‘ആരാധക’രോഷം തുടരുന്നു; സജിത മഠത്തിലും ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു

sajitha-madathil
SHARE

ചലച്ചിത്ര പുരസ്കാര ദാന ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പിന്നാലെ സോഷ്യല്‍ ഇടങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ഒരുവിഭാഗം താരാരാധകരുടെ ‘ആക്രമണങ്ങള്‍’ക്ക് ശമനമില്ല. സംവിധായകന്‍ ഡോ.ബിജുവിന് പിന്നാലെ നടി സജിത മഠത്തിലും സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് തന്‍റെ ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ തനിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

മോഹന്‍ലാല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് സര്‍ക്കാരിന് ഭീമ ഹര്‍ജി നല്‍കിയതാണ് പ്രകോപനങ്ങളുടെ തുടക്കം. ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ബിജുവിന്‍റെ പേജില്‍ ആരാധക രോഷം ശക്തമായിരുന്നു. അതിന് പിന്നാലെയാണ് സജിത മഠത്തിലും സമാനമായ ആക്രമണം നേരിട്ടത്. പ്രതിഷേധങ്ങളെ തള്ളി മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

സജിത മഠത്തില്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:

താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാൽ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈൽ പേജും തൽക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും.

പേജ് ഡിലീറ്റ് ചെയ്ത് ഡോ.ബിജു ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പ്: 

എന്റെ പേരിൽ ഒരു പേജ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്തു നിന്നു തന്നെയുള്ള ചിലരുടെയും ഭാഗത്ത് നിന്ന് നൂറ് കണക്കിന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയും ആണ് വന്നുകൊണ്ടിരിക്കുന്നത്..അതുകൊണ്ട് ആ പേജ് ഡിലിറ്റ് ചെയ്യുകയാണ്.താരങ്ങളുടെ അനുയായികൾ ആണ് എന്നവകാശപ്പെടുന്നത് കൊണ്ട് തന്നെ കേസ് കൊടുത്തിട്ടും നിലവിലെ സംവിധാനത്തിൽ വലിയ കാര്യമില്ല എന്ന് അറിയാം. ആയതിനാൽ ഇതേ ഉള്ളൂ മാർഗ്ഗം. ടെലിഫോണിൽ വരുന്ന അസഭ്യ സന്ദേശങ്ങളും അധിക്ഷേപങ്ങളും വേറെ ഉണ്ട്..സാംസ്കാരിക കേരളത്തിൽ സാധാരണക്കാരായ മനുഷ്യർക്ക് മേൽ സംഘടിത അസഭ്യവും, ഭീഷണിയും, വ്യക്തി വർണ്ണ അധിക്ഷേപങ്ങളും ആവോളമുണ്ടാകുമ്പോൾ അവർ പൂർണ്ണമായും ഒറ്റയ്ക്കാണ് എന്ന ബോധം ഉണ്ടാകുന്നു. കൾച്ചറൽ ഫാസിസം ഈ നാട്ടിൽ ഇല്ലല്ലോ...

ഇത് പേഴ്‌സണൽ പ്രൊഫൈൽ ആണ്.ഇവിടെ വല്ലപ്പോഴും ഉണ്ടാകും . സുഹൃത്തുക്കളോട് മാത്രം സംവദിച്ചാൽ മതിയല്ലോ. ഒന്നു മാത്രം പറയാം സംഘടിത തെറി വിളി കൊണ്ടും വ്യക്തിഹത്യ കൊണ്ടും അഭിപ്രായങ്ങൾ നിശ്ശബ്ദമാക്കാം എന്ന് ആരും കരുതരുത്

MORE IN ENTERTAINMENT
SHOW MORE