മണിയുമായുള്ള കൂട്ടിന്‍റെ പേരില്‍ തീ തിന്നു; സിനിമകള്‍ നഷ്ടമായി: ഉള്ളുപൊട്ടി ജാഫര്‍

kalabhavan-mani-jaffer
SHARE

‘മണിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്‍പതു പേര്‍ തീ തിന്നു കൊണ്ടിരിക്കുകയാണ്. സൗഹൃദം ഉണ്ടായിരുന്നെന്നു പറഞ്ഞിട്ടു കാര്യമില്ല, സിബിഐ ഏറ്റെടുത്ത കേസ് തെളിയുന്നതോടെ മാത്രമേ എന്നെപ്പോലെയുള്ള ആളുകള്‍ മണിയുടെ സുഹൃത്തായിരുന്നോ അതോ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്ന ആളാണോ എന്നൊക്കെ തെളിയുകയുള്ളൂ.’ കലാഭവൻ മണിയുടെ മരണത്തിന് പിന്നാലെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് നടൻ ജാഫർ ഇടുക്കിയുടെ പ്രതികരണമാണിത്. വിവിധ മാധ്യമങ്ങള്‍ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മണിയുടെ മരണശേഷം അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് മനസ് തുറന്നത്.

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസുകളില്‍ ആരോപണവിധേയനായതോടെ സിനിമയിൽ നിന്നുള്ള അവസരങ്ങൾ കുറഞ്ഞു. പലരും എന്നെ വിളിക്കാതായി. എകദേശം ഒരുവർഷത്തോളം പൂർണമായും മാറി നിൽക്കേണ്ടി വന്നു.  മണിയുമായി അത്രത്തോളം ആത്മബന്ധം ഉണ്ടായിരുന്ന ആളാണ് ഞാൻ. 

ഏതു രാജ്യത്തു പരിപാടികൾക്ക് പോയാലും അദ്ദേഹം എന്നെയും കൂടെക്കൂട്ടുമായിരുന്നു. ഒരുമിച്ച് ഒരു റൂമിൽ കിടന്നുറങ്ങുമായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു രണ്ടു ദിവസം മുന്‍പ് ഞാനും അവിടെ ചെന്നിരുന്നു എന്നതിനെ തുടർന്നാണു ഇൗ വിവാദങ്ങളിൽ എന്റെ പേരും വലിച്ചിഴക്കപ്പെട്ടത്– ജാഫർ ഇടുക്കി പറഞ്ഞു.

തോപ്പില്‍ ജോപ്പനില്‍ അഭിനയിക്കാന്‍ മേക്കപ്പ് ഇട്ടതിനു ശേഷമാണ് പിന്മാറിയത്. േമക്കപ്പ് ഇട്ട് ഇരുന്നതിനു ശേഷം വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നി. മണി ഭായി മരണപ്പെട്ടു രണ്ടു മാസത്തിനു ശേഷമായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. ആ സമയത്തു ഞാൻ പെട്ടെന്ന് കുറേ ഓർമകളിലേക്കു പോയി. അങ്ങനെ അതു വേണ്ടെന്നു വെച്ചു.  ചാനലുകളിലും പത്രങ്ങളിലും വരുന്ന ആരോപണങ്ങള്‍ കുടുംബാംഗങ്ങള്‍ക്കു വലിയ വിഷമമാണ് ഉണ്ടാക്കിയത്.‌

വളരെ അസ്വസ്ഥമായി ഇരിക്കുമ്പോഴാണ് ആശ്വാസമായി നാദിർഷ ഇക്ക വരുന്നത്. അവർക്കൊപ്പം അമേരിക്കൻ ട്രിപ്പിനു പോകാൻ എനിക്ക് അഡ്വാൻസും തന്നു. പക്ഷേ ആ ട്രിപ്പിനു ഞാൻ പോയില്ല. ആ തുക അവർ തിരികെ ചോദിച്ചിട്ടുമില്ല. മഹേഷിന്റെ പ്രതികാരത്തിലെ വേഷത്തിനു നല്ല പ്രതികരണം ലഭിച്ചു നില്‍ക്കുമ്പോഴായിരുന്നു മണിയുടെ മരണം. സിനിമയില്‍നിന്ന് അകന്നുപോയ എന്നെ നാദിര്‍ഷയാണ് വീണ്ടും തിരിച്ചു കൊണ്ടുവരുന്നത്. അദ്ദേഹത്തിന്റെ കട്ടപ്പനയിലെ ഹൃതിക് റോഷനിൽ അഭിനയിച്ചു. രണ്ടാം വരവിലിപ്പോള്‍ പന്ത്രണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.’– ജാഫർ ഇടുക്കി പറയുന്നു.

MORE IN ENTERTAINMENT
SHOW MORE