'വെറും മാഷല്ല, ഇയാള്‍ ഗുണ്ടാ മാഷാ...' മാസ്റ്റര്‍പീസിലെ ഇടിയന്‍ പ്രൊഫസറെ ട്രെയിലറില്‍ അജയ് വാസുദേവ് അവതരിപ്പിക്കുന്നത് അടിമുടി സ്റ്റൈലിഷായി. വന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത ടീസറിനും മെയ്ക്കിങ് വിഡിയോക്കും പിന്നാലെ പുറത്തിറങ്ങിയ ട്രെയിലറിനും യു ട്യൂബില്‍ ആഘോഷ വരവേല്‍പ്. തീയറ്ററുകളെ പൂരപ്പറമ്പാക്കാനുള്ള വിഭവങ്ങളാമ് സിനിമ നിറയെ എന്ന് സൂചിപ്പിക്കുന്നതാണ് 108 സെക്കന്‍ഡുകള്‍ നീളമുള്ള ട്രെയിലര്‍. കാമ്പസിന്റെ ചൂടും ചൂരും ഓരോ ഫ്രെയ്മിലും നിറയുന്നു. ഉണ്ണി മുകുന്ദന്‍ മമ്മൂട്ടിക്കൊപ്പം സ്റ്റൈലിഷ് ആക്ഷന്‍ സീക്വന്‍സുകളില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ആഘോഷവിരുന്ന് ഉറപ്പ്.
പോക്കിരിഭാവമുള്ള ഇംഗ്ലീഷ് പ്രൊഫസറയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തുന്നത്. രാജാധിരാജ ഒരുക്കിയ യുവ സംവിധായകന്‍ അജയ് വാസുദേവിന്റെ രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണയാണ്. ഡിസംബര്‍ 21ന് ഇരുന്നൂറ്റമ്പതോളം തീയറ്ററുകളില്‍ ചിത്രം എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ടീസറില്‍ യുവതാരങ്ങളും മുകേഷും സന്തോഷ് പണ്ഡിറ്റുമടക്കം കയ്യടിനേടുന്നു. പൂനം ബാജ്വയും വരു ശരത്കുമാറും അടക്കം മൂന്ന് നായികമാരും ചിത്രത്തില്‍ ശ്രദ്ധേയ സാനിധ്യമാകുന്നു.