പ്രഭാസിനെപ്പോലൊരു മരുമകനെയാണ് ആഗ്രഹം, പക്ഷേ; അനുഷ്കയുടെ അമ്മ പറയുന്നു

anushka-mother
SHARE

ബാഹുബലി–2 എന്ന ബ്രഹ്മാണ്ഡ ചിത്രം പുറത്തിറങ്ങിയ ശേഷം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന വാർത്തയാണ് പ്രഭാസിന്റെയും അനുഷ്ക ഷെട്ടിയുടെയും വിവാഹവും പ്രണയവും. പ്രിയ താരങ്ങളെ ജീവിതത്തിലും ഒരുമിച്ച് കാണാൻ ആരാധകർ അത്രയ്ക്ക് ആഗ്രഹിക്കുന്നുമുണ്ട്. 36 വയസുള്ള അനുഷ്കയും 38 വയസുള്ള പ്രഭാസും ഇപ്പോഴും വിവാഹിതരാകാതെ തുടരുന്നതും ഈ ഗോസിപ്പുകൾക്ക് ശക്തി പകരുന്നു. 

എന്നാൽ ഇത്തരം വാർത്തകളൊക്കെ ഇരുവരും നിഷേധിച്ചതുമാണ്.  അനുഷ്ക ഉടൻ തന്നെ വിവാഹിതയാകുമെന്ന വാർത്തയാണ് കേൾക്കുന്നത്. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനുഷ്കയുടെ അമ്മ പ്രഫുല്ല ഷെട്ടി. 

'അനുഷ്കയും പ്രഭാസും അഭിനേതാക്കളാണ്. അവർ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. പ്രഭാസിനെ പോലെ സ്വഭാവഗുണമുള്ള മരുമകനെ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷേ അവർ നല്ല സുഹൃത്തുക്കൾ മാത്രമാണ്. അവരുടെ വിവാഹത്തക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ദയവായി അവസാനിപ്പിക്കൂ'. പ്രഫുല്ല ഷെട്ടി പറഞ്ഞതായി ഒരു തെലുങ്ക് മാധ്യമം റിപ്പോർട്ട് ചെയ്തു.

നേരത്തെ പ്രഭാസുമായുള്ള വിവാഹത്തെക്കുറിച്ച് അനുഷ്കയോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. 'ഞങ്ങൾ വിവാഹിതരാകുന്നില്ല. യഥാർത്ഥ ജീവിതത്തിലും ബാഹുഹലി–ദേവസേന കെമിസ്ട്രി പ്രതീക്ഷിക്കരുത്. അത് സ്ക്രീനിൽ മാത്രമാണ്.' 

എന്തായാലും ഈ വാർത്തകൾ ഇരുവരുടെയും ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. നിലവിൽ സഹോ എന്ന ചിത്രത്തിലാണ് പ്രഭാസ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബാഗ്‍മതിക്ക് ശേഷം അനുഷ്കയുടേതായി ചിത്രങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

MORE IN ENTERTAINMENT
SHOW MORE