അറിയാതെ ആര്യയോട് ഇഷ്ടം തോന്നി; അന്ന് വൈകാരികമായി തകര്‍ന്നു: അഭിമുഖം

seethalekshmi
SHARE

ഏറെ വിവാദങ്ങൾക്കും വിമർശനങ്ങളുമേറ്റ ഒന്നാണ് നടൻ ആര്യയുടെയും സയേഷയുടെയും വിവാഹം. കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായത്. ആര്യയ്ക്ക് വധുവിനെ കണ്ടെത്താൻ നടത്തിയ റിയാലിറ്റിഷോ തന്നെയാണ് വിമർശനങ്ങളുയരാൻ കാരണം. അതിൽ പങ്കെടുത്തവരിൽ ആരെയും തിരഞ്ഞെടുക്കാനാവില്ലെന്ന് ആര്യ അറിയിച്ചത് വിവാദങ്ങൾക്ക് വഴിയൊരുക്കി. അവസാന റൗണ്ടിൽ വരെയെത്തിയ ആലുവ സ്വദേശി സീതാലക്ഷ്മി ഹരിഹരൻ ആര്യയുടെ വിവാഹത്തെക്കുറിച്ചും ഷോയെക്കുറിച്ചും മനോരമന്യൂസ് ഡോട്ട്കോമിനോട് പറയുന്നു. സീതാലക്ഷ്മിയുടെ വാക്കുകൾ: 

ഞാനാദ്യം ആര്യയുടെ വിവാഹവാർത്ത വിശ്വസിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു സിനിമ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട പ്രചരണമായിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. നിരന്തരം ഗോസിപ്പുകളൊക്കെ വരാൻ തുടങ്ങിയപ്പോൾ ഒരുപക്ഷെ ആയിരിക്കുമെന്ന് കരുതി. പക്ഷെ വാലന്റെയ്ൻസ് ദിനത്തിൽ ആര്യ തന്നെ വിവാഹവാർത്ത സ്ഥിരീകരിച്ച് പോസ്റ്റിട്ടത് ശരിക്കും ഷോക്കായിപ്പോയി. 

ഷോയ്ക്ക് ശേഷവും ആര്യയുമായി കോൺടാക്ട് ഉണ്ടായിരുന്നു. പക്ഷെ വ്യക്തിപരമായ കാര്യങ്ങളൊക്കെ ആര്യ രഹസ്യമാക്കിയിരുന്നു. സയേഷയെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. വിവാഹത്തെക്കുറിച്ച് ആര്യയുടെ കുറിപ്പിൽ നിന്നാണ് അറിഞ്ഞത്, അല്ലാതെ നേരിട്ട് വിവാഹക്കാര്യം പറഞ്ഞിരുന്നില്ല.

seethalekshmi-2

അതൊരു ഷോയാണെന്ന ധാരണയിൽ തന്നെയാണ് പങ്കെടുക്കാൻ പോയത്. പക്ഷെ ഷോയുടെ അണിയറപ്രവർത്തകർ ആര്യ ശരിക്കും വധുവിനെ അന്വേഷിക്കുന്നുണ്ട്, നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ തിരഞ്ഞെടുക്കപ്പെടും എന്ന് ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു. രണ്ടുമൂന്ന് മാസം കഴിഞ്ഞതോടെ എനിക്കും ആര്യയോട് താൽപര്യം തോന്നിയിരുന്നു. വീട്ടുകാരും ഷോയുടെ ഭാഗമായിരുന്നു. അവരും ഇത്  ശരിക്കുള്ള ഒന്നാണെന്ന് തന്നെയാണ് കരുതിയത്. ഓരോ ദിവസവും എന്താണ് ചെയ്യേണ്ടതെന്ന് ഒന്നും ആരും ആദ്യമേ പറയാറില്ല. നമ്മളെ കോസ്റ്റ്യൂമും മേക്കപ്പുമൊക്കെ അണിയിച്ചശേഷമായിരിക്കും എന്താണെന്ന് നടക്കാൻ പോകുന്നതെന്ന് പറയുന്നത്. 

നമ്മളെല്ലാം മനുഷ്യരല്ലേ, വികാരങ്ങൾ തോന്നുന്നത് സ്വാഭാവികമാണ്. നാലുമാസം കുടുംബത്തിൽ നിന്നും സമൂഹമാധ്യമത്തിൽ നിന്നുമെല്ലാം അകന്നാണ് കഴിഞ്ഞത്. അറിയാതെ എപ്പോഴൊക്കെയോ എനിക്ക് ആര്യയോട് ഇഷ്ടം തോന്നിയിരുന്നു. അവസാനറൗണ്ടിൽ ഇതിൽ ആരെയെങ്കിലും ഒരാളെ തിരഞ്ഞെടുക്കുമോ? എടുത്താൽ വിവാഹം കഴിക്കുമോ? എന്നൊക്കെയുള്ള ആശങ്കകൾ ഞങ്ങൾ മൂന്ന് പെൺകുട്ടികളും പരസ്പരം പങ്കുവെച്ചിരുന്നു. തെലുങ്കിൽ ഇതുപോലെ നടത്തിയ ഷോയിൽ അവസാനം ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചിട്ടുണ്ട്. ആ ഒരു പ്രതീക്ഷ എല്ലാവർക്കുമുണ്ടായിരുന്നു. എന്നാൽ ആര്യയുടെ തീരുമാനം ആ സമയത്ത് ഞെട്ടിച്ചു. ഷോ തീർന്നുവെന്ന് തമാശയ്ക്ക് പറയുന്നതാണെന്നാണ് കരുതിയത്.

seethalakshmi3

ഷോയ്ക്ക് ശേഷം വൈകാരികമായി തകർന്നുപോയ ഒരവസ്ഥയുണ്ടായിരുന്നു. പക്ഷെ അതിൽ നിന്നെല്ലാം ഇപ്പോൾ കരകയറി. മോഡലിങ്ങിലും സിനിമയിലുമായി ശ്രദ്ധകേന്ദ്രികരിക്കാൻ ഞാനിപ്പോൾ ചെന്നൈയിലാണ്. തമിഴ് സിനിമയിലൂടെ മലയാളത്തിലേക്ക് വരണമെന്നാണ് ആഗ്രഹം. ഈ ഒരു റിയാലിറ്റി ഷോ ഒരുപാട് നല്ല അനുഭവങ്ങളും തന്നിട്ടുണ്ട്. എന്നെ തമിഴ്നാട്ടിലുള്ളവർക്ക് ഇപ്പോൾ അറിയാം. ഈ പരിപാടി എന്നെ കൂടുതൽ ബോൾഡ് ആക്കി. അതിന്റെ നല്ല വശങ്ങൾ മാത്രമെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനം- സീതാലക്ഷ്മി പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE