നടി സംവിധായന്റെ മുഖത്തടിക്കുന്ന വിഡിയോ പുറത്ത്; ചിത്രത്തിൽ നിന്ന് പിന്മാറി ആമിർ; കയ്യടി

aamir-subhash
SHARE

ബോളിവുഡിൽ മീ ടൂ കൂടുതൽ ശക്തി പ്രാപിക്കുകയാണ്. പല പ്രമുഖരും വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ പുറത്തു വരുന്ന വാർത്ത സംവിധായകൻ സുഭാഷ് കപൂറിനെതിരെയാണ്. 2014–ൽ നടി ഗീതിക ത്യാഗി പുറത്തുവിട്ട വിഡിയോ ആണ് സുഭാഷിനെ കുടുക്കിയിരിക്കുന്നത്. സുഭാഷ് കപൂർ നടത്തിയ ലൈംഗികാതിക്രമത്തെ അദ്ദേഹത്തിന്റെ ഭാര്യയുടെ സാന്നിധ്യത്തിൽ ഗിതിക ത്യാഗി ചോദ്യം ചെയ്യുന്നതിന്റെ ൊളിക്യാമറ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. സുഭാഷ് കുറ്റസമ്മതം നടത്തുന്നതും ഗീതിക സുഭാഷിന്റെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മീ ടു വിവാദം ചൂടേറിയതോടെ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഇതോടെ സുഭാഷ് കപൂർ തുടങ്ങാനിരുന്ന മൊഗുൾ എന്ന ചിത്രത്തിൽ നിന്നും ആമിര്‍ ഖാനും ഭാര്യ കിരൺ റാവുവും പിന്മാറിയിരിക്കുകയാണ്. മൊഗുളിന്റെ സഹനിർമ്മാതാക്കളായിരുന്നു ഇരുവരും. ചിത്രത്തിന്റെ നിര്‍മാതാവ് ഭൂഷന്‍ കുമാര്‍ ചിത്രം സംവിധാനം ചെയ്യുന്നതില്‍ നിന്ന് സുഭാഷ് കപൂറിനെ ഒഴിവാക്കിയതായി അറിയിച്ചു. ലൈംഗികാതിക്രമങ്ങളെ അപലപിക്കുന്നുവെന്നും ആരോപണവിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആമിറും കിരണും പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. തങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയോ അല്ലെന്നും പരാതി നിയമവഴിയില്‍ നീങ്ങുന്ന സാഹചര്യത്തില്‍ കുറ്റം തെളിയുന്നത് വരെ സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന മീ ടു ക്യാംപെയിന്‍ ബോളിവുഡിന് ആത്മപരിശോധനയ്ക്കുളള അവസരമാണെന്നും സിനിമാ ലോകത്തെ സുരക്ഷിതവും സന്തോഷപ്രദവുമായ ഇടമാക്കി തീര്‍ക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ആമിര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാൽ ആമിറിനോടും കിരൺ റാവുവിനോടും ബഹുമാനമുണ്ടെന്നും അവരുടെ തീരുമാനം മനസ്സിലാക്കാവുന്നതാണെന്നും സുഭാഷ് കപൂർ മറുപടിയായി പറഞ്ഞു. ‘ഇത് കോടതിയിൽ ഇരിക്കുന്ന കേസ് ആണ്. കോടതിയിൽ എന്റെ നിരപരാധിത്വം തെളിയിക്കണം..’ സുഭാഷ് പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE