ഫഹദ്, നിങ്ങള്‍ നസ്രിയയുടെ ചിറകുകൾക്കടിയിലെ കാറ്റ്; അഞ്ജലി കുറിച്ചത്

anjali-nazriya-fahadh
SHARE

മലയാളി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ‘കൂടെ’ എന്ന ചിത്രത്തിനായി. അതിനുള്ള കാരണങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും ഏറ്റവും പ്രധാനം വിവാഹത്തിന് ശേഷം  പ്രിയ നായിക നസ്രിയ തിരിച്ചെത്തുന്ന ചിത്രം എന്നതുകൊണ്ടാണ്. ഇപ്പോഴിതാ നസ്രിയയെയും ഫഹദ് ഫാസിലിനെയും അഭിനന്ദിച്ച് സംവിധായിക അഞ്ജലി മേനോൻ രംഗത്തെത്തിയിരിക്കുന്നു. നസ്രിയയ്ക്കായി ഫഹദ് ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് ഒരുപാട് ഇഷ്ടമായെന്ന് തുറന്നുപറഞ്ഞ സംവിധായിക ബാംഗ്ലൂർ ഡെയ്സിന്റെ ചിത്രീകരണ സമയത്തുണ്ടായ ഒരു അനുഭവവും പങ്കു വച്ചയ്ക്കുന്നു.. 

'ബാംഗ്ലൂർ ഡെയ്സ് ഷൂട്ടിംഗിന്റെ അവസാനദിവസം എല്ലാവരും പിരിയുന്നതിന്റെ സങ്കടത്തിലായിരുന്നു. അത് മാറ്റാൻ ഷൂട്ടിംഗ് കഴിഞ്ഞ് ഫഹദ്, നസ്രിയ, ദുൽഖർ, അമാൽ, നിവിൻ, റിന്ന, നിവിന്റെ മകൻ, ഞാൻ എല്ലാവരും ചേർന്ന് ഡിന്നറിന് പോയി. വരാനിരിക്കുന്ന ഫഹദ്–നസ്രിയ വിവാഹമായിരുന്നു ഞങ്ങളുടെ പ്രധാന ചർച്ചാ വിഷയം. വിവാഹത്തോടെ നസ്രിയ അഭിനയം നിർത്തുമെന്ന സ്ഥിരം ഊഹാപോഹങ്ങളിലേക്ക് ചർച്ച എത്തി. ഇത് കേട്ട് അസ്വസ്ഥനായ ഫഹദ് പറഞ്ഞു, അഞ്ജലി, നിങ്ങളുടെ അടുത്ത സിനിമയിൽ നസ്രിയയെ കാസ്റ്റ് ചെയ്യണം. അവൾ അഭിനയിക്കുന്നത് എനിക്കിഷ്ടമല്ലെന്ന് മറ്റുള്ളവർ എന്തിന് വെറുതെ ചിന്തിക്കണം!'

'ഫഹദിന്റെ വാക്കുകൾ എന്നെ സന്തോഷിപ്പിച്ചു. നാല് വർഷങ്ങൾക്ക് ശേഷം നസ്രിയ ശരിയ്ക്കും എന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാകുകയും നസ്രിയ അഭിനയിക്കുന്നത് കാണാൻ ഫഹദ് സെറ്റിൽ വരികയും ചെയ്തപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി. സെറ്റുകളിൽ എപ്പോഴും ഞാൻ തിരക്കുകളിലായിരുന്നതിനാൽ ഫഹദുമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, ഒരു കാര്യം ഞാൻ പറയാൻ ആഗ്രഹിക്കുന്നു... ഫഹദ്... അവളുടെ ചിറകുകൾക്കടിയിലെ കാറ്റായി കൂടെയുള്ളത് തീർച്ചയായും മഹത്തായ കാര്യമാണ്. ആശംസകൾക്ക് നന്ദി. നസ്രിയ–ഫഹദ് ... സന്തോഷമായിരിക്കൂ!'     

മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡെയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്നചിത്രമാണ് ‘കൂടെ’. നാലു വർഷങ്ങൾക്കു ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയുമായെത്തുന്ന ചിത്രത്തിലെ ‘ആരാരോ’ എന്ന ഗാനത്തിന്റെ ടീസറും ഇന്നു പുറത്തുവന്നു. റഫീക്ക് ആഹമ്മദ് എഴുതിയ വരികൾക്ക് ഇൗണം കൊടുത്തിരിക്കുന്നത് രഘു ദീക്ഷിത് ആണ്. ആൻ ആമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ, പാർവതി, നസ്രിയ നസീം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർത്ഥ് മേനോൻ, മാലാ പാർവതി, വിജയരാഘവൻ, സംവിധായകൻ രഞ്ജിത്ത് എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. 2012–ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജൂലൈ 6ന് സിനിമ തീയറ്ററുകളിലെത്തും.

MORE IN ENTERTAINMENT
SHOW MORE