ആദ്യമേ ചോദിക്കും: വിട്ടുവീഴ്ച പറ്റുമോ? അമ്മയ്ക്കെതിരെ തുറന്നടിച്ച് ശ്രീദേവിക

sridevika2
SHARE

സിനിമയിൽ താൻ നേരിട്ട ദുരനുഭവങ്ങൾ പങ്കുവച്ചും അഭിനേതാക്കളുടെ സംഘടനയായ അമ്മ തനിക്കു തുണയായില്ലെന്നു തുറന്നടിച്ചും അമ്മ നേതൃത്വത്തിനു നടി ശ്രീദേവികയുടെ കത്ത്. അമ്മ അംഗങ്ങളുടെ പരാതികൾ വനിത സെല്ലൊന്നും ഇല്ലാതെതന്നെ തങ്ങൾക്കു കൈകാര്യം ചെയ്യാനറിയാമെന്ന അമ്മ സെക്രട്ടറി സിദ്ദീഖിന്റെ പത്രസമ്മേളനത്തിലെ പരാമർശത്തിനെതിരെയാണ് മലയാളം, തമിഴ്, കടന്ന ഭാഷകളിലായി 16 സിനിമകളിൽ അഭിനയിച്ച ശ്രീദേവികയുടെ കത്ത്.

‘‘2006ൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ 3- 4 ദിവസം തുടർച്ചയായി ഞാൻ താമസിച്ച മുറിയുടെ വാതിലിൽ പാതിരാത്രി ആരോ മുട്ടിവിളിച്ചു. ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചപ്പോൾ അവർ പരിശോധിച്ചശേഷം അത് സംവിധായകനാണെന്നു വ്യക്തമാക്കി. എന്റെ അമ്മ ഇക്കാര്യം കൂടെ അഭിനയിച്ച നടനെ അറിയിച്ചതോടെ അദ്ദേഹം താമസിക്കുന്ന നിലയിലെ മറ്റൊരു മുറിയിലേക്കു മാറി. അതോടെ സെറ്റിലടക്കം വളരെ മോശമായി പെരുമാറിയ സംവിധായകൻ ഞാനുൾപ്പെട്ട ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കി. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നോ അമ്മയിൽ ഇതിനായി ഒരു പരാതിപരിഹാര സെൽ ഉണ്ടെന്നോ അറിയാത്തതിനാൽ ഉള്ളിലൊതുക്കേണ്ടി വന്നു. ‘‘പല പ്രൊഡക്ഷൻ കൺട്രോൾമാരും സിനിമയിലേക്കു വിളിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് സംവിധായകനോ നിർമ്മാതാവിനോ നടനോവേണ്ടി ‘വിട്ടുവീഴ്ച’ ചെയ്യാൻ തയ്യാറുണ്ടോയെന്നാണ്.

ഒരു സിനിമയിൽ വാഗ്ദാനം ചെയ്ത പ്രതിഫലം തരാതെ വന്നപ്പോൾ സഹായത്തിനായി അന്നത്തെ അമ്മ സെക്രട്ടറിയെ സമീപിച്ചു. പരാതി നൽകരുതെന്നും അതു കരിയറിനെ ബാധിക്കുമെന്നുമായിരുന്നു ഉപദേശം. അതുകൊണ്ടുതന്നെ അടുത്ത സിനിമയിലും ഇതേ അനുഭവം ഉണ്ടായപ്പോൾ അമ്മയിൽ പരാതിപ്പെട്ടില്ല. പകരം പണം തരാതെ തുടർന്ന് അഭിനയിക്കില്ലെന്നു നിർമ്മാതാവിനെ അറിയിച്ചു. അതോടെ അമ്മ സെക്രട്ടറി വിളിച്ച് പ്രശ്നം ഉണ്ടാക്കാതെ ഷൂട്ടിനു പോകണമെന്ന് പറഞ്ഞെങ്കിലും ഞാൻ നിലപാടിൽ ഉറച്ചുനിന്നു. തുടർന്ന് നിർമ്മാതാവ് പകുതി പ്രതിഫലം തരാൻ തയാറായി. ബാക്കി പ്രതിഫലം ഇതുവരെ തന്നിട്ടില്ല. ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്തെ ഇക്കാര്യം പറയാൻ ആദ്യം വിളിച്ചപ്പോൾ ദേഷ്യപ്പെടുകയായിരുന്നു. പരാതികൾ പുറത്തുവരാതെ ഒതുക്കി ഒറ്റക്കെട്ടാണെന്നു കാണിക്കാനാണു സംഘടനയ്ക്കു താൽപര്യം’’- ദുബായിൽ താമസമാക്കിയ നടി കത്തിൽ പറയുന്നു.

വൈകിക്കിട്ടുന്ന നീതി നീതിനിഷേധമാണെന്നു വ്യക്തമാക്കിയാണ് കത്ത് അവസാനിപ്പിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE