'ഞാൻ ബിക്കിനി ധരിക്കുന്നത് തടയാൻ സെയ്ഫ് ആരാണ്'; പൊട്ടിത്തെറിച്ച് കരീന

karrena-kapoor-bollywood
SHARE

ബോളിവുഡിലെ ഗ്ലാമര്‍ ഐക്കണാണ് കരീന കപൂർ. 38–ാം വയസിലും അതിന് മാറ്റമില്ലതാനും. നീണ്ട ഇടവേള കഴിഞ്ഞ് സിനിമയിലേയ്ക്ക് മടങ്ങിവരവിന് ഒരുങ്ങുന്ന താരത്തെ കാത്തിരിക്കുന്നത് വിമർശനശരങ്ങളാണ്. അർബ്ബാസ് അവതാരകനായ വെബ് സീരിയലിൽ താരത്തിനെതിരെ ഉയർന്ന വിമർശനങ്ങൾ ചർച്ചയാകുകയും ചെയ്തിരുന്നു.. ‘നിങ്ങള്‍  ഒരു ആന്റിയാണ്, കൗമാരക്കാരെപോലെ പെരുമാറരുത്' എന്ന ആരാധികയുടെ ട്വീറ്റിന് താരം വികാരഭരിതയായി മറുപടി നൽകിയതും വാർത്തയായിരുന്നു.

അമ്മയായ ശേഷം താൻ ബിക്കിനി ധരിച്ചതിനെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർത്തിയവർക്ക് മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് കരീന.  അർബ്ബാസ് അവതാരകനായ വെബ് സീരിയലിൽ തന്നെയായിരുന്നു ഈ ചോദ്യത്തിനും കരീനയുടെ മറുപടിയെത്തിയത്. കുറച്ചു നാൾ‌ മുന്‍പു കരീനയും സെയ്ഫും തൈമൂറും അവധിക്കാലം ആഘോഷിക്കാനായി യാത്രകള്‍ നടത്തിയിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി പലസ്ഥലങ്ങൾ ഇവർ സന്ദർശിച്ചു. സെയ്ഫ് അലി ഖാന്റെ സഹോദരി സോഹയും ഭർത്താവും മകളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഈ യാത്രകൾക്കിടയിൽ പകർത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് കരീനയ്ക്ക് നേരേ സൈബർ ആക്രമണം നടന്നതും. 

ഈ ചിത്രത്തിനു താഴെ വന്ന കമന്റ് അർബാസ് ഖാൻ ഷോക്കിടെ വായിക്കുകയും ചെയ്തു. ആ കമന്റ് ഇപ്രകാരമായിരുന്നു.‘നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാൻ. ഭാര്യ ബിക്കിനി ധരിക്കുമ്പോൾ നിങ്ങൾക്കു നാണക്കേടു തോന്നുന്നില്ലേ’’ അർബാസ് ഖാൻ ഈ കമന്റ് വായിച്ച ഉടനെ കരീനയുടെ മറുപടിയും വന്നു. ‘ഞാൻ ബിക്കിനി ധരിക്കുന്നതു തടയാൻ സെയ്ഫ് ആരാണ്. നീ എന്തുകൊണ്ടാണു ബിക്കിനി ധരിക്കുന്നത്? അല്ലെങ്കിൽ നീ എന്തിനാണ് ഇത് ചെയ്തത് എന്നു സെയ്ഫ് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണ് ഞങ്ങളുടേത് എന്ന് ഇതുവരെ തോന്നിയിട്ടില്ല. അദ്ദേഹം എന്നെ വിശ്വസിക്കുന്നു. ഞാൻ ബിക്കിനി ധരിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കും’’– കരീന പറഞ്ഞു.

താരങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളും അവയോടുളള താരങ്ങളുടെ പ്രതികരണവുമാണ് വെബ്സീരിസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തന്നെ ശ്രദ്ധയില്ലാത്ത അമ്മയെന്ന് വിളിച്ചു സമൂഹമാധ്യമങ്ങളിൽ കളിയാക്കുന്നതാണ് ഏറെ അസഹനീയമായി തോന്നുതെന്ന് കരീന നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. തൈമൂറിനൊപ്പം ഒരു പ്രൈവെറ്റ് ജെറ്റിൽ കയറാൻ പോകുന്ന ചിത്രത്തിന് താഴെ, മകനെ നാനിയെ ഏൽപ്പിക്കാൻ നാണമില്ലേ? നിങ്ങളിത്ര അശ്രദ്ധയുള്ള അമ്മയാണോയെന്ന് ചോദിച്ചത് തന്നെ ദേഷ്യം പിടിപ്പിച്ചുവെന്ന് കരീന തുറന്നുപറഞ്ഞു. അതിന് അപ്പോൾ തന്നെ മറുപടിയും നൽകി, എന്റെ ജീവിതത്തെക്കുറിച്ച് യാതൊന്നും അറിയാതെ എന്നെ വിധിക്കാൻ നിൽക്കരുതെന്നും കരീന നേരത്തെ തന്നെ പറഞ്ഞിരുന്നു.

MORE IN ENTERTAINMENT
SHOW MORE