റോഷനെപ്പറ്റി നൂറിന്‍ അങ്ങനെ പറഞ്ഞത് എന്തെന്ന് അറിയില്ല; അഡാര്‍ ലവിലെ ടീച്ചര്‍: അഭിമുഖം

roshna-interview
SHARE

വിജയത്തേക്കാളുപരി വിവാദങ്ങൾകൊണ്ടാണ് ഒരു അഡാർ ലവ് എന്ന ചിത്രം ശ്രദ്ധയാകർഷിക്കുന്നത്. സിനിമ പുറത്തിറങ്ങിയ ശേഷമാണ് നായികമാരായ പ്രിയവാര്യരും നൂറിന് ഷെരീഫും തമ്മിലുള്ള അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നത്. ഇവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് സിനിമയിൽ ടീച്ചർ കഥാപാത്രത്തെ അവതരിപ്പിച്ച റോഷ്ന ആൻ റോയ് മനോരമന്യൂസ് ഡോട്ട്കോമിനോട് വിശദീകരിക്കുന്നു

റോഷ്നയുടെ ‘അഡാർ ലവ്’ അനുഭവം എങ്ങനെയായിരുന്നു?

ഞാൻ ഇതുവരെ ഒമ്പത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിലൊന്നും കിട്ടാത്ത ഒരു സ്ക്രീൻപ്രസൻസാണ് അഡാർ ലവിൽ കിട്ടിയത്. നേരത്തെ അഭിനയിച്ച സിനിമകളിൽ കഥാപാത്രങ്ങൾക്ക് പേരുപോലുമില്ലായിരുന്നു. ഒരു സീനൊക്കെ ഉണ്ടായിരുന്നുള്ളൂ. ഇതിൽ പക്ഷെ മുഴുനീള കഥാപാത്രമായിരുന്നു. ഒമറിക്കയോടാണ് അതിന് നന്ദി പറയാനുള്ളത്. പാട്ടുസീനിലൊക്കെ ടീച്ചറെ കൂടി ഉൾപ്പെടുത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തുടക്കക്കാരിയെന്ന നിലയിൽ എനിക്ക് കിട്ടിയ നല്ല അവസരമാണ് അഡാർ ലവ്. 

എങ്ങനെയാണ് അഡാർ ലവിലെത്തുന്നത്?

കാണുന്ന കാസ്റ്റിങ്ങ് കോളുകൾക്കെല്ലാം അപേക്ഷ അയയ്ക്കാറുണ്ടായിരുന്നു. ഹാപ്പി വെഡ്ഡിങ്ങിന്റെ സമയത്താണ് ആദ്യമായി ഒമർ ഇക്കയെ പരിചയപ്പെടുന്നത്. തുടർന്ന് രണ്ടാമത്തെ സിനിമ ചങ്ക്സിന്റെ സമയത്ത് വിളിച്ചിരുന്നു. അന്ന് നോക്കാം എന്നുമാത്രമാണ് പറഞ്ഞത്. അഡാർ ലവിന്റെ സമയത്ത് വീണ്ടും വിളിച്ചു. ഒരു ടീച്ചറിന്റെ വേഷമുണ്ട് ഓഡിഷന് എത്തിക്കോളാൻ പറഞ്ഞു. എന്റേത് കുറച്ച് തടിച്ച ശരീരപ്രകൃതമാണ്. അവർക്ക് വേണ്ടത് മെലിഞ്ഞ ടീച്ചറെയായിരുന്നു. സിനിമയിലെ ഒരു വിദ്യാർഥിയുടെ കഥാപാത്രവും ടീച്ചറും തമ്മിലൊരു അടുപ്പമുണ്ട്. അത് പ്രേക്ഷകർക്ക് ഇഷ്ടമാകണമെങ്കിൽ കുറച്ചുകൂടി മെലിഞ്ഞ ആളായിരിക്കണമെന്ന് അവർക്കുണ്ടായിരുന്നു. ഓഡിഷന് തിരഞ്ഞെടുക്കുമെന്ന് കരുതിയതല്ല. ഏതായാലും ഓഡീഷനിലെ പ്രകടനം ഇഷ്ടമായതോടെയാണ് ഞാൻ അഡാർ ലവിലെത്തുന്നത്. 

roshna2

ഷൂട്ടിങ്ങിന്റെ സമയത്ത് തന്നെ നായികമാർ തമ്മിൽ പ്രശ്നമുണ്ടായിരുന്നോ?

ഷൂട്ടിങ്ങിന്റെ സമയത്ത് അവർ തമ്മിൽ അങ്ങനെ സംസാരിക്കുന്നതൊന്നും കണ്ടിരുന്നില്ല. നൂറിന്‍ എപ്പോഴും അവരുടെ ഉമ്മയ്ക്കൊപ്പമായിരിക്കും. പ്രിയ ജൂനിയർ ആർട്ടിസ്റ്റുകളുമൊക്കെയായിട്ട് കളിച്ച് ചിരിച്ച് ഇടപഴകാറുണ്ട്. എല്ലാവരും നന്നായിട്ട് സംസാരിക്കുന്ന കൂട്ടത്തിലാണ് പ്രിയ. 

സിനിമയിലെ പ്രധാനരംഗങ്ങളൊക്കെ ഷൂട്ട് ചെയ്യുന്നതിന് മുന്‍പാണ് ഈ കണ്ണിറുക്കൽ വിഡിയോ പുറത്താകുന്നത്.  ഒറ്റരാത്രി കൊണ്ട് ഈ രംഗം തരംഗമായി. അതോടെയാണ് കാര്യങ്ങൾ മാറുന്നത്. പ്രിയയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി കഥ മാറ്റിയെഴുതണമെന്ന് നിർമാതാവ് നിർബന്ധംപിടിച്ചു. സംവിധായകന് ഇത് അത്ര സ്വീകാര്യമായിരുന്നില്ല. പ്രിയയ്ക്ക് പ്രാധാന്യക്കുറവ് ഒന്നും ആദ്യംമുതൽ തന്നെ ഇല്ലായിരുന്നു. എങ്കിലും കൂടുതൽ രംഗങ്ങൾ ഇല്ലായിരുന്നു. വേറെ കുറച്ച് കുട്ടികളും സിനിമയിൽ ഉണ്ടായിരുന്നു. അവരുടെ സീനും കുറയ്ക്കാൻ നിർമാതാവ് പറഞ്ഞു. പാട്ടിറങ്ങി ഹിറ്റായിക്കഴിഞ്ഞപ്പോൾ നൂറിന് റോഷനുമായി അധികം രംഗം വേണ്ട, പ്രിയയെ നായികയാക്കിയാൽ മതിയെന്ന് നിർമാതാവ് ആവശ്യപ്പെട്ടു. അത് അങ്ങനെ അംഗീകരിച്ച് കൊടുക്കാൻ പറ്റുന്ന കാര്യമല്ലല്ലോ? നായികയാണെന്ന പ്രതീക്ഷയിലാണ് നൂറിന്‍ സിനിമയിലേക്ക് എത്തുന്നത്. 

സംവിധായകനും നിർമാതാവും തമ്മിലുള്ള പ്രശ്നത്തിൽ സിനിമ തന്നെ മുടങ്ങി പോകുമോയെന്ന് കരുതിയിട്ടുണ്ട്. അവസാനം ഒമർ ഇക്കയ്ക്ക് വഴങ്ങേണ്ടി വന്നതാണ്. നൂറിന് വേണ്ടിയാണ് ഒമർ ഇക്ക സംസാരിച്ചത്. ഏറെ പ്രതീക്ഷയോടെയാണ് നൂറിന്‍ ഈ സിനിമയിലേക്ക് എത്തിയത്. ആ കുട്ടിയെ സംബന്ധിച്ച് കഥ മാറ്റുന്നത് നിരാശയുണ്ടാക്കുന്നതായിരുന്നു. കഥ മാറ്റിയതിന് ശേഷം സെറ്റിലൊക്കെ നൂറിന്‍ വളരെ സങ്കടപ്പെട്ടാണ് ഇരുന്നത്. നൂറിന്‍ എങ്ങും പോയി എന്റെ നായികാപദവി തട്ടിയെടുത്തു എന്നൊന്നും പറഞ്ഞിട്ടില്ല. നൂറിനോളം തന്നെ പ്രിയയ്ക്കും പ്രാധാന്യം നൽകിയെന്ന് മാത്രമേയുള്ളൂ. പ്രിയയ്ക്ക് നായികയാകണമെന്നുള്ള അതിമോഹം ഒന്നും ഉണ്ടായിരുന്നില്ല. ജൂനിയർ ആർട്ടിസ്റ്റായി എത്തിയതാണ് പ്രിയ. അത് അവർ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. നിർമാതാവിന്റെ നിർബന്ധപ്രകാരമാണ് ക്ലൈമാക്സ് ഉൾപ്പടെ റീഷൂട്ട് ചെയ്തത്.  ഇതിന്റെ പേരിൽ നൂറിനും പ്രിയയും തമ്മിൽ പരസ്യമായി വഴക്കുകളൊന്നും നടന്നിട്ടില്ല. സംവിധായകനും നിർമാതാവും തമ്മിൽ പ്രശ്നമുണ്ടായിരുന്നു.

noorin-sherif2

പ്രിയയ്ക്ക് എതിരെയുള്ള ട്രോളുകളെക്കുറിച്ച്?

വളരെ മോശം പ്രവണതയാണിത്. പ്രിയയെ തന്നെ അഭിമുഖങ്ങൾക്കെല്ലാം പറഞ്ഞയച്ച് വെറുപ്പിച്ചതാണെന്നാണ് എനിക്ക് തോന്നുന്നത്. പടം ഇറങ്ങാൻ താമസിച്ചതോടെ പ്രേക്ഷകർക്ക് ദേഷ്യമായി. അല്ലാതെ വേറെ കാരണമൊന്നുമില്ല. പ്രിയ കഴിവില്ലാത്ത നടിയല്ല. 

പ്രിയയൊരു ചെറിയ കുട്ടിയാണ്. തുടക്കം മാത്രമാണിത്. ഇനിയും ഒരുപാട് വേഷങ്ങൾ ചെയ്യാനുള്ളതാണ്. അവരുടെ നല്ല കഥാപാത്രങ്ങൾ ഇനി വരാൻ കിടക്കുന്നതേയുള്ളൂ. ചിലരൊക്കെ സിനിമ കണ്ടിട്ട് പ്രിയയ്ക്ക് പുരികംപൊക്കൽ മാത്രമേ അറിയൂ എന്ന് വിമർശിച്ചു. എന്നാൽ ഞാനൊന്ന് ചോദിച്ചോട്ടെ എത്രപേർക്ക് പ്രിയ ചെയ്തത് പോലെ ഭംഗിയായി പുരികം പൊക്കാൻ അറിയാം? എനിക്കൊന്നും അറിയില്ല. ആ ഒരൊറ്റ സീനാണ് ഈ സിനിമയെ വേറെ ലെവലിലേയ്ക്ക് എത്തിച്ചത്. ഇന്ത്യ മുഴുവൻ സിനിമയെക്കുറിച്ച് അറിയാൻ കാരണം പ്രിയയാണെന്നുള്ളത് നിഷേധിക്കാനാകില്ല. 

roshna3

റോഷനും നൂറിനുമായി എങ്ങനെയായിരുന്നു?

റോഷനും നൂറിനുമായി ഷൂട്ടിങ്ങ് സമയത്ത് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. റോഷനും പ്രിയയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഒരു പക്ഷെ അതായിരിക്കും നൂറിന് ഇഷ്ടമാകാതിരുന്നത്. അവർ തമ്മിൽ ഇഷ്ടക്കേടുണ്ടായിരുന്നുവെന്ന് അറിയുന്നത് ഒരു മാധ്യമചർച്ചയിലൂടെയാണ്. നൂറിനുമായി അഭിനയിക്കാൻ പറ്റില്ല എന്ന് റോഷൻ പറയുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ ഒരാൾ അല്ല റോഷൻ. എന്നോടൊക്കെയാണെങ്കിലും വളരെ സ്നേഹത്തോടെയും കരുതലോടെയുമൊക്കെയാണ് സംസാരിച്ചത്. എല്ലാവർക്കും വേണ്ട പരിഗണനകൊടുക്കാൻ ശ്രദ്ധിച്ചിരുന്ന വ്യക്തിയായിട്ടാണ് റോഷനെ എനിക്ക് അറിയാവുന്നത്. അവസാനം വരെ ഒരുമിച്ച് അഭിനയിച്ചവരാണ് റോഷനും നൂറിനും. പിന്നെയും എന്തുകൊണ്ടാണ് നൂറിന്‍ അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. പ്രിയയുമായിട്ട് അസ്വാരസ്യം തോന്നുന്നത് സ്വാഭാവികമാണ്, പക്ഷെ റോഷനുമായും പ്രശ്നമുണ്ടെന്നുള്ളത് വിശ്വസിക്കാനാകുന്നില്ല– റോഷ്ന പറഞ്ഞു.

adar-love2
MORE IN ENTERTAINMENT
SHOW MORE