പൃഥ്വിയുടെ ‘അയ്യപ്പനെ’ ട്രോളില്‍ മുക്കി; ‘ഫോട്ടോഷോപ്പ്’ പൊക്കിയെന്നും വാദം

ayappan
SHARE

പൃഥ്വിരാജിന്റെ ‘അയ്യപ്പന്‍’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനെ ട്രോളിൽ മുക്കി സോഷ്യല്‍ മീഡിയ. ചിത്രത്തിന്റെ പോസ്റ്ററിൽ നിന്ന് തന്നെ ട്രോൾ തുടങ്ങുന്നു. പൃഥ്വി അഭിനയിച്ച അയ്യ എന്ന ചിത്രത്തിലെ ഫോട്ടോയും കടുവയുടെ ചിത്രവും എഡിറ്റ് ചെയ്ത് പുതിയ പോസ്റ്ററാക്കിയതെന്നാണ് ട്രോളർമാരുടെ ആരോപണം. പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന കടുവയുടെ യഥാർഥ ചിത്രം വരെ അവർ പൊക്കിയെടുത്തിട്ടുണ്ട്. ഏതായാലും ഈ  പോസ്റ്ററിന് വൻസ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 

മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളുടെ പട്ടികയിലേക്കാണ് സ്വാമി അയ്യപ്പന്റെ വീരഗാഥയും. ശങ്കർ രാമകൃഷ്ണന്റെ സംവിധാനത്തിൽ അയ്യപ്പനായെത്തുന്നത് നടൻ പൃഥ്വിരാജ്. ‘വർഷങ്ങളായി ശങ്കർ എന്നോട് ഈ കഥ പറഞ്ഞിട്ട്.. അത് ആരംഭിക്കുന്ന ദിനമായിരുന്നു എന്നും സ്വപ്നങ്ങളിൽ...ഒടുവിൽ അത് സംഭവിക്കുന്നു...അയ്യപ്പൻ. സ്വാമിയേ.. ശരണം അയ്യപ്പ!’ എന്ന ചെറുകുറിപ്പോടെ സമൂഹമാധ്യമത്തിൽ ഔദ്യോഗിക പോസ്റ്ററും പുറത്തിറക്കി പൃഥ്വിരാജ്. 

അയ്യപ്പന്റെ യഥാർഥ ജീവിതകഥയാണ് സിനിമയാക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. Raw Real Rebel എന്ന ക്യാച്ച്‌വേഡോടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ശങ്കർ രാമകൃഷ്ണന്‍ തന്നെയാണു തിരക്കഥ. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. മലയാളം കണ്ട ഏറ്റവും മുതൽമുടക്കുള്ള സിനിമയായിരിക്കും അയ്യപ്പനെന്നും അണിയറ പ്രവർത്തകരുടെ വാക്കുകൾ. അന്യഭാഷയിൽ നിന്നുള്ള അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ സിനിമയിലുണ്ടാകും. 2019 ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പോസ്റ്റർ പുറത്തുവിട്ടു അരമണിക്കൂർ തികയും മുൻപേ പതിനായിരത്തിലേറെ പേരാണ് ലൈക്കുമായെത്തിയത്. ഓഗസ്റ്റ് സിനിമയാണു ചിത്രം നിർമിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE