ആ തീരുമാനം തിരുത്തി’; മഞ്ഞയും ഓറഞ്ചും കലർന്ന സാരിയുടുത്ത് വധുവാകാന്‍ വിജയലക്ഷ്മി

vaikom-vijayalekshmi
SHARE

മലയാളത്തിന്‍റെ പ്രിയപാട്ടുകാരി വൈക്കം വിജയലക്ഷ്മി വിവാഹത്തിന്‍റെ ഒരുക്കങ്ങളിലാണ്. ആ വിശേഷങ്ങളിലേക്ക് മനസ്സ് തുറക്കുകയാണ് അവര്‍.  രണ്ടുവർഷം മുമ്പാണ് അനൂപ് ചേട്ടന്റെ വിവാഹാലോചന വരുന്നത്. അന്ന് വലിയ താൽപര്യമില്ലായിരുന്നു. അതുകൊണ്ട് അത് വേണ്ടെന്നുവെച്ചു. ഒരു വർഷം മുമ്പ് മറ്റൊരു വിവാഹാലോചന നിശ്ചയം വരെ കഴിഞ്ഞതിന് ശേഷം പിൻമാറിയിരുന്നു. അതിനുശേഷം വീണ്ടും അനൂപിന്റെ ആലോചന വന്നപ്പോഴാണ് അന്നെടുത്ത തീരുമാനം തിരുത്തുന്നത്. 

മിമിക്രി ആർട്ടിസ്റ്റാണ് അനൂപ്. അദ്ദേഹത്തിന്റെ ഇരട്ടസഹോദരി അശ്വതി സുഹൃത്താണ്. വീട്ടുകാർക്കും പരസ്പരം അറിയാം. നന്നായി അന്വേഷിച്ച ശേഷമാണ് വിവാഹം നിശ്ചയിക്കുന്നത്. പാലയിലൊക്കെ അറിയാവുന്ന നിരവധിയാളുകളുണ്ട്. അവരോടൊക്കെ അന്വേഷിച്ചിരുന്നു. 

സന്തോഷുമായുള്ള വിവാഹം വേണ്ടെന്നുവച്ചത് എന്റെ മാത്രം തീരുമാനമായിരുന്നു. എന്റെ സന്തോഷമാണ് അച്ഛനും അമ്മയ്ക്കും വലുത്. അതുകൊണ്ട് അവരും തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു. വേണ്ടെന്നുവെച്ച വിവാഹത്തിന് മുമ്പ് മനസിൽ അകാരണമായ ഭയമുണ്ടായിരുന്നു. എങ്ങനെ പുതിയ വീടുമായി ഇണങ്ങിച്ചേരുമെന്ന ആശങ്ക അലട്ടിയിരുന്നു.

ഇത്തവണ പക്ഷെ അത്തരം യാതൊരുവിധ ഭയങ്ങളുമില്ല. അനൂപ് ചേട്ടനുമായി ഒരുപാട് തവണ സംസാരിച്ചിരുന്നു. ഒരു രൂപ പോലും സ്ത്രീധനം ചോദിച്ചിട്ടില്ല. എന്നെ മാത്രമാണ് ഇഷ്ടപ്പെടുന്നതെന്നാണ് പറഞ്ഞത്. വിവാഹത്തിനായി മഞ്ഞയും ഓറഞ്ചും കലർന്ന നിറമുള്ള സാരിവരെയെടുത്തു കഴിഞ്ഞു. ഒക്ടോബർ 22നാണ് വിവാഹം. ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. മനസുകൊണ്ടും ഭാര്യയാകാൻ ഞാൻ ഒരുങ്ങിക്കഴിഞ്ഞു.– വിജയലക്ഷ്മി പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE