പാതിരാത്രി ആക്ടീവയെടുത്ത് ഇറങ്ങി; 'കൊലയാളി'ക്കപ്പുറം ഓട്ടോ ശങ്കർ ആരെന്നറിഞ്ഞു: ശരത്

sarath-auto-sarath-10
SHARE

ശരത് ഇന്നും അപ്പാനി രവിയാണ് മലയാളികൾക്ക്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ഒറ്റ കഥാപാത്രത്തിലൂടെയാണ് മലയാളികൾ ശരത്തിനെ ആദ്യം കണ്ടത്. ഇന്നും അപ്പാനി ശരത് എന്നാണ് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്നത്. പിന്നീട് വെളിപാടിന്റെ പുസ്തകം, പൈപ്പിൻ ചുവട്ടിലെ പ്രണയം, പോക്കിരിസൈമൺ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കരിയറിലെ വഴിത്തിരിവെന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രം പ്രേക്ഷകരിലേക്കെത്തുന്നതിന്റെ സന്തോഷത്തിലാണ് ശരത്. തമിഴ്നാടിനെ വിറപ്പിച്ച ഗുണ്ടാത്തലവൻ ഓട്ടോ ശങ്കറിന്റെ ജീവിതം പറയുന്ന വെബ് സീരിസിൽ ശരത് ആണ് ടൈറ്റിൽ റോളിലെത്തുന്നത്. 

അമ്പരിപ്പിക്കുന്ന മേക്ക് ഓവറിലാണ് ട്രെയിലറിൽ ശരത് എത്തിയത്. ഏപ്രിൽ 23നാണ് വെബ് സീരിസ് പ്രേക്ഷകരിലേക്കെത്തുക. ഓട്ടോ ശങ്കർ എന്ന കഥാപാത്രത്തിനെക്കുറിച്ച് സംസാരിക്കുകയാണ് ശരത് മനോരമന്യൂസ് ഡോട്ട് കോമിനോട്. 

അപ്പാനി രവിക്ക് ശേഷം എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന കഥാപാത്രമാണ് ഓട്ടോ ശങ്കർ.  ജീവിച്ചിരുന്ന ഒരാളെ അവതരിപ്പിക്കുക എന്നത് ബുദ്ധിമുട്ടുള്ള, ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രമാണ്. അയാളുടെ പെരുമാറ്റത്തിലെ പ്രത്യേകതകൾ, രൂപം, ഒരു ചെറിയ നോട്ടത്തിൽ പോലും സൂക്ഷ്മമായി നിരീക്ഷിച്ച് ചെയ്തിട്ടുണ്ട്. കുറച്ച് ശരീരമുള്ളയാളാണ് ഓട്ടോ ശങ്കർ. അതുകൊണ്ട് അത്യാവശ്യം നന്നായി വർക്കൗട്ട് ചെയ്തിട്ടുണ്ട്. ആര്‍ക്കും പെട്ടെന്ന് മനസ്സിലാകാത്ത ഒരാളാണ് ശങ്കർ. ചിത്രീകരണവേളയില്‍ പലപ്പോഴും എക്സൈറ്റഡ് ആയിട്ടുണ്ട്. അടുത്ത എപ്പിസോഡിന്റെ ഷൂട്ടിങ് ഓർത്ത് ത്രില്ലടിച്ചിട്ടുണ്ട്. അതേ എക്സൈറ്റ്മെന്റിൽ തന്നെയാണ് ഇപ്പോഴും. 

ആറ് മാസമായി ഷൂട്ടിങ് കഴിഞ്ഞിട്ട്. ഇപ്പോഴും ഓട്ടോ ശങ്കറിൽ നിന്ന് പുറത്തുവരാൻ കഴിഞ്ഞിട്ടില്ല. അധികം സംസാരിക്കാത്ത ഒരാളാണ് ശങ്കർ. ഉറക്കെ പൊട്ടിച്ചിരിക്കും. എപ്പോഴാണ് സ്വഭാവം മാറുക എന്ന് പറയാൻ പറ്റില്ല. ശാന്തനായിരിക്കുന്ന സമയത്ത് പെട്ടെന്ന് അക്രമാസക്തനാകുന്ന പ്രകൃതം. ഇതൊക്കെ ഒരു വർഷമായി ഒപ്പമുണ്ടായിരുന്ന രീതികളാണ്. 

ശങ്കറിന്റെ ഭൂതകാലത്തെക്കുറിച്ചെല്ലാം അന്വേഷിച്ചറിഞ്ഞു, പഠിച്ചു. മദ്രാസിൽ ഒരുകാലത്ത് ഒരു ജോലിയുമില്ലാതെ അലഞ്ഞുനടന്നിരുന്ന ആളാണ് ശങ്കർ. ഒരുനേരത്തെ ഭക്ഷണത്തിന് പോലും വകയില്ലായിരുന്നു. വളരെ ചെറുപ്പത്തിൽ അച്ഛൻ പോയി. അമ്മ മറ്റൊരാൾക്കൊപ്പം പോയി. ഇങ്ങനെയൊരു സാഹചര്യത്തിൽ വളർന്ന ശങ്കറാണ് പിന്നീട് തമിഴ്നാടിനെ വിറപ്പിച്ച ഗുണ്ടാനേതാവായി മാറുന്നത്. 

നൂറുകണക്കിന് സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് അത്തരത്തിലുള്ള രംഗങ്ങളും ചിത്രീകരിക്കേണ്ടി വന്നു. അതെന്നെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. 

രാത്രി ആക്ടീവയെടുത്തിറങ്ങി, ശങ്കറിനെ അറിയാൻ

ശങ്കറിന്റെ ജീവിതം ആദ്യം കേട്ടാണറിഞ്ഞത്. അതിലുപരി എന്റേതായ ഹോംവര്‍ക്കുകൾ ചെയ്യണമായിരുന്നു, കാരണം സങ്കീർണ്ണമായ ജീവിതമായിരുന്നു ശങ്കറിന്റേത്. പാതിരാത്രി ഞാനും സുഹൃത്തും ആക്ടീവയെടുത്ത് ചെന്നൈയിലെ ഉൾഗ്രാമങ്ങളിലൊക്കെ പോയിട്ടുണ്ട്. രാത്രിജീവിതം വേറെ തന്നെയാണ്. ശങ്കറിന്റെ ഭാര്യയും കുട്ടിയും ജീവിച്ചിരിക്കുന്നുണ്ട്. അവരെ പോയി കണ്ടു, പക്ഷേ പഴയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ അവർ തയ്യാറായില്ല. പ്രാര്‍ഥനയും മറ്റുമായി കഴിഞ്ഞുകൂടുകയാണ് അവർ. 

തൂക്കിലേറ്റപ്പെട്ട ഒരു കുറ്റവാളിയെ ന്യായീകരിക്കുകയാണോ വെബ് സീരിസിലൂടെ?

അയാൾ കൊലപാതകിയാണ്, കുറ്റവാളിയാണ്, തെമ്മാടിയാണ്. പക്ഷേ അതിനപ്പുറം അയാൾ കുറെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അയാളിലെ ക്രിമിനലിനെ ന്യായീകരിക്കുകയല്ല, വെബ് സീരിസിലൂടെ. അയാൾ എന്തുകൊണ്ട് ഇങ്ങനെയായി, നമ്മൾ കണ്ട ശങ്കറിനപ്പറും അയാളുടെ ജീവിതം പ്രേക്ഷകർ കാണണം. വെറുമൊരു ഓട്ടോ ഡ്രൈവറായിരുന്ന ശങ്കർ എങ്ങനെ അറിയപ്പെടുന്ന സൈക്കോ സീരിയൽ കില്ലർ ആയി എന്നാണ് ഞങ്ങൾ പറയുന്നത്. സമൂഹവും അയാളുടെ സാഹചര്യങ്ങളും സീരിസിലൂടെ പറയുന്നുണ്ട്.

നാട്ടുകാർക്കെല്ലാം നിരവധി സഹായങ്ങൾ ചെയ്തിട്ടുള്ള ആളാണ് ശങ്കർ. ശങ്കറിന്റെ കാലത്തുള്ളവർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അധികമാളുകൾക്കും പറയാനുള്ളത് നമ്മളറിയാത്ത ശങ്കറിനെക്കുറിച്ച്. ഷൂട്ടിങ് നടക്കുന്ന സമയത്ത് ഒരു പ്രായമുള്ളയാൾ കാണാൻ വന്നിരുന്നു. അയാൾ എന്നോട് പറഞ്ഞു, ശങ്കർ എപ്പോഴും വയർ തള്ളിപ്പിടിക്കും. എപ്പോഴും ചുറ്റും നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കും. ഒരു നോട്ടത്തിൽ പോലും അതീവ ജാഗ്രതയുണ്ടായിരുന്നു എന്ന്. എങ്ങനെ അറിയാം എന്നുചോദിച്ചപ്പോൾ അയാൾ പറഞ്ഞു, ശങ്കറിനെ ആദ്യമായി അറസ്റ്റ് ചെയ്യുമ്പോൾ പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടിയ ആൾക്കൂട്ടത്തിൽ അയാളുമുണ്ടായിരുന്നു എന്ന്. 

വലിയ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു

ആഗ്രഹിക്കുന്ന വേഷങ്ങൾ തേടിയെത്തുന്നില്ല എന്നതിൽ ചെറിയ നിരാശയുണ്ട്. ശരീരത്തിനും രൂപത്തിനും അപ്പുറത്ത് വലിയ കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് അഭിനേതാവെന്ന രീതിയിൽ കാത്തിരിക്കുന്നത്. 

ഏപ്രിൽ 23ന് സീ ഫൈവ് എന്ന ചാനലിലൂടെയാണ് വെബ് സീരിസിന്റെ റിലീസ്. മൊബൈൽ ആപ്പിലും സീരിസ് കാണാം. 

MORE IN ENTERTAINMENT
SHOW MORE