'ചുംബനരംഗങ്ങൾ പലതും ഒഴിവാക്കി'; കാരണം വെളിപ്പെടുത്തി ഇമ്രാൻ ഹാഷ്മി

imran-hashmi
SHARE

ബോളിവുഡിലെ ചോക്ലേറ്റ് പയ്യൻമാരുടെ കൂട്ടത്തിലാണ് ഇമ്രാൻ ഹഷ്മിയുടെ സ്ഥാനം. പല റൊമാന്‍റിക് ചിത്രങ്ങളിലും താരം നായക വേഷങ്ങളിലെത്തി. മീ ടൂ ക്യാംപെയിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നരിക്കുകയാണ് ഇമ്രാൻ.

പല ചുംബനരംഗങ്ങളും ഇന്‍റിമേറ്റ് രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഇമ്രാന്‍റെ വെളിപ്പെടുത്തൽ. സഹതാരങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ‌ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി തോന്നിയാൽ ഇത്തരം രംഗങ്ങൾ ഒഴിവാക്കാറാണ് പതിവ്. ഇങ്ങനെയുള്ള രംഗങ്ങളിൽ അഭിനയിക്കേണ്ടി വരുമ്പോൾ സംവിധായകരോടും സഹതാരങ്ങളോടും അത് ചർച്ച ചെയ്ത് അവർക്ക് സമ്മതമാണോ എന്ന് ഉറപ്പു വരുത്താറുണ്ടെന്നും ഇമ്രാൻ ഹാഷ്മി പറഞ്ഞു.

തന്‍റെ നിർമാണ കമ്പനിയായ ഇമ്രാൻ ഹാഷ്മി ഫിലിംസിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താനായുള്ള ആക്ട് ഉൾപ്പെടുത്തുമെന്നും ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. ലൈംഗികാതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും താരം ട്വിറ്ററിൽ കുറിച്ചു. 

ബോളിവുഡിൽ മീ ടൂ ക്യാംപയിനിൽ കൂടുതൽ താരങ്ങൾ കുടുങ്ങുന്നതിനിടെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. സംവിധായകരായ സാജിദ് ഖാൻ, സംവിധായകൻ സുഭാഷ് ഗായ്, നിർമാതാവ് കരിം മൊറാനി എന്നിവർക്കെതിരെയാണ് പുതിയ ആരോപണങ്ങൾ. തനുശ്രീയുടെ പരാതിയിൽ നാനാ പടേക്കർക്കെതിരെയെടുത്ത കേസ് ദുർബലമാണെന്ന് പൊലീസ് വൃത്തങ്ങൾതന്നെ സൂചന നൽകി. 

നടി  സലോനി ചോപ്രയാണ് നടനും തിരക്കഥാകൃത്തുമായ സാജിദ് ഖാൻ മോശമായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. 2011മുതൽ സാജിദിന്റെ അസിസ്റ്റന്റായി സിനിമയിൽ പ്രവർത്തിക്കുമ്പോഴാണ് ദുരനുഭവം ഉണ്ടായത്. മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നതായി അവർ പറഞ്ഞു. ഷാരൂഖ് ഖാന്റെ സുഹൃത്തും സിനിമ നിർമാതാവുമായ കരിം മൊറാനി തന്നെ നിരന്തരം പീഡിപ്പിച്ചതായി മറ്റൊരു നടിയും വെളിപ്പെടുത്തി. ഡൽഹി സ്വദേശിനിയായ നടിയാണ് ഒരു മാധ്യമത്തിന് മുന്നിൽ പീഡനം തുറന്നുപറഞ്ഞത്.  സംവിധായകൻ സുഭാഷ് ഗേയ്ക്കെതിരെയും ആരോപണം ഉയർന്നു.  മദ്യപിച്ചെത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായുള്ള ആരോപണം ഒരു സിനിമപ്രവർത്തകയാണ് പങ്കുവച്ചത്. എന്നാൽ പേര് വെളിപ്പെടുത്താൻ ഇവർ തയ്യാറായിട്ടില്ല.

ഇതിനിടെയാണ് തനുശ്രീയുട പരാതിയിൽ നാനാ പടേക്കർക്കെതിരെയുള്ള കേസ് ജാമ്യംലഭിക്കാവുന്ന വകുപ്പുകൾപ്രകാരമെന്ന് പൊലീസ് ഉന്നതർ സൂചനനൽകിയത്. ഐപിസി 354, 509 വകുപ്പുകൾ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും,  2013ൽ ഈ വകുപ്പുകളിൽവരുത്തിയ ഭേദഗതി പടേക്കറിനു അനുകൂലമായേക്കാമെന്നും പറയുന്നു. അതിനാൽ 7വർഷം വരെ തടവ് ഉൾപ്പെടെ കടുത്ത ശിക്ഷ പടേക്കർ നേരിടേണ്ടിവന്നേക്കില്ല.  പടേക്കറിനെ കൂടാതെ, സംവിധായകൻ രാകേഷ് സാരംഗ്, നിർമാതാവ് സമീ സിദ്ദിഖി, കൊറിയോഗ്രാഫർ ഗണേഷ് ആചാര്യ എന്നിവരും കേസിൽപ്രതികളാണ്. 

MORE IN ENTERTAINMENT
SHOW MORE