‘പൃഥ്വി ആജീവനാന്തം സ്ത്രീപക്ഷത്തെന്ന് വിശ്വസിച്ച നമ്മുടെ കരണത്തടിക്കണം’: കുറിപ്പ്

prithviraj-1
SHARE

പൃഥ്വിരാജിന്റെ പുതിയ നിലപാടുകളെ വിമര്‍ശിച്ച് എഴുത്തുകാരി എസ്.ശാരദക്കുട്ടി. പൃഥിരാജ് ആജീവനാന്തം ജനാധിപത്യവാദിയും സ്ത്രീപക്ഷവാദിയുമായിരിക്കുമെന്ന് വിശ്വസിച്ച പാവപ്പെട്ട നമ്മുടെ കരണക്കുറ്റിക്കിട്ടാണ് ഓരോ പൊട്ടീര് കൊടുക്കേണ്ടതെന്ന് ശാരദകുട്ടി ഫെയ്സ്ബുക്കില്‍ പറഞ്ഞു. വിമന്‍ ഇന്‍ സിനിമാ കലക്ടീവിന് പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത് സംവിധായിക അഞ്ജലി മേനോന്‍ ആവശ്യപ്പെട്ടതു പ്രകാരമാണെന്നുള്ള പൃഥ്വിരാജിന്റെ പ്രസ്താവനയാണ് പ്രതികരണത്തിന് കാരണം. ശബരിമലയിൽ തന്നെ പോകണമെന്ന് എന്താണ് നിർബന്ധമെന്നും പൃഥ്വിരാജ് ചോദിച്ചത് വിമർശനത്തിന് വഴിയൊരുക്കിയിരുന്നു. ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ:

സിനിമ'യിൽ 'ഡയലോഗ്' പറയുമ്പോൾ, സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളു. അല്ലാതെ, താൻ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കും, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയും അയാളെന്നു വിശ്വസിച്ച നിഷ്കളങ്കരെല്ലാം പാവപ്പെട്ട നമ്മുടെ സ്വന്തം കരണക്കുറ്റിക്കിട്ടാണ് ഓരോ പൊട്ടീര് കൊടുക്കേണ്ടത്.

ഡയലോഗ് പ്രസന്റേഷനിൽ ഞങ്ങളുടെ ചെറുപ്പകാലത്ത് സുകുമാരനെ കവിഞ്ഞൊരു നടനുണ്ടായിരുന്നില്ല. വലിയ ആരാധനയായിരുന്നു അദ്ദേഹത്തോട്. തിരക്കുള്ള, വലിയ വിലയും നിലയും ഇമേജുമുള്ള കാലത്ത്, തനിക്കിഷ്ടപ്പെട്ട മല്ലികയെന്ന സ്ത്രീയെ, ആരെന്തു പറയുമെന്നു ഭയക്കാതെ ജീവിതത്തിലേക്ക് സ്വീകരിച്ച് ആ ബഹുമാനം അദ്ദേഹം ഇരട്ടിപ്പിക്കുകയായിരുന്നു. ജീവിതത്തിൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ മല്ലികയും ആരെയും ഭയന്നിരുന്നില്ല. സുകുമാരൻ ഞങ്ങൾക്കൊക്കെ അറിയാവുന്നിടത്തോളം മികച്ച സ്ത്രീപക്ഷ ജീവിതമാണ് ജീവിച്ചത്. സിനിമയിലെ ഡയലോഗായിരുന്നില്ല സുകുമാരന്റെ ജീവിതം. അമ്മ എന്ന സംഘടനയുടെ നിലപാടുകളോടൊക്കെ അന്നു തന്നെ സുകുമാരന് കൃത്യമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.

അഞ്ജലി മേനോൻ പറഞ്ഞിട്ടാണ് wccക്ക് ഒപ്പം നിന്നതെന്നു പറഞ്ഞതും ശബരിമലയിൽ തന്നെ പോകണമെന്ന വാശി എന്തിനാണെന്നുചോദിച്ചതും പ്രിയ പൃഥ്വിരാജ്, ' മാനിയാം നിന്നുടെ താതനെ'യോർമ്മിപ്പിച്ചു.

എസ്.ശാരദക്കുട്ടി

MORE IN ENTERTAINMENT
SHOW MORE