അത് ഡ്യൂപ്പല്ല; അമ്പരപ്പിച്ച് മമ്മൂട്ടി; രാജയെ മാസാക്കിയ സീൻ; വിഡിയോ പുറത്ത്

mammootty-raja-making
SHARE

മമ്മൂട്ടിയുടെ ആക്ഷൻ ചിത്രങ്ങളിറങ്ങുമ്പോൾ പലപ്പോഴും സൈബർ ലോകത്തെ ചിലർ ടിനിടോമിനെയും ചേർത്ത് വച്ച് ട്രോളുകൾ ഇറക്കാറുണ്ട്. മമ്മൂട്ടിയുടെ ആക്ഷൻ സീനുകളെല്ലാം ഡ്യൂപ്പിനെ ഉപയോഗിച്ചാണ് ചെയ്യുന്നതെന്ന വാദത്തിന് ദിവസങ്ങൾക്കുള്ളിൽ മറുപടി കൊടുക്കുകയാണ് മധുരരാജയുടെ അണിയറക്കാർ. അമ്പരപ്പിക്കുന്ന ആക്ഷൻ മികവോടെയാണ് മധുരരാജ തിയറ്ററിൽ മുന്നേറുന്നത്. ഇത്തരത്തിലൊരു ആക്ഷൻ സീനിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ വൈശാഖ്.

ഫൈറ്റ് സീനിൽ പ്രായം മറന്നുള്ള മെയ്​വഴക്കത്തോടെ മമ്മൂട്ടി അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. സീനിന് ശേഷം ഒാടി വന്ന് മമ്മൂട്ടിയെ അഭിനന്ദിക്കുന്ന വൈശാഖിനെയും വിഡിയോയിൽ കാണാം. വിഡിയോ പങ്കുവച്ച് നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രത്തിൽ മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിക്കുന്നില്ലെന്ന് മുൻപ് തന്നെ വൈശാഖ് വ്യക്തമാക്കിയിരുന്നു. പീറ്റർ ഹെയ്നിന്റെ ചടുലമായ നീക്കങ്ങൾക്ക് പ്രായം മറന്നുള്ള സമർപ്പണമാണ് മമ്മൂട്ടി മധുരരാജയ്ക്കായി ചെയ്തതെന്ന് ഇൗ സീനുകളിൽ നിന്നും വ്യക്തം. 

മധുരരാജയുടെ ആദ്യദിന കളക്ഷനും അണിയറക്കാർ പുറത്തുവിട്ടിരുന്നു. 9.12 കോടിയാണ് ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ. കേരളത്തിൽ നിന്നു മാത്രം നേടിയത് 4.1 കോടി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 1.4 കോടി. ജിസിസി രാജ്യങ്ങളിൽ നിന്ന് 2.9 കോടി. അമേരിക്കയിൽ നിന്ന് 21 ലക്ഷം. യൂറോപ്പിൽ നിന്ന് 11 ലക്ഷം. മറ്റു രാജ്യങ്ങളിൽ നിന്ന് 30 ലക്ഷം.  പുലിമുരുകന്റെ  വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജ എത്തിയത്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം, തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു. 

MORE IN ENTERTAINMENT
SHOW MORE