അഷ്റഫ് വെള്ളിത്തിരയിലേക്ക‌‌്; കരുത്തുറ്റ വേഷത്തില്‍ മമ്മൂട്ടി: തിരക്കഥയൊരുക്കി ടിനി ടോം

mammootty-tini-ashraf
SHARE

ലോകമാകെ നന്മ പടര്‍ത്തിയ യുഎഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു. 12 വർഷത്തെ പ്രവാസലോകത്തെ സാമൂഹിക ജീവിതത്തിനിടയിൽ അയ്യായിരത്തോളം മൃതദേഹങ്ങൾ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ച മനുഷ്യസേനേഹിയുടെ വേഷത്തിലെത്തുന്നത് മലയാളത്തിന്‍റെ പ്രിയപ്പെട്ട മമ്മൂട്ടി. നടനും മിമിക്രി താരവുമായ ടിനി ടോമാണ് ദുബായില്‍ വാര്‍ത്ത വെളിപ്പെടുത്തിയത്. ടിനിയാണ് ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കുന്നത്. 

കഥയുമായി സമീപിച്ചപ്പോൾ, മമ്മൂക്ക മുന്നോട്ടുവച്ച ഏക നിർദേശം ചിത്രം ഒരിക്കലും ഒരു ഡോക്യുമെന്‍ററി തലത്തിലേയ്ക്ക് പോകരുതെന്നായിരുന്നു. അങ്ങനെയാകാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് ഞങ്ങൾ. അഷ്റഫ് എന്ന സാമൂഹിക പ്രവർത്തകന്‍റെ ജീവിതം അപ്പാടെ പകർത്തുകയല്ല, അദ്ദേഹത്തിന്‍റെ ഇടപെടലുകളിലൂടെ പ്രവാസി ജീവിതത്തിന്‍റെ തീവ്രതയും ഉൗഷ്മളതയും ലോകത്തെ അറിയിക്കുകയാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം, പ്രവാസി മലയാളികളുടെ ഇടയിലെ രസകരമായ സംഭവങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെയും പറയും– ടിനി പറഞ്ഞു.

tini-tom

പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കൂടിയായ കോഴിക്കോട് താമരശ്ശേരി സ്വദേശി അഷ്റഫിന്‍റെ ജീവിതമാണ് ടിനി അഭ്രപാളികളിലെത്തിക്കുക. സ്വന്തം ബിസിനസ് മറ്റുള്ളവരെ ഏൽപിച്ച് യാതൊരു സാമ്പത്തിക നേട്ടവും ആഗ്രഹിക്കാതെ, പുലർച്ചെ മുതൽ മൃതദേഹങ്ങൾക്ക് പിന്നാലെ അലയുന്ന അഷ്റഫ് ലോകത്തിന് ഒരു അത്ഭുതമാണ്. ഒരാൾ മരിച്ചാൽ, അത് ഏത് രാജ്യം, മതം, ഭാഷ, നിറം ഇതൊന്നും നോക്കാതെ ആ മൃതദേഹം അയാളുടെ നാട്ടിലേക്ക് കയറ്റി അയക്കാനുള്ള യുഎഇയിലെ നിയമനടപടികൾ പൂർത്തിയാക്കാൻ ബന്ധുക്കളെ  സഹായിക്കുന്ന അഷ്റഫിനെ പോലെ ഒരു വ്യക്തി ലോകത്തെവിടെയും ഉണ്ടായിരിക്കില്ല– ടിനി പറഞ്ഞു. 

ബോളിവു‍ഡ് താരം ശ്രീദേവിയുടെ മരണത്തോടെയായിരിക്കും ചിത്രം ആരംഭിക്കുക. അഷ്റഫിന്‍റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നല്‍കി എന്നും കൂടെ നടക്കുന്ന ഷിന്‍റോ, സദാശിവൻ എന്നീ കഥാപാത്രങ്ങളെ സൗബിൻ ഷാഹിറും ഹരീഷ് കണാരനും അവതരിപ്പിക്കും. നായികയെ തീരുമാനിച്ചിട്ടില്ല. മറ്റു കഥാപാത്രങ്ങളെ യുഎഇയിൽ നിന്ന് തിരഞ്ഞെടുക്കും. ഇവിടുത്തെ തിയറ്റർ രംഗത്ത് പ്രവർത്തിക്കുന്നവർക്കും അല്ലാത്തവർക്കും അവസരം നൽകും. ഏപ്രിലിൽ തിരക്കഥയുടെ പൂർണരൂപമാകും. മലയാളത്തിലെ പ്രമുഖ സംവിധായകനായിരിക്കും ചിത്രം ഒരുക്കുക. തിരക്കഥാ രചനയ്ക്ക് സതീഷ് സഹായിക്കുന്നു.

1995 മുതല്‍ ഞാൻ യുഎഇയിലെ സന്ദർശകനാണ്. ജീവിതത്തിൽ ഒാർക്കാനുള്ള ഒരു ദിവസമാണ് അഷ്റഫ് ഇന്നലെ സമ്മാനിച്ചത്. ഒട്ടേറെ തിരിച്ചറിവുകളും ഇത് പകർന്നുതന്നു.  ഒരു നിയോഗം പോലെ ഞാന്‍ ഈ പദ്ധതിയിൽ എത്തിപ്പെട്ടു. പിന്നീട് ഇതെന്‍റെ സ്വപ്‍നപദ്ധതിയായി മാറി. സാമ്പത്തിക നേട്ടത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല ഞാനിത് ഏറ്റെടുത്തത്. അതിനൊക്കെയുള്ള മരുന്ന് എന്‍റെ കൈയിൽ വേറെയുണ്ട്.  എന്ത് പ്രതിസന്ധികൾ തരണം ചെയ്തും ഞാനീ സിനിമ യാഥാർഥ്യമാക്കും. മമ്മൂട്ടി എന്ന മഹാ നടന്‍റെ പൂർണ പിന്തുണ എനിക്കുണ്ട്. പിന്നെ അഷ്റഫിനെ സ്നേഹിക്കുന്ന, അദ്ദേഹത്തിന്‍റെ നന്മയ്ക്കായി പ്രാർഥിക്കുന്ന ഇൗ ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള ആയിരക്കണക്കിന് പേരുടെയും– ടിനി പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE