യഥാര്‍ഥ ഏദന്‍തോട്ടത്തിലെ ‘രാമന്‍’ ഇതാ; കാടുണ്ടാക്കാനായി ഈ ജീവിതം

subendu
SHARE

അകലെയൊരു കാടിന്റെ

നടുവിലൊരു പൂവിൽ..

നുകരാതെ പോയ മധു മധുരമുണ്ടോ..

അവിടെ വന്നിളവേറ്റ

നാട്ടു പെൺപക്ഷിതൻ

കഥ കേൾക്കുവാൻ.. കാതു കാടിനുണ്ടോ...

കാടിന്റെ സൗന്ദര്യം വരികളിലൂടെയും ഫ്രെയിമുകളിലൂടെയും വരച്ചിട്ടുതന്ന ചിത്രമായിരുന്നു രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത രാമന്റെ ഏദൻതോട്ടം. നാടുവിട്ട് ഒരുദിവസമെങ്കിലും കാടിന്റെ വന്യതയിലും നിശബ്ദതയിലും സൗന്ദര്യത്തിലും അലിയാൻ കൊതിക്കാത്തവർ ആരുണ്ട്. പക്ഷെ അതിനുവേണ്ടി സ്വന്തമായി കാടുണ്ടാക്കുന്നതിനെപ്പറ്റി ചിന്തിക്കാനാകുമോ? അതുകൊണ്ടുതന്നെ നാട്ടിൽ നിന്നും അകന്ന് കാടുണ്ടാക്കുന്ന കുഞ്ചാക്കോ ബോബന്റെ രാമൻ എന്ന കഥാപാത്രം അത്ഭുതമായിരുന്നു. ജോലി ഉപേക്ഷിച്ച് നാടുപേക്ഷിച്ച് ഫ്ലാറ്റിലും നാട്ടിലുമൊക്കെ കാടുണ്ടാക്കുന്ന ആരെങ്കിലും ഉണ്ടോയെന്ന ചോദ്യം സംവിധായകനോടാണെങ്കിൽ ഉത്തരം ഉണ്ടെന്നുതന്നെയാണ്; ശുഭേന്ദു ശർമ്മ. 

ലോകവനദിനത്തിൽ അറിയാം ലക്ഷങ്ങൾ ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് കാടുണ്ടാക്കാൻ ഇറങ്ങിയ ശുഭേന്ദുശർമ എന്ന ചെറുപ്പക്കാരനെക്കുറിച്ച്. നിങ്ങളുടെ ഫ്ലാറ്റിൽ വേണമെങ്കിൽ ഞാൻ കാടുണ്ടാക്കി തരാമെന്ന് രാമൻ പറയുന്നതുപോലെ ശുഭേന്ദുവും പറയുക മാത്രമല്ല കാടുണ്ടാക്കി തരുകയും ചെയ്യും. ഇതിനോടകം 9 രാജ്യങ്ങളിലും, 38 നഗരങ്ങളിലുമായി 111 കാടുകൾ ശുഭേന്ദു സൃഷ്ടിച്ചിട്ടുണ്ട്.  ഇന്ത്യയിൽ മാത്രമല്ല പകിസ്ഥാനിലെ കറാച്ചിയിലും ശുഭേന്ദു കാടുകൾ വളർത്തി നൽകി. 

subendu2

കാടുണ്ടാക്കുന്നവരിൽ പ്രശസ്തനാണ് ജപ്പാന്‍കാരനായ പരിസ്ഥിതി സംരക്ഷൻ അക്കിര മിയാവാക്കി. കാടുണ്ടാക്കുക എന്ന ആശയം ലോകത്തിനുമുമ്പിൽ പ്രാവർത്തികമാക്കിയ വ്യക്തിയാണ് അക്കിര.  അക്കിര മിയാവാക്കിയോടൊപ്പം പ്രകൃതിസംരക്ഷണ വർക്‌ഷോപ്പിൽ പങ്കെടുത്തതാണ് ശുഭേന്ദുവിന്റെ ജീവിതത്തിലെ വഴിത്തിരിവ്. നാടിൽ കാടുവളർത്തുന്ന ആശയം ശുഭേന്ദുവിന് പ്രചോദനമായി. ആശയം ആദ്യം പ്രാവർത്തികമാക്കിയത് ഉത്തരഖണ്ഡിലുള്ള സ്വന്തം വീടിന്റെ ബാൽക്കണിയിൽ. ബാൽക്കണി കുഞ്ഞൻ കാടായി, അതിൽ ചിത്രശലഭങ്ങളും കുഞ്ഞികുരുവികളുമൊക്കെ ചേക്കേറാൻ തുടങ്ങിയത് പുതുപ്രതീക്ഷ നൽകി. കൂടുതൽ ആലോചിക്കാൻ നിൽക്കാതെ 2011ൽ ജോലി ഉപേക്ഷിച്ചു.

ജോലി ഉപേക്ഷിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. കാടുണ്ടാക്കാനാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ വീട്ടുകാർ മകന് ഭ്രാന്താണെന്ന് പറഞ്ഞു. വീട്ടുകാരെ അറിയിക്കാതെ ഒരു ആറുമാസത്തോളം കൂട്ടുകാരോടൊപ്പം ആശയം പ്രാവർത്തികമാക്കാനുള്ള ശ്രമവുമായി ബെംഗളൂരുവിൽ അലഞ്ഞു. 

വിപണിയില്ലാത്ത ഒന്നിന് വിപണിയുണ്ടാക്കിയെടുക്കുക വെല്ലുവിളിയായിരുന്നു. വെല്ലുവിളികളെ നിശ്ചയംദാർഢ്യം കൊണ്ട് അതിജീവിച്ചു. ജർമൻ സ്വദേശിയായ ഒരു ഫർണിച്ചർ കടക്കാരനായിരുന്നു ആദ്യത്തെ ഉപഭോക്താവ്. 10,000 മരങ്ങൾ വച്ചുപിടിപ്പക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ആവശ്യം സാധിച്ചുനൽകിയതോടെ നഗരത്തിൽ പലയിടത്തും ചെറുകാടുകൾ നിർമിക്കാനുള്ള ചുമതല ലഭിച്ചുതുടങ്ങി. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വരെ കാടുണ്ടാക്കാൻ പലരും ക്ഷണിച്ചു. മിയാവാക്കി പറഞ്ഞുകൊടുത്ത പാഠങ്ങളോടൊപ്പം ഇന്ത്യയിലെ മണ്ണിന്റെ ഘടനയും മനസിലാക്കിയായിരുന്നു ശുഭേന്ദുവിന്റെ കാടുനിർമാണം. ഇന്ത്യയിലെ മണ്ണിൽ വളരുന്ന വിത്തുകൾ തിരഞ്ഞെടുത്തു.  മരങ്ങളുടെ തൈകൾ ശുഭേന്ദുതന്നെ മണ്ണിൽവച്ചു. 

subendu3

വളത്തോടൊപ്പം മരത്തോടുള്ള സ്നേഹവു‌ം കൂടി ചേർന്നതോടെ കാടുകൾ വളർന്നു. ബാർക്കണിയിൽ നിന്ന് ആപ്പിളുകളും ഓറഞ്ചുകളും മറ്റുഫലങ്ങളും പറിക്കാൻ സാധിച്ചു. മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടവും കാടിന്റെ തണുപ്പും വീട്ടിൽ കിട്ടിത്തുടങ്ങിയതോടെ ആശയത്തോട് യോജിപ്പുമായി ഒരുപാട്പേർ വന്നു.  ശുഭേന്ദുവിന്റെ ആശയം അഫോറെസ്റ്റ് എന്ന കമ്പനിയായി മാറി. പണത്തേക്കാൾ വലുത് പ്രകൃതിയാണെന്ന ചിന്താഗതിയുള്ളവരാണ് ഓരോരുത്തരും. നഗരങ്ങളിൽ വനവത്കരണം എന്ന സ്വപ്നവുമായി ഒരേ മനസോടെ അഫോറസ്റ്റിന്റെ അണിയറപ്രവർത്തകർ അനുദിനം മുന്നേറുകയാണ്. 

MORE IN ENTERTAINMENT
SHOW MORE