ആയിരങ്ങൾ ഒറ്റ ഫ്രെയിമിൽ; ലൂസിഫർ മാസ് സീൻ; അമ്പരപ്പിച്ച് പൃഥ്വി; വിഡിയോ

lucifer-lal-shoot
SHARE

പൃഥ്വിരാജ് സംവിധാനത്തിൽ  മോഹൻലാൽ  നായകനാകുന്ന ലൂസിഫറിന്റെ ചിത്രീകരണ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുന്നു. ചിത്രത്തിനായി വമ്പൻ ബജറ്റിൽ ഒരുക്കുന്ന ബ്രഹ്മാണ്ഡ സീനിന്റെ ചിത്രീകരണക്കാഴ്ചകളാണിത്. 5000 ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന മെഗാ മാസ് രംഗത്തിന്റെ ഷൂട്ടിങ്ങ് 15 ദിവസമായി തിരവനന്തപുരത്ത് പുരോഗമിക്കുകയാണ്. 

നൂറിലേറെ കാറുകളും ആയിരക്കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളുമാണ് ഇൗ രംഗത്തിൽ ലാലിനൊപ്പം എത്തുന്നത്. രണ്ടരക്കോടി രൂപയാണ് ഇൗ രംഗത്തിന് മാത്രമുള്ള ചെലവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഇൗ രംഗവും മുന്നിൽ‌ നിന്ന് പകർത്തുന്നത്. 15 ദിവസമായി ചിത്രീകരണം തുടരുന്ന ഇൗ രംഗം സിനിമയിലെ ഏറ്റവും വഴിത്തിരിവാകുന്ന സീനുകളിൽ ഒന്നാണിത്. പൃഥ്വി എന്ന സംവിധായകനെക്കുറിച്ച് പറയാൻ വാക്കുകളില്ലെന്നാണ് ചിത്രത്തിലഭിനയിക്കുന്ന നടൻ നന്ദു ഒരു അഭിമുഖത്തിൽ പറഞ്ഞത്. ആദ്യ ദിവസം ഷൂട്ട് നടക്കുമ്പോൾ ലാലേട്ടൻ എന്റെ തോളിൽ കൈവച്ച് പറഞ്ഞു, ‘വിശ്വസിക്കാൻ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി.’

‘സംശയങ്ങളേ ഇല്ല, സാധാരണ സംവിധായകർ ഷോട്ട് എടുത്തുകഴിഞ്ഞ് മോണിട്ടറിൽ നോക്കി എന്തെങ്കിലും അപാകതളെക്കുറിച്ച് പറയും. ഒരുതവണ കൂടി കാണും. ഇത് അതൊന്നുമില്ല കണ്ട് കഴിഞ്ഞാൽ കട്ട്, അടുത്തതിലേക്ക് പോകുകയാണ്. എല്ലാ ഷോട്ട്സും അദ്ദേഹം ഓർത്തിരിക്കും, നാൽപത് അൻപത് ഷോട്ടുകളുളള സീനുകളാണ് പലതും. അതിൽ വലിയ താരങ്ങളും അനേകം ജൂനിയർ ആർടിസ്റ്റുകളും ഉണ്ടാകും. ഒരു സീൻ കഴിഞ്ഞാൽ രാജു തന്നെ പറയും അടുത്ത സീൻ എടുക്കാമെന്ന്. അപ്പോൾ അസോഷ്യേറ്റ് വാവ പറയും, നമുക്ക് ഒന്നുകൂടി നോക്കണമെന്ന്. നോക്കണമെങ്കിൽ നോക്കിക്കോ, പക്ഷേ സീൻ തീർന്നു, ഷോട്ട് ഒക്കെ എടുത്തുവെന്ന് രാജു പറയും. അതാണ് രാജുവിന്റെ ആത്മവിശ്വാസം.’ 

‘ഇതൊരു വലിയ സിനിമയാണ്. ഇതിൽ അഭിനയിച്ചിരിക്കുന്ന ജൂനിയർ ആർടിസ്റ്റുകളുടെ മാത്രം പ്രതിഫലം ഏകദേശം രണ്ട്, രണ്ടര കോടി വരും. എല്ലാ ഫ്രെയിമുകളിലും അഞ്ഞൂറും ആയിരവും ജൂനിയർ ആർടിസ്റ്റുകളുണ്ട്. എറണാകുളത്ത് ഷൂട്ട് ചെയ്തപ്പോൾ രണ്ടായിരം പേരുണ്ടായിരുന്നു. ചില സീനിൽ മൂവായിരം നാലായിരം ആളുകൾ. ’ നന്ദു പറഞ്ഞു. പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ലൂസിഫർ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. തിരവന്തപുരത്ത് ഷൂട്ടിങ്ങ് പുരോഗമിക്കുന്ന ചിത്രം അടുത്ത വർഷം വിഷുവിനാകും തിയറ്ററുകളിലെത്തും.

MORE IN ENTERTAINMENT
SHOW MORE