുണയായി മാതാപിതാക്കളും നല്ല സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു. കോഴിക്കോടുള്ള ഒരുപിടി നല്ല സുഹൃത്തുക്കളാണ് എല്ലാത്തിനും പ്രചോദമനായത്'. 

'സിനിമയിലെ അണിയറപ്രവർത്തകരെല്ലാം സുഹൃത്തുക്കളാണ്. കാമറാമാൻ സാബു ജെയിംസ് വളരെയധികം സഹായിച്ചു. തനിക്ക് അതുകൊണ്ട് തന്നെ വളരെയധികം സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഈ സിനിമയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അഭിനേതാക്കളെല്ലാം സ്വന്തമായാണ് മേക്ക് അപ്പ് ചെയ്തിരിക്കുന്നത്. പുതിയ പരീക്ഷണമായിരുന്നു. അത് വിജയം കണ്ടു. എഡിറ്റർ പ്രവീണും സംഗീത സംവിധായകൻ വിശ്വജിത്തും സുഹൃത്തുക്കളാണ്' . 

കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനിൽ ഡോക്യുമെന്ററി വിഭാഗത്തിന്റെ മേധാവിയാണ് ആശപ്രഭ. അതുകൊണ്ട് തന്നെ കെഎസ്എഫ്ഡിസിയുടെ സഹായവും ലഭിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണമെന്നും സംവിധായിക പറയുന്നു.

മെയ് 17-നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചെറിയ സിനിമകൾക്ക് ലഭിക്കുന്ന അവഗണനയൊന്നും തനിക്ക് ഉണ്ടായിട്ടില്ല. അത്യാവശ്യം തിയറ്ററുകൾ കിട്ടിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം റിലീസ് സെന്ററുകൾ കുറച്ചു. ഒരു നവാഗത വനിതാ സംവിധായിക എന്ന നിലയിൽ തനിക്ക് സഹപ്രവർത്തകരിൽ നിന്നും ഒരുപാട് സഹായം ലഭിച്ചിട്ടുണ്ട്. സ്വന്തം പ്രൊഡക്ഷൻ ആയതുകൊണ്ട് സിനിമയുടെ വിജയം അനിവാര്യമാണ്. അതിനാൽ തന്നെ ഈ കൊച്ചു സിനിമ വിജയിപ്പിക്കണം'. ആശ അഭ്യർഥിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE