മാമാങ്കത്തിനായി ‘വാളൊ’രുങ്ങുന്നു; വിവാദങ്ങള്‍‌ തള്ളി സംവിധായകന്‍; ഉടന്‍ തുടങ്ങും

sajeev-pillai-mamankam
SHARE

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ‘മാമാങ്ക’വുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നതായി സൂചന. ചിത്രത്തിൽ പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ തള്ളി സംവിധായകന്‍ സജീവ് പിള്ള രംഗത്തെത്തി. തന്നെ പുറത്താക്കിയെന്നും എം.പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുകയെന്നും പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും മനോരമ ന്യൂസ് ഡോട്ട്കോമിനോട് അദ്ദേഹം പറഞ്ഞു. 

ചിത്രത്തെ സംബന്ധിച്ച നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ചില ആശയക്കുഴപ്പങ്ങൾ ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുണ്ട് എന്നത് സത്യമാണ്. മൂന്നാം ഷെഡ്യൂൾ വൈകാതെ തന്നെ ആരംഭിക്കും. ഇതൊരു വലിയൊരു സിനിമയാണ്. ക്രിയേറ്റിവ് സൈഡിൽ നിന്ന് പല അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കേണ്ടതായി വരും. ചിത്രത്തിലേയ്ക്ക് ആരു വന്നാലും സ്വാഗതം ചെയ്യുന്നു. മാമാങ്കം വർഷങ്ങളായ എന്റെ സ്വപ്നമാണ്. 

ഈ തിരക്കഥയിൽ നിർമാതാവിനും മമ്മൂക്കയ്ക്കും പരിപൂർണ വിശ്വാസമുണ്ട്.  ഈ കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും സംവിധായകൻ പ്രതികരിച്ചു. വേണു കുന്നപ്പിളളി നിർമ്മിച്ച് നവാഗതനായ സജീവ് പിളള സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായ മാമാങ്കം പ്രതിസന്ധിയിലാണെന്ന് നിരവധി വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് സംവിധായകന്‍ ആ വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയത്. ചിത്രത്തിന്റെ ഏതാനും ദിവസത്തെ ചിത്രീകരണം മംഗലാപുരത്തും കൊച്ചിയിലുമായി പൂര്‍ത്തിയായിരുന്നു. മധുരരാജ പൂര്‍ത്തിയാക്കിയ ശേഷം മമ്മൂട്ടി മാമാങ്കത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് സൂചന. ചിത്രത്തിനായി സെറ്റും ആയുധങ്ങളടക്കമുള്ള അനുബന്ധ നിര്‍മാണ ജോലികളും തുടങ്ങിക്കഴിഞ്ഞു. 

കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴ് കിലോമീറ്റർ തെക്കുമാറി തിരുനാവായ മണപ്പുറത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്. മാഘമാസത്തിലെ മകം നാളിൽ നടന്നുവന്ന ഉത്സവമാണിത്. ഇൗ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് സജീവ് പിളള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. തന്റെ ആദ്യ സിനിമാ സ്വപ്നവുമായി ഈ വിഷയത്തിൽ സംവിധായകൻ സജീവ് പിളള നടത്തിയ പഠന ഗവേഷണങ്ങൾ ചെറുതൊന്നുമായിരുന്നില്ല. ഡൽഹിയിൽ ടെലിവിഷൻ ഇന്റർനാഷണലിൽ പ്രവർത്തിച്ചിരുന്ന സജീവ് ഈ സിനിമയുടെ ഗവേഷണങ്ങൾക്കു വേണ്ടിയാണ് നാട്ടിൽ എത്തിയത്. 1999 മുതലാണ് വിഷയം പഠിച്ചു തുടങ്ങിയത്. ഏതായാലും തന്റെ സ്വപ്നസിനിമ യാഥാര്‍ത്ഥ്യമാക്കാനുള്ള അന്തിമ ജോലികളിലാണ് സംവിധായകന്‍.

mammootty-maamaankam
MORE IN ENTERTAINMENT
SHOW MORE