തിരിഞ്ഞുനോക്കിയത് ലാലേട്ടൻ അല്ല, ഒടിയൻ; ആദ്യരംഗത്തിൽ എഴുന്നേറ്റ് തൊഴുതുപോയി: ശ്രീകുമാർ മേനോൻ

mohanlal-srikumar-menon
SHARE

ഒടിയൻ എന്ന ചിത്രത്തിലെ ആദ്യഷോട്ടില്‍ തന്നെ മോഹൻലാൽ അമ്പരിപ്പിച്ചെന്ന് സംവിധായകൻ വി എ ശ്രീകുമാർ മേനോൻ. തിരക്കഥ വായിച്ചുകേട്ടപ്പോൾ തന്നെ അദ്ദേഹം ഒടിയൻ മാണിക്യനായി മാറിയിരുന്നു. ഓരോ രംഗങ്ങളെക്കുറിച്ചും വലിയ ചർച്ചകളൊന്നും വേണ്ടിവന്നില്ല. ഹിറ്റ് 96.7 എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ശ്രീകുമാർ മേനോന്റെ തുറന്നുപറച്ചിൽ.  

'കാശിയിലാണ് ആദ്യഷോട്ട്. ലാലേട്ടൻ ഗംഗയിൽ നിന്ന് കയറിവരുന്നൊരു രംഗം. കയറിപ്പോകുമ്പോൾ കാമറയിലേക്ക് തിരിച്ചുനോക്കണം. ആ തിരിഞ്ഞുനോട്ടം വെറും അഞ്ച് സെക്കന്റിൽ ഒറ്റ ടേക്കിൽ പൂർത്തിയായി. ആ തിരിഞ്ഞുനോക്കിയത് മോഹൻലാൽ ആയിരുന്നില്ല. ഒടിയൻ മാണിക്യൻ ആയിരുന്നു. ആ രംഗം കണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് തൊഴുതു. അതിൽക്കൂടുതൽ ഒന്നും പറയാനുണ്ടായിരുന്നില്ല. 

'ആദ്യമായി ഞാനും തിരക്കഥാകൃത്ത് ഹരികൃഷ്ണനും ചേർന്ന് അദ്ദേഹത്തെ കഥ വായിച്ചുകേൾപ്പിക്കുകയാണ്. വീട്ടിൽ ചമ്രം പടിഞ്ഞിരുന്ന്, കണ്ണടച്ചാണ് ലാലേട്ടൻ കഥ കേൾക്കുന്നത്. ആ കഥ കേൾക്കുമ്പോൾ തന്നെ, അദ്ദേഹത്തിന്റെ കൈകാലുകളിലെ വിരലുകൾ ചലിക്കുന്നുണ്ടായിരുന്നു. മുഖഭാവം മാറി. പുരികങ്ങൾ ചലിച്ചു. അപ്പോൾ തന്നെ ഒടിയൻ മാണിക്യനായി അദ്ദേഹം പരകായപ്രവേശം നടത്തിയെന്ന് തോന്നി. 

'മണ്ണിന്റെ മണമുള്ള കഥയാണ് ഒടിയൻ. നമ്മളിൽ പലരും കേട്ടുവളർന്ന കഥ സിനിമായാക്കാൻ പറ്റുക എന്നത് വലിയ ഭാഗ്യമായി കരുതുന്നു. ഒടിയന്മാരുടെ കഥ ഏറ്റവുമധികം സജീവമായിരുന്നത് പാലക്കാടാണ്. അതുകൊണ്ടാണ് അവിടെത്തന്നെ ലൊക്കോഷൻ നിശ്ചയിച്ചതും. 

'ഒടിയനിലൂടെ ഇന്ത്യയിലെ എല്ലാ ചലച്ചിത്ര അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചാൽ അത്ഭുതപ്പെടാനില്ല. കാരണം അദ്ദേഹം അതർഹിക്കുന്നു. ഒരുപാട് അധ്വാനമുണ്ട് ഒടിയന് പിന്നിൽ. ഇന്ത്യന്‍ സിനിമയെന്നാൽ ബോളിവുഡ് മാത്രമല്ല എന്നുറക്കെ പ്രഖ്യാപിക്കാനുള്ള അവസരം കൂടിയാണ് ഒടിയനെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE