‘മാമാങ്ക’ത്തില്‍ ജോയിന്‍ ചെയ്യുന്നുവെന്ന് ഉണ്ണി; അറിവോടെയല്ലെന്ന് സംവിധായകന്‍: വിവാദം

druvan-unny-mukundan
SHARE

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ സജീവ് പിളള സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചരിത്രസിനിമ മാമാങ്കത്തിൽ നിന്ന് നടൻ ധ്രുവനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേയ്ക്ക്. ധ്രുവനെ ചിത്രത്തിൽ ഒഴിവാക്കിയതിനു പിന്നാലെ ചിത്രത്തിൽ പകരക്കാരനായി ഉണ്ണി മുകുന്ദൻ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ താൻ മാമാങ്കത്തിന്റെ ഭാഗമാകുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. 

എന്നാൽ ഉണ്ണി മുകുന്ദനുമായി താൻ ഒരു തരത്തിലുമുളള ചർച്ചകളും നടത്തിയിട്ടില്ലെന്നും ഉണ്ണിയുടെ വരവ് തന്റെ അറിവോടെയല്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ സജീവ് പിളള മനോരമ ന്യൂസ് ഡോട്കോമിനോട് പറഞ്ഞു. മാമാങ്കത്തിന്റെ ചിത്രീകരണം പ്രതിസന്ധിയിലാണെന്നും ധ്രുവനെ ചിത്രത്തിൽ നിന്നും പുറത്താക്കിയെന്നും മനോരമ ന്യൂസ് ഡോട്കോമാണ് റിപ്പോർട്ട് ചെയ്തത്. 2019ൽ മാമാങ്കത്തിന്റെ ഭാഗമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തന്റെ ഈ വർഷത്തെ രണ്ടു പ്രധാന ചിത്രങ്ങളിൽ ഒന്ന് ചോക്ലേറ്റും മറ്റേതു മാമാങ്കവും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഉണ്ണി. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും. എന്നാൽ ഉണ്ണി മുകുന്ദൻ മാമാങ്കത്തിൽ എത്തുന്നുവെന്ന വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് നടൻ ധ്രുവൻ  പറഞ്ഞു.

പതിനാറാം നൂറ്റാണ്ടിലെ മാമാങ്കത്തിന്റെ പുനരാവിഷ്കാരമായ മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. വൻ താരനിരയെ അണിനിരത്തി വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ക്വീൻ എന്ന സിനിമയിലൂടെ മലയാളത്തിലെ പുത്തൻ താരോദമായി ഉയർന്ന ധ്രുവനും പ്രധാന വേഷം ചെയ്തിരുന്നു. എന്നാൽ മുന്നറിയിപ്പുകളില്ലാതെ ധ്രുവൻ ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ക്വീനിന്റെ വിജയശേഷം മാമാങ്കത്തിനു വേണ്ടി ധ്രുവൻ മറ്റു ചിത്രങ്ങൾ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല.  

സജീവ് പിളള എന്ന സംവിധായകന്റെ വർഷങ്ങൾ നീണ്ട സ്വപ്നമാണ് മാമാങ്കം. ധ്രുവനെ ചിത്രത്തിൽ ഒഴിവാക്കിയതിനെ കുറിച്ച് അറിയില്ലെന്നും ഒഴിവാക്കിയെങ്കിൽ ഈഗോ പ്രശ്നങ്ങൾ മൂലമാകാനേ സാധ്യതയുളളുവെന്നുമായിരുന്നു സംവിധായകൻ സജീവ് പിളളയുടെ പ്രതികരണം.

തന്റെ ആദ്യ സിനിമാ സ്വപ്നവുമായി ഈ വിഷയത്തിൽ സംവിധായകൻ സജീവ് പിളള നടത്തിയ പഠന ഗവേഷണങ്ങൾ ചെറുതൊന്നുമായിരുന്നില്ല. ഡൽഹിയിൽ ടെലിവിഷൻ ഇന്റർനാഷണലിൽ പ്രവർത്തിച്ചിരുന്ന സജീവ് ഈ സിനിമയുടെ ഗവേഷണങ്ങൾക്കു വേണ്ടിയാണ് നാട്ടിൽ എത്തിയത്. 1999 മുതലാണ് വിഷയം പഠിച്ചു തുടങ്ങിയത്. താപ്പാനയുടെ സെറ്റിൽ വച്ചാണ് ആദ്യമായി മമ്മൂട്ടിയോട് കഥ പറയുന്നത് ബാവൂട്ടിയുടെ നാമത്തിൽ ചിത്രീകരിക്കുമ്പോൾ പുർണമായ സ്ക്രിപ്റ്റ് കേൾപ്പിച്ചു. 2010 ലാണ് സ്ക്രിപ്റ്റ് രജിസ്റ്റർ ചെയ്തത്.

MORE IN ENTERTAINMENT
SHOW MORE