‘അവരുടെ പ്രണയമറിയാതെ ഞാന്‍ വിവാഹമോചനം വരെ പറഞ്ഞു’: അജിത്തിനരികെ ഞെട്ടിയ ഓര്‍മ

ajith-shalini
SHARE

തമിഴ് നടൻ അജിത്തും സംവിധായകനും നടനുമായ രമേശ് ഖന്നയും സുഹൃത്തുക്കളാണ്. എന്നാൽ രമേശ് പോലുമറിയാതെയായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും പ്രണയം. അജിത്തും ശാലിനിയും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് അമർക്കളം. രമേശ് ഖന്നയും ചിത്രത്തിൽ അജിത്തിനൊപ്പമുണ്ടായിരുന്നു. അജിത്തിന്റെ പ്രണയരഹസ്യമൊന്നുമറിയാതെ താൻ പറഞ്ഞ അബദ്ധത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രമേശ് മനസ് തുറന്നു. രമേശിന്റെ വാക്കുകളിങ്ങനെ;

അജിത്തും ശാലിനിയും തമ്മിൽ പ്രണയത്തിലാണെന്ന കാര്യമൊന്നും എനിക്ക് ആ ചിത്രത്തിന്റെ സമയത്ത് അറിയില്ലായിരുന്നു. വിവാഹകാര്യത്തെക്കുറിച്ചൊക്കെ പൊതുവായി സംസാരിച്ച കൂട്ടത്തിൽ ഇതൊന്നും അറിയാതെ ഞാൻ അജിത്തിനോട് ഒരു സിനിമ നടിയെ വിവാഹം കഴിക്കരുതെന്ന് പറഞ്ഞു. രണ്ടുപേരും താരങ്ങളായാൽ വിവാഹമോചനത്തിന് സാധ്യതയുണ്ട്, ഒരു സാധാരണ പെൺകുട്ടിയെ വിവാഹം ചെയ്യുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞു. തലകുലുക്കി ചെറുചിരിയോടെ ഇരുന്നതല്ലാതെ അജിത്ത് മറ്റൊന്നും പറഞ്ഞില്ല.

ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച സംവിധായകൻ എന്നെ വിളിച്ചിട്ട് എന്താണ് സംസാരിച്ചതെന്ന് ചോദിച്ചു. നൽകിയ ഉപദേശത്തെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹമാണ് അജിത്തും ശാലിനിയും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുകയാണെന്നും പറഞ്ഞത്. സത്യത്തിൽ അന്ന് ഞെട്ടിയത് പോലെ ജീവിതത്തിൽ ഒരിക്കലും ഞാൻ ഞെട്ടിയിട്ടില്ല– രമേശ് പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE