ചില നടിമാർ സിനിമയെ പ്രതിസന്ധിയിലാക്കി, ആരോപണവുമായി പ്രവാസി നിർമാതാവ്

thomas-tiruvalla
SHARE

മലയാള സിനിമാ മേഖലയിലെ ഡബ്ല്യുസിസി വിവാദം പ്രേക്ഷകരെ തിയറ്ററുകളിൽ നിന്ന് പിന്നോട്ട് വലിക്കുന്നതായി പ്രവാസി സിനിമാ നിർമാതാവ് തോമസ് തിരുവല്ല. പുലിമുരുകനിലൂടെയും മറ്റും തിയറ്ററുകളിലേയ്ക്ക് കുടുംബ പ്രേക്ഷകർ വീണ്ടും ഒഴുകിത്തുടങ്ങിയിരുന്ന വേളയിലാണ് ഇത്തരം ദുരവസ്ഥയുണ്ടാകുന്നത്. ചില നടിമാരുടെ നീക്കം സിനിമാ മേഖലയെ തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തിലായി. പ്രശ്നം പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കിൽ ഒട്ടേറെ പേർ ജോലി ചെയ്യുന്ന മേഖല തകർന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കളിമണ്ണ് എന്ന ചിത്രത്തിന്റെ നിർമാതാവായ തോമസ് തിരുവല്ല.

രണ്ടോ മൂന്നോ നടിമാർ മാത്രമല്ല സിനിമാ രംഗത്തുള്ളത്. ഇവരുടെ അനാവശ്യ ഇടപെടലുകൾ മറ്റുള്ളവരെ കൂടി പ്രതികൂലമായി ബാധിക്കുന്നു. പരാതി ഉന്നയിച്ചതു വഴി ചില നടീ നടന്മാരെ സിനിമയിൽ നിന്ന ്അകറ്റുന്നുവെന്ന ആരോപണം ശരിയല്ല. എന്‍റെ സിനിമകളിൽ അത്തരം നീക്കങ്ങളുണ്ടാകില്ല. കളിമണ്ണിൽ പ്രസവം തത്സമയം കാണിച്ചത് മൂലമുണ്ടായ വിവാദം അനാവശ്യമാണ്. അത് കുടുംബ പ്രേക്ഷകരെ ആ ചിത്രത്തിൽ നിന്ന് അകറ്റാൻ കാരണമായി. നിർമാതാവില്ലെങ്കിൽ സിനിമയേ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

'മഴവിൽ മനോരമ''യിലെ ''നായികാനായകനി''ലൂടെ ശ്രദ്ധേയരായ നന്ദുവും റോഷനും ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെയെത്തിയ റിൻസിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ''ഒാട്ട''മാണ് തോമസ് തിരുവല്ല നിർമിക്കുന്ന പുതിയ ചിത്രം. തിരുവനന്തപുരത്ത് കണ്ടുമുട്ടുന്ന രണ്ട് ചെറുപ്പക്കാരുടെ ഒരൊറ്റ ദിവസത്തെ കഥയാണിത്. 

ഇതിലൊരാൾ ഉയർന്ന നിലയിൽ ജീവിക്കുന്നയാളും മറ്റെയാൾ നിരാശനായി ജീവനൊടുക്കാൻ എത്തിയവനുമാണ്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒാട്ടം ഇരുവരെയും പ്രതിസന്ധിയിലാക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കും. രോഹിണി, ഷാജോൺ, അലൻസിയാർ, മണികണ്ഠൻ, സുധീർ കരമന എന്നിവരും അഭിനയിക്കുന്നു. മറ്റു ചില ചിത്രങ്ങളുടെ നിർമാണവും ആലോചനയിലാണെന്ന് തോമസ് തിരുവല്ല പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE