'എന്തിനാടാ ചക്കരേ അച്ചൻ പട്ടത്തിനു പോയെ?' വൈറലായി വൈദികന്റെ മറുപടി

at-the-north-eastern-corner
SHARE

 'എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത്' എന്ന ഹ്രസ്വചിത്രമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.  എന്തിനാടാ ചക്കരേ നീ അച്ഛൻ പട്ടത്തിനു പോയതെന്ന നായികയുടെ ചോദ്യം സമൂഹമാധ്യമത്തിൽ വന്‍ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ പെൺകുട്ടിക്കുള്ള ഒരു മറുപടിയാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ജോസ് പുതുശ്ശേരി എന്ന വൈദികൻ നൽകിയ മറുപടി:

പോയതല്ല, തന്നെ വിളിച്ചതാണ് പ്രണയം തന്നെയായ ദൈവമെന്നു പറയുന്ന പോസ്റ്റ് വൈറലായി. പോസ്റ്റിൽ ഉടനീളം പറയുന്നത് ആ പ്രണയിനിക്കുള്ള ഉത്തരമാണ്. താൻ പോലുമറിയാതെ ഊണിലും ഉറക്കത്തിലും കളിയിലും കനവിലും കയറി വന്ന് അവൻ വന്നു വിളിച്ചു കൊണ്ടുപോയതാണ് എന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്.

''അമ്മയുടെ മടിത്തട്ടിലൂടെ, അപ്പന്റെ നെറ്റിയിലെ വിയർപ്പിലൂടെ, കൊച്ചു പെങ്ങളുടെ "ചേട്ടാ" വിളിയിലൂടെ, ചങ്കിന്റെ "ബ്രോ" വിളിയിലൂടെ, അച്ചന്റെ ശാസനത്തിലൂടെ, കന്യാസ്ത്രിയമ്മയുടെ തിരുത്തലിലൂടെ, പാട്ടിലൂടെ, പ്രസംഗത്തിലൂടെ, നാടകത്തിലൂടെയൊക്കെ വിളിച്ചത് അവനായിരുന്നടീ... കടലോളം പ്രണയമുള്ളവളേ, നിന്നോടും നിന്റെ പ്രണയത്തോടുള്ള മതിപ്പോടും കൂടി തന്നെ ഒരിക്കൽ കൂടി കുറിക്കട്ടെ - പോയതല്ലടീ പെണ്ണേ, വിളിച്ചതാണ്,,, പ്രണയം തന്നെയായ ദൈവം..'' 

ഫേസ്ബുക് പോസ്റ്റിലേക്ക്... 

#പോയതല്ലടീ #പെണ്ണേ, #വിളിച്ചതാണ്..

#പ്രണയം #തന്നെയായ #ദൈവം......

എന്തിനാടാ ചക്കരേ നീ അച്ചൻ പട്ടത്തിന് പോയത്???????

സുന്ദരിയായ ഒരു കൊച്ചുമിടുക്കി അവൾക്ക് പ്രണയം തോന്നിയ ഒരു കൊച്ചച്ചനോട് ചോദിച്ച നല്ല ചന്തമുള്ള ചോദ്യമാണ്. ചില ഉത്തരങ്ങളുടെ പ്രസക്തി അതിന്റെ ചോദ്യങ്ങളിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് മാത്രം ആ പ്രണയിനിക്ക് ഒരു ഉത്തരം കൊടുത്താലോ എന്നു വിചാരിച്ചു.

"എന്തിനാടാ ചക്കരേ നീ അച്ചൻ പട്ടത്തിന് പോയത്?"

ഒറ്റവാക്കിൽ പറഞ്ഞാൽ,

പോയതല്ലടീ പെണ്ണേ, വിളിച്ചതാണ്...

ഞാൻ പോലും അറിയാതെ,

പിറകേ നടന്ന്, 

ഊണിലും, ഉറക്കത്തിലും

കളിയിലും, കനവിലും കയറി വന്ന്

അവൻ വന്നു വിളിച്ചു കൊണ്ടുപോയതാണ്...

അമ്മയുടെ മടിത്തട്ടിലൂടെ, അപ്പന്റെ നെറ്റിയിലെ വിയർപ്പിലൂടെ, കൊച്ചു പെങ്ങളുടെ "ചേട്ടാ" വിളിയിലൂടെ, ചങ്കിന്റെ "ബ്രോ" വിളിയിലൂടെ, അച്ചന്റെ ശാസനത്തിലൂടെ, കന്യാസ്ത്രിയമ്മയുടെ തിരുത്തലിലൂടെ, 

പാട്ടിലൂടെ, പ്രസംഗത്തിലൂടെ, നാടകത്തിലൂടെയൊക്കെ വിളിച്ചത് അവനായിരുന്നടീ...

ഇത് പറയുമ്പോ, 

അനുവാദം കൂടാതെ കയറി വന്ന് വിളിച്ചോണ്ടു പോയി എന്ന സങ്കടമൊന്നുമല്ലട്ടോടീ പെണ്ണേ

മറിച്ച്,

വിളി കിട്ടിയാൽ മാത്രം യാത്ര ചെയ്യാനും

മുഴുമിപ്പിക്കാനും കഴിയുന്ന 

യാത്രയാണിതെന്ന് നിന്നോട് പറയാനാണ്.

ഈ വഴിയിൽ നടക്കണമെന്ന കൊതിയോടെ

ചെരുപ്പും മാറാപ്പുമൊക്കെ എടുത്ത് 'പോയ'

ഒത്തിരി പേരുണ്ട്,

പക്ഷേ, അവസാന ലാപ്പിൽ എത്തുമ്പോ

കല്യാണക്കുറി കാണിക്കണം,

അതായത്, വിളിച്ചിട്ടുണ്ടാവണം എന്ന് ചുരുക്കം...

ഇനി കസൻദ് സാക്കിസിന്റെ ഫ്രാൻസീസിനെ കുറിച്ചുള്ള പ്രണയാർദ്രമായ ഒരു സ്വപ്നം കൂടി കുറിച്ചിട്ട് ഞാൻ നിറുത്തിയേക്കുവാണേ,,,

പ്രണയത്തിലായിരുന്നു ഫ്രാൻസീസും ക്ലാരയും. പൊടുന്നനെ ഒരു ദിനം ഫ്രാൻസീസ് ചുവടുമാറുന്നതായി ക്ലാരയ്ക്ക് ഒരു സംശയം. അവനിൽ ആദ്യം ഉണ്ടായിരുന്ന പ്രണയം നുരയുന്നില്ല, തന്നേക്കാളധികം മറ്റാരോടോ ഉള്ള അനുരാഗം അവനിൽ സ്ഫുരിക്കുന്നുണ്ട്, തുടങ്ങിയ ഒത്തിരി ആശങ്കകൾ. അനാവശ്യമായ തെറ്റിദ്ധാരണകൾക്കിടം നൽകാതെ ക്ലാര ചോദ്യം ഫ്രാൻസീസിനോട് തന്നെ ചോദിക്കുകയാണ്. എന്തുകൊണ്ടാണ് നിനക്ക് എന്നോട് ആദ്യം ഉണ്ടായിരുന്ന പ്രണയം ഇല്ലാത്തത്? അതോ, നിനക്ക് മറ്റാരോടെങ്കിലും പ്രണയം തോന്നുന്നുണ്ടോ എന്നൊക്കെ?

ഫ്രാൻസീസിൽ നിന്ന് ക്ലാര പ്രതീക്ഷ ഉത്തരത്തെക്കാളുപരി , അവളുടെ സകല സ്വപ്നങ്ങളേയും തകർക്കുന്ന ഒരു ഉത്തരമാണ് ഫ്രാൻസീസിന്റെ നാവിൽ നിന്നും വീണത്.

അവന് പ്രണയം തോന്നിയിരിക്കുന്നു. ഇന്നലെ വരെ തന്റെ പ്രണയകവാടത്തിന്റെ കാവൽക്കാരനായിരുന്നവൻ ഇന്ന് മറ്റാരുമായോ അനുരാഗത്തിന്റെ കനവുകൾക്ക് നിറമേകുന്നതിൽ വ്യാപൃതനാണ്.

കൂടുതൽ വ്യക്തതയാഗ്രഹിച്ച ക്ലാരയോട് ഫ്രാൻസീസ് പറഞ്ഞു.

അതേ, ഞാൻ പ്രണയത്തിലാണ്,

തീവ്രാനുരാഗത്തിലാണ് -

എന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന എന്റെ ദൈവത്തോട്...

നിന്റെ പ്രണയം എന്റെ ഇരുൾ വീണ നടവഴികളിൽ

ഒരു മിന്നാമിനുങ്ങിന്റെ വെട്ടം തന്നിട്ടുണ്ട് എന്നത് സത്യമാണ്

എന്നാൽ,

എന്റെ ദൈവം സൂര്യനെപ്പോലെ എന്റെ മുൻപിൽ ഉദിച്ചു നിൽക്കുമ്പോൾ

ഈ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിന് തീർത്തും പ്രസക്തിയില്ലാതായിപ്പോകുന്നു...

കടലോളം പ്രണയമുള്ളവളേ,

നിന്നോടും നിന്റെ പ്രണയത്തോടുള്ള മതിപ്പോടും കൂടി തന്നെ

ഒരിക്കൽ കൂടി കുറിക്കട്ടെ - 

പോയതല്ലടീ പെണ്ണേ, വിളിച്ചതാണ്,,,

പ്രണയം തന്നെയായ ദൈവം......

MORE IN ENTERTAINMENT
SHOW MORE