‘സര്‍ക്കാരി’ന് കുരുക്കിട്ടു; ജയലളിതയെ വിമർശിച്ച രംഗങ്ങൾ നീക്കി; അറസ്റ്റ് തടഞ്ഞു;രോഷം

sarkar-vijay
SHARE

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്തു. ജയലളിത നടപ്പാക്കിയ സമ്മാന പദ്ധതിയെ വിമര്‍ശിക്കുന്നതടക്കമുള്ള  രംഗങ്ങളാണ് നീക്കിയത്. വിവാദങ്ങളുടെ പേരില്‍ സിനിമയുടെ സംവിധായകന്‍ എ.ആര്‍.മുരുഗദോസിനെ ഈ മാസം ഇരുപത്തിയേഴ് വരെ  അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. കേരളമുൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ഇത് ബാധകമാകില്ലെന്നാണ് റിപ്പോർട്ട്.

വിവാദരംഗങ്ങൾക്കെതിരെ എഐഡിഎംകെയുടെ പ്രതിഷേധം ശക്തമായതോടെയാണ് രംഗങ്ങൾ നീക്കാൻ അണിയറപ്രവർത്തകർ നിർബന്ധിതരായത്. സംവിധായകൻ എ.ആർ.മുരുകദോസിനറെ വീട്ടിൽ വ്യാഴാഴ്ച രാത്രി വൈകി പൊലീസ് പരിശോധനയ്ക്കെത്തിയിരുന്നു. അറസ്റ്റിനെന്ന് അഭ്യൂഹങ്ങൾ പടർന്നെങ്കിലും നിഷേധിച്ച് പൊലീസ് രംഗത്തെത്തിയിരുന്നു. 

മന്ത്രിമാര്‍ തന്നെ വിമര്‍ശനവുമായി എത്തിയതോടെ പ്രശ്നങ്ങള്‍ വഷളായി. സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കുന്നതാണ് ഉചിതമെന്ന് തിയറ്റര്‍ ഉടമകള്‍ നിര്‍മാതാക്കളെ അറിയിച്ചിരുന്നു. വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി കടമ്പൂര്‍ രാജുവിന്‍റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വിവാദ രംഗങ്ങള്‍ ഒഴിവാക്കാനും ചില സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാനും തീരുമാനിച്ചത്. ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ ടിവി, മിക്സി എന്നിവയടക്കം കത്തിക്കുന്ന  രംഗമാണ് പ്രധാനമായും നീക്കിയത്. നിലവിലെ സര്‍ക്കാരിനെയും ജയലളിതയേയും വിമര്‍ശിക്കുന്ന  ചില സംഭാഷണങ്ങളും മ്യൂട്ട് ചെയ്തു. ചിത്രത്തിലെ വിവാദ രംഗങ്ങളുടെ പേരില്‍ ഇന്നും മധുരയിലും സേലത്തും പ്രതിഷേധങ്ങളുണ്ടായിരുന്നു. 

പ്രദര്‍ശനം തടഞ്ഞതിനെ തുടര്‍ന്ന് ചിലയിടത്ത് സംഘര്‍ഷങ്ങളുണ്ടായി. സിനിമയ്ക്കെതിരായുള്ള നീക്കങ്ങളില്‍ പ്രതിഷേധിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തി. രജനീകാന്ത്, കമല്‍ഹാസന്‍, വിശാല്‍, ഖുശ്ബു തുടങ്ങിയവര്‍ ചിത്രത്തിന് പിന്തുണ അറിയിച്ചു. പൊലീസ് നടപടി മുന്നില്‍കണ്ട് സംവിധായകന്‍ മുരുഗദോസ് ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ നല്‍കി. അപേക്ഷ പരിഗണിച്ച കോടതി ഈ മാസം ഇരുപത്തിയേഴ് വരെ അറസ്റ്റടക്കമുള്ള നടപടികള്‍ പാടില്ലെന്ന് ചെന്നൈ സിറ്റി പൊലീസിന് കോടതി നിര്‍ദേശം നല്‍കി.  

സംവിധായകന്റെ വീട്ടിൽ രാത്രി വൈകി പൊലീസെത്തിയതിൽ താരങ്ങളായ രജനീകാന്തും വിശാലും അടക്കം സിനിമാമേഖലയിൽ നിന്നുളളവർ പ്രതിഷേധം രേഖപ്പെടുത്തി. സെൻസർ ചെയ്ത സിനിമകളിൽ ഇടപെടാനുള്ള സർക്കാർ നീക്കം ശരിയല്ലെന്ന് വിശാൽ പറഞ്ഞു. വിജയ് ചിത്രങ്ങൾക്കെതിരെ ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടൽ ശരിയല്ലെന്ന് നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബുവും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ചിത്രത്തിനെതിരെ നിയമമന്ത്രി സി വി ഷണ്മുഖൻ രംഗത്തെത്തിയിരുന്നു. വിജയ് ചിത്രം സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് തമിഴ്നാട് മന്ത്രി സി വി ഷൺമുഖൻ. ചിത്രത്തെ തീവ്രവാദപ്രവർത്തനത്തോടാണ് മന്ത്രി ഉപമിച്ചത്. വിജയ്ക്കെതിരെയും അണിയറപ്രവർത്തകർക്കെതിരെയും നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. </p>

'സമൂഹത്തില്‍ കലാപമുണ്ടാക്കാനാണ് ചിത്രം ശ്രമിക്കുന്നത്. ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്ന തീവ്രവാദിയെപ്പോലെയാണ് ചിത്രം. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ സർക്കാരിനെ താഴെയിറക്കാനാണ് ചിത്രം ശ്രമിക്കുന്നത്', ഷണ്മുഖൻ പ്രതികരിച്ചു. റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ തമിഴ്നാട് സർക്കാർ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസം മറ്റൊരു മന്ത്രിയും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ വിവാദരംഗങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

ചിത്രത്തിലെ പുകവലി രംഗങ്ങളുടെ പേരിൽ സംവിധായകൻ എ ആർ മുരുകദോസിനും വിജയ്ക്കും തമിഴ്നാട് ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചിരുന്നു. അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജനകീയ പദ്ധതികൾക്കെതിരെയുള്ള ചിത്രത്തിലെ രംഗങ്ങളാണ് വിവാദമായത്. പിന്നാലെ ചിത്രത്തിനെതിരെ തമിഴ്നാട്ടിൽ പലയിടത്തും പ്രതിഷേധപ്രകടനങ്ങൾ നടന്നു. 

റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ 100 കോടി കളക്ഷൻ നേടി കുതിപ്പ് തുടരുകയാണ് സർക്കാർ. എ ആർ മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായികയായെത്തുന്നത്.

MORE IN ENTERTAINMENT
SHOW MORE