ആ പിണക്കം തീരുന്നു; വിനയന്റെ ബിഗ് ബജറ്റ് ചിത്രത്തിൽ മോഹൻലാൽ: കുറിപ്പ്

mohanlal-vinayan
SHARE

മലയാളത്തിലെ മുൻനിര താരങ്ങളെ വച്ചു വിനയൻ സിനിമ എടുത്തിട്ടുണ്ടെങ്കിലും എന്തുകൊണ്ട് മോഹൻലാൽ മാത്രം വിനയന്റെ ചിത്രത്തിൽ അഭിനയിക്കുന്നില്ലെന്നുളളത് വർഷങ്ങളായി പ്രേക്ഷകർ ചോദിക്കുന്ന ചോദ്യമാണ്. മോഹന്‍ലാലിന്‍റെ അപരനായ മദന്‍ലാലിനെ വച്ച് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം  ചെയ്തതും അമ്മയും തിലകനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്ന കാലത്ത് മോഹൻലാലിനെ വിനയൻ രൂക്ഷമായി വിമർശിച്ചതും എല്ലാം കാരണങ്ങളായിരുന്നു. 

മലയാള സിനിമയിൽ നിന്ന് വിലക്ക് നേരിട്ടതോടെ വിനയന്റെ കാലം കഴിഞ്ഞുവെന്ന് എഴുതി തളളിയവരെ അതിശയിപ്പിച്ചു കൊണ്ട് ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ ഗംഭീര തിരിച്ചു വരവ്. മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം ചെയ്യാനുളള തയ്യാറെടുപ്പിലാണ് വിനയൻ. തങ്ങളുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വിനയൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ നടത്തിയത്.  കഥയെപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല.. ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിങ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പർ ജോലികൾ ആരംഭിക്കുമെന്നും വിനയൻ പറയുന്നു. 

ഇന്ന് മോഹന്‍ലാലുമായി ഒരുപാട് നേരം സംസാരിച്ചെന്നും വളരെ പോസിറ്റീവായ ചര്‍ച്ചയായിരുന്നു അതെന്നും  ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു ചിത്രം ചെയ്യാന്‍ തങ്ങള്‍ തീരുമാനിച്ചെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിനയന്‍ പറയുന്നു.  കഥയെപ്പറ്റിയുള്ള അന്തിമതീരുമാനം ആയിട്ടില്ലെന്നും  പക്ഷേ വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹത്തായ ഒരു ചിത്രമായിരിക്കുമിതെന്നും വിനയന്‍ വ്യക്തമാക്കി. 

MORE IN ENTERTAINMENT
SHOW MORE