അനൂപ് മേനോൻ ആണെങ്കി സംഗതി പാടാണ്; മലയാള സിനിമയിലെ ‘ലഡു’; വൈറൽ പോസ്റ്റ്

anoop-menon-sathyan-anthikad
SHARE

മലയാള സിനിമാലോകത്ത് ഓരോ സംവിധായകനും ഓരോ രീതിയാണ്. അമൽ നീരദ് ചിത്രങ്ങളിലെ സ്ലോ മോഷനും രഞ്ജി പണിക്കർ– ഷാജി കൈലാസ് കോമ്പോയിലെ തീപ്പോരി ഡയലോഗുകളും സത്യൻ അന്തിക്കാട് സിനിമകളിലെ ഗ്രാമീണതയും പച്ചപ്പും നൻമയുമെല്ലാം ട്രോളൻമാർ ‘വലിച്ചു കീറി’ ഒട്ടിക്കാറുമുണ്ട്. 

മലയാള സിനിമ സംവിധായകരുടെ ആവിഷ്കാര ശൈലിയെ കുറിച്ച് സിനിമാഗ്രൂപ്പിൽ ഹാസ്യാത്മകമായി എഴുതിയ കുറിപ്പിന് കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ. ചലച്ചിത്ര പ്രേമികളുടെ ഇടയിൽ ഈ ലഡുപോസ്റ്റ് വൈറൽ ആകുകയും ചെയ്തു. ചില സംവിധായകരുടെ, തിരക്കഥാകൃത്തുക്കളുടെ കയ്യില്‍ ലഡു കിട്ടിയാല്‍ നിങ്ങള്‍ക്കങ്ങനെ പെട്ടെന്ന് പോയി കഴിക്കാനാകില്ലെന്ന് മഹേഷ് ഹരിദാസ് പറയുന്നു.

സത്യൻ അന്തിക്കാടോ ശ്രീനിവാസനോ ഒക്കെ ആണെങ്കിൽ ആ കട നടത്തുന്നത് അച്ഛൻ മരിച്ച, അമ്മയെയും അനിയനെയും കഷ്ടപ്പെട്ട് പണിയെടുത്ത് സംരക്ഷിക്കുന്ന വളരെ സ്മാർട്ടായ ഒരു പെൺകുട്ടിയായിരിക്കും. ആ കുട്ടിയുടെ ഉപദേശങ്ങൾ കേട്ട് നിങ്ങളുടെ ചീത്ത സ്വഭാവങ്ങൾ മൊത്തം മാറ്റി, പറ്റിയാൽ നിങ്ങളായിട്ട് കുറച്ച് പേരെ സഹായിച്ച് കഴിവ് തെളിയിക്കുകയും കൂടെ ചെയ്താലേ നിങ്ങൾക്ക് ആ ലഡു തിന്നാൻ പറ്റൂ.– മഹേഷ് കുറിക്കുന്നു. 

കമൽ, ലാൽ ജോസ് ഒക്കെ ആണെങ്കിൽ നിങ്ങൾ ചെല്ലുന്ന കടയിൽ ഒരൊറ്റ ലഡു മാത്രമേ ബാക്കി കാണൂ. അത് വാങ്ങാൻ അവിടെ ഒരു പെങ്കൊച്ചും വന്ന് നിൽപ്പുണ്ടാകും. നാട്ടിൽ വേറെ കട ഉണ്ടെന്നൊന്നും നോക്കാതെ, ലഡു തിന്നാനുള്ള ആഗ്രഹം സാക്രിഫൈസ് ചെയ്ത് അത് ആ പെൺകുട്ടിക്ക് കൊടുത്ത് ഒരു എഗ്ഗ് പഫ്‌സും വാങ്ങിത്തിന്ന് മുഖം പോലും തുടയ്ക്കാതെ ഒരു സോങ്ങുമിട്ട് നിങ്ങൾ ഒറ്റ പോക്കായിരിക്കും. ഇങ്ങനെ മലയാളത്തിലെ പ്രമുഖ സംവിധായകരുടെ ശൈലികളെ നർമ്മത്തിൽ െപാതിഞ്ഞ് അവതരിപ്പിക്കുകയാണ് മഹേഷ്. 

പൂർണരൂപം:

“നിങ്ങൾക്കൊരു ലഡു തിന്നാൻ തോന്നുന്നു. നിങ്ങൾ നേരെ ഒരു കടയിൽ പോയി ലഡു വാങ്ങുന്നു. തിന്നുന്നു. ഇവിടെ ആർക്കും ഒരു പ്രശ്നവുമില്ല. എല്ലാം ശുഭം.

ഇനി ഇതേ ഐറ്റം കുറച്ച് സിനിമാറ്റിക് ആക്കിയാൽ സംഗതി ആകെ മാറും. പ്രത്യേകിച്ച് ചില സംവിധായകരുടെ / തിരക്കഥാകൃത്തുക്കളുടെ കയ്യിൽ കിട്ടിയാൽ നിങ്ങൾക്കങ്ങനെ പെട്ടെന്ന് പോയി ലഡു തിന്നാനൊന്നും പറ്റില്ല.

ഉദാഹരണത്തിന് സത്യൻ അന്തിക്കാടോ ശ്രീനിവാസനോ ഒക്കെ ആണെങ്കിൽ ആ കട നടത്തുന്നത് അച്ഛൻ മരിച്ച, അമ്മയെയും അനിയനെയും കഷ്ടപ്പെട്ട് പണിയെടുത്ത് സംരക്ഷിക്കുന്ന വളരെ സ്മാർട്ടായ ഒരു പെൺകുട്ടിയായിരിക്കും. ആ കുട്ടിയുടെ ഉപദേശങ്ങൾ കേട്ട് നിങ്ങളുടെ ചീത്ത സ്വഭാവങ്ങൾ മൊത്തം മാറ്റി, പറ്റിയാൽ നിങ്ങളായിട്ട് കുറച്ച് പേരെ സഹായിച്ച് കഴിവ് തെളിയിക്കുകയും കൂടെ ചെയ്താലേ നിങ്ങൾക്ക് ആ ലഡു തിന്നാൻ പറ്റൂ.

അനൂപ് മേനോൻ ആണെങ്കി സംഗതി പാടാണ്. ലഡു എന്നൊന്നും പറഞ്ഞ് അങ്ങോട്ട് ചെല്ലാൻ പറ്റില്ല. ഏതേലും ഇറ്റാലിയൻ റെസ്റ്റോറന്റിലൊക്കെ പോയി വല്ല "കസാട്ടാ അൽ സിസിലിയാനാ" പോലുള്ള ഐറ്റംസ് ഒക്കെ തിന്ന് ജീവിക്കേണ്ടി വരുന്ന ഒരു പാവം പണക്കാരനായിരിക്കും നിങ്ങൾ.

അമൽ നീരദ് ആണെങ്കിൽ പിന്നെ ലഡുവിന്റെ കാര്യമോർത്ത് കൂടുതൽ ടെൻഷനടിക്കണ്ട. നിങ്ങളത് ഒരിക്കലും തിന്നാൻ പോകുന്നില്ല. ഡെയ്‌ലി വീട്ടീന്നിറങ്ങി സ്ലോ മോഷനിൽ നടന്ന് കടയിൽ ചെല്ലുമ്പോഴേക്കും അയാള് കട പൂട്ടി വീട്ടിൽ പോയിട്ടുണ്ടാകും.

കമൽ, ലാൽ ജോസ് ഒക്കെ ആണെങ്കിൽ നിങ്ങൾ ചെല്ലുന്ന കടയിൽ ഒരൊറ്റ ലഡു മാത്രമേ ബാക്കി കാണൂ. അത് വാങ്ങാൻ അവിടെ ഒരു പെങ്കൊച്ചും വന്ന് നിൽപ്പുണ്ടാകും. നാട്ടിൽ വേറെ കട ഉണ്ടെന്നൊന്നും നോക്കാതെ, ലഡു തിന്നാനുള്ള ആഗ്രഹം സാക്രിഫൈസ് ചെയ്ത് അത് ആ പെൺകുട്ടിക്ക് കൊടുത്ത് ഒരു എഗ്ഗ് പഫ്‌സും വാങ്ങിത്തിന്ന് മുഖം പോലും തുടയ്ക്കാതെ ഒരു സോങ്ങുമിട്ട് നിങ്ങൾ ഒറ്റ പോക്കായിരിക്കും. ലഡു തിന്നുകഴിഞ്ഞ് നിങ്ങളെ കുറിച്ചോർത്ത് നെടുവീർപ്പിട്ട് പെങ്കൊച്ച് തേരാപാരാ നടക്കും. വീണ്ടും ഒരു സോങ്ങ്. പിന്നെ ചറപറാ സോങ്ങ്. 

അവസാനം എവിടേലും വെച്ച് അവിചാരിതമായി, അതെ, തികച്ചും അവിചാരിതമായി നിങ്ങൾ കണ്ടു മുട്ടുന്നു. മുഖത്തിരിക്കുന്ന പഫ്സിന്റ്റെ ബാക്കി കണ്ട് പെൺകുട്ടി നിങ്ങളെ തിരിച്ചറിഞ്ഞ് മുട്ടൻ പ്രേമമാവുന്നു. പിന്നെ വീട്ടുകാരായി, പ്രശ്നമായി, ഒരു ബന്ധവുമില്ലാത്ത ഏതേലും വില്ലനായി, അങ്ങനെ എല്ലാം കഴിഞ്ഞ് ആ പെങ്കൊച്ചിനെ കെട്ടി കല്യാണത്തിൻറെ റിസപ്‌ഷനിടക്ക് പുള്ളിക്കാരി ഒരു ലഡു എടുത്ത് നിങ്ങളുടെ വായിൽ വെച്ചുതരുന്നിടത്ത് പടം ഫിനിഷായിരിക്കും.

രഞ്ജിത്ത് ശങ്കറാണെങ്കിൽ നിങ്ങൾ ലഡു വാങ്ങുന്നതിനുമുൻപ് നോക്കേണ്ടത് ലഡുവിന്റെ MRP എത്ര, അയാൾ കറക്ടായിട്ട് ബില്ല് തരുന്നുണ്ടോ, GST കൃത്യമായിട്ടാണോ വാങ്ങുന്നത് എന്നൊക്കെയാണ്. അങ്ങനെ അയാൾ വല്ല തട്ടിപ്പും കാണിക്കുന്നുണ്ടോ എന്ന് കണ്ടുപിടിച്ച് അയാൾക്കെതിരെ കേസ് കൊടുത്ത്, അതിൻ്റെടക്ക് ഇടപെടുന്ന രാഷ്ട്രീയക്കാരെ വെല്ലുവിളിച്ച്, കേസും തോറ്റ് കയ്യിലുള്ള കാശ് മൊത്തം പോയി പണ്ടാരടങ്ങി അവസാനം എങ്ങനെയൊക്കെയോ സ്വന്തം പരിശ്രമം കൊണ്ടും ബുദ്ധികൊണ്ടും സ്വന്തമായി ഒരു ലഡു ഫാക്ടറി ഉണ്ടാക്കി അവിടുന്ന് തന്നെ സ്വന്തമായി ലഡു എടുത്ത് തിന്നേണ്ടി വരും.

ബി. ഉണ്ണികൃഷ്ണൻ ആണെങ്കിൽ നിങ്ങൾ ഭാര്യ മരിച്ച, ജോലിയിൽ നിന്ന് തൽക്കാലം മാറിനിൽക്കുന്ന ഒരു പോലീസുകാരനായിരിക്കും. ലഡു വാങ്ങി വായിലോട്ടു വെക്കാൻ നേരത്താവും ഡിജിപി യുടെ ഫോൺ വരുന്നത്, എവിടെയോ ഒരു കൊലപാതകം നടന്നെന്നും ബാക്കിയുള്ള പോലീസുകാരൊക്കെ വെറും ഉണ്ണാക്കന്മാരാണെന്നും അത് നിങ്ങൾക്ക് മാത്രമേ തെളിയിക്കാൻ പറ്റൂ എന്നുമൊക്കെ തള്ളിക്കൊണ്ട്. മൈൻഡ് ചെയ്യാതെ പിന്നേം ലഡു തിന്നാൻ നോക്കുമ്പോഴായിരിക്കും നിങ്ങൾ കയ്യിലിരിക്കുന്ന ലഡുവിലെ മുന്തിരിയിലേക്ക് നോക്കുന്നത്. പെട്ടെന്ന് നിങ്ങൾക്ക് കുറെ ഡാർക്ക് ഫ്ലാഷ്ബാക്ക് ഓർമ്മ വരും. വില്ലനെ കുറിച്ചുള്ള ക്ലൂ കിട്ടും. പിന്നെ വണ്ടിയുമെടുത്ത് ഒറ്റ പോക്കാണ്. മറ്റു പോലീസുകാരുടെ പുച്ഛമൊക്കെ സഹിച്ച് ഒരുവിധത്തിൽ വില്ലനെയും പിടിച്ച് രാഷ്ട്രപതിയുടെ കയ്യീന്ന് മെഡൽ വരെ വാങ്ങിയിട്ടേ നിങ്ങൾ പിന്നെ ലഡു തിന്നൂ.

ഇനി രഞ്ജിത്ത് ( പണ്ടത്തെയല്ല, ഇപ്പഴത്തെ ) ആണെങ്കിൽ ആ കടയിലേക്ക് അന്ന് ലഡു കൊണ്ടുവന്ന ലോഡുകളിൽ, എങ്ങാണ്ടോ ഉള്ള ഏതോ ഒരു അധോലോക നായകൻ നാട്ടിലേക്ക് കടത്തിവിട്ട മയക്കുമരുന്നോ സ്വർണ്ണമോ ആയുധങ്ങളോ അങ്ങനെ എന്തേലും കയറിക്കൂടിക്കാണും. നിങ്ങൾ ലഡു വാങ്ങാൻ കടയിൽ ചെല്ലുമ്പോൾ പെട്ടെന്ന് കുറെ പേര് കയറിവന്ന് നിങ്ങളേം കടക്കാരനേം ഒക്കെ പിടിച്ചോണ്ടുപോകുന്നു, വഴിയില്‍ വെച്ച് വേറെ ആരാണ്ടൊക്കെയോ ലഡു അവരുടെയാണെന്നും പറഞ്ഞോണ്ട് വരുന്നു. അങ്ങനെ ആകെ മൊത്തം പ്രശ്നം. അവസാനം ഒരുവിധത്തിൽ എല്ലാം സോൾവ് ചെയ്ത്, കടയിൽ വന്നത് എന്തിനാണെന്നുതന്നെ മറന്നു നിങ്ങള് തിരിച്ച് വീട്ടിൽ പോകുമ്പോ മറ്റേ ഐറ്റം വരും, എ ഫിലിം ബൈ രഞ്ജിത്ത് ആൻഡ് ക്രൂ.

കൂട്ടത്തിൽ ഏറ്റവും എളുപ്പം ജിസ് ജോയ് ആണ്. നിങ്ങളൊന്നും ചെയ്യണ്ട. KPAC ലളിത ലഡു ഉണ്ടാക്കിത്തരും. നിങ്ങള് ചുമ്മാ ഇരുന്ന് തിന്നാ മതി.ഇനി മേജർ രവി ആണെങ്കി.... ഹെൻ്റെ പൊന്നോ വേണ്ട. എന്തിനാ വെറുതെ..!

MORE IN ENTERTAINMENT
SHOW MORE