'പുരുഷു എന്നെ അനുഗ്രഹിക്കണം'; തിരക്കഥയിലില്ലാത്ത ആ ഹിറ്റ് രംഗം പിറന്ന കഥ: വിഡിയോ

meehsmadhavan
SHARE


പല സിനിമകള്‍ക്കും സീനുകൾക്കും പിന്നിൽ രസകരമായി ചില അണിയറക്കഥകൾ ഉണ്ടാകും. ചിലപ്പോൾ തിരക്കഥയിൽ പോലും ഇല്ലാത്ത ചില രസികൻ മുഹൂർത്തങ്ങൾ പിൽക്കാലത്ത് സൂപ്പർഹിറ്റായി മാറാറുണ്ട്. മീശമാധവനിലെ 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്ന ഡയലോഗിനു പിന്നിലുമുണ്ട് അത്തരത്തിലൊരു കഥ. മഴവിൽ മനോരമയിലെ നായികാനായകൻ എന്ന റിയാലിറ്റി ഷോക്കിടെ സംവിധായകൻ ലാൽജോസ് തന്നെയാണ് അക്കഥ പറഞ്ഞത്. 

''അങ്ങനെയൊരു സംഭാഷണം സിനിമയിൽ ഉണ്ടായിരുന്നില്ല. ആ സീനും അങ്ങ‌നെ ആയിരുന്നില്ല. അമ്പിളിച്ചേട്ടൻ‌ (ജഗതി ശ്രീകുമാർ) വീടിനുള്ളലേക്ക് കയറുന്നു. ദിലീപ് പുരുഷുവിനെ കാണിച്ചുകൊടുക്കുന്നു, അയാൾ അടിക്കുന്നു. അത്ര മാത്രമേ തിരക്കഥയില്‍ ഉണ്ടായിരുന്നുള്ളൂ. സ്ഥിരം വരുന്ന വഴിയിലൂടെ വേലി ചാടി അമ്പിളിച്ചേട്ടനെത്തും. വേലി ചാടി വരാന്തയിലേക്കു കേറുമ്പോൾ ദേ പട്ടി കുരക്കുന്നു എന്നൊരു ഡയലോഗ് പറയണമെന്നും അപ്പോള്‍ സ്വന്തമായി എന്തെങ്കിലും ചെയ്തോളാമെന്നും ചേട്ടൻ പറ‍ഞ്ഞു. 

പറഞ്ഞതുപോലെ ആ ഷോട്ട് എടുക്കാൻ നേരത്ത് ദേ പട്ടി കുരക്കുന്നു എന്നു പറഞ്ഞു. അപ്പോഴേക്കും ചേട്ടൻ താഴെ വീണ് നാലു കാലിൽ പോകുകയാണ്. ആ നാലു കാലിൽ പോകുന്നതിൻറെ ഫൺ ആണ് ചേട്ടൻ ഉദ്ദേശിച്ചത്. അങ്ങനെ വീണാൽ ആളെ കാണില്ല. ആ രംഗം ഉപയോഗപ്പെടുത്തണമെന്ന് എനിക്കു തോന്നി. അങ്ങനെയാണ് ആ സീൻ വീണ്ടും ഡെവലപ്പ് ചെയ്യുന്നത്.

രണ്ടു പേരുടെയും മുന്നിലേക്ക് അമ്പിളിച്ചേട്ടൻ വരുമ്പോൾ തോക്കെടുത്ത് പുരുഷു അടിക്കണം. അതാണ് വേണ്ടത്. എന്നാൽ അമ്പിളിച്ചേട്ടൻറെ ആ നോട്ടം കണ്ടപ്പോൾ അവിടെ ഒരു ഡയലോഗിന് സാധ്യത ഉണ്ടെന്ന് തോന്നി. അങ്ങനെ ഉണ്ടായ ഡിസ്കഷനിൽ നിന്നാണ് 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്ന ഡയലോഗ് ഉണ്ടായത്. അവിടെ വേറൊന്നും പറയാനില്ല'', ലാൽ ജോസ് പറഞ്ഞുനിർത്തിയപ്പോൾ സദസിൽ കൂട്ടച്ചിരി. 

കഴിവുള്ള നടൻമാരിൽ നിന്നും ഇത്തരത്തിൽ പല സംഭാവനകളും ഉണ്ടാകാറുണ്ടെന്നും അവയൊക്കെ സിനിമക്ക് ഗുണം ചെയ്യാറുണ്ടെന്നും ലാൽജോസ് ഒപ്പം ചേര്‍ത്തു. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE