അദാനി ഓഹരികളില്‍ നിന്ന് കാശ്‍ വാരി എല്‍ഐസി; ഒറ്റവര്‍ഷത്തെ നേട്ടം 22,378 കോടി രൂപ

adani-lic-investment
SHARE

രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കിടയിലും അദാനി ഓഹരികളിലെ നിക്ഷേപത്തിലൂടെ മികച്ച ലാഭം നേടി പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍. ഒരു വര്‍ഷത്തിനിടെ അദാനി ഓഹരികളില്‍ നിന്നുള്ള എല്‍ഐസിയുടെ റിട്ടേണ്‍ 59 ശതമാനമാണ്. 2023 മാര്‍ച്ച് 31 ന് അദാനി ഓഹരികളില്‍ 38,471 കോടി രൂപയായിരുന്ന എല്‍ഐസിയുടെ നിക്ഷേപ മൂല്യം. 2024 സാമ്പത്തിക വര്‍ഷാവസാനത്തില്‍ ഇത് 61,210 കോടി രൂപയായി ഉയര്‍ന്നു. ഏഴ് അദാനി കമ്പനികളില്‍ നിന്നായി 59 ശതമാനം അഥവാ 22,378 കോടി രൂപയാണ് എല്‍ഐസിക്ക് നേടാനായത്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ മാത്രം ഏഴ് അദാനി ഓഹരികളില്‍ നിന്നായി 8,900 കോടി രൂപയുടെ ലാഭമാണ് എല്‍ഐസി ഉണ്ടാക്കിയത്.

എല്‍ഐസിക്ക് നിക്ഷേപമുള്ള അദാനി ഓഹരികളില്‍ ഒരു വര്‍ഷത്തിനിടെ മികച്ച റിട്ടേണ്‍ നല്‍കിയത് അദാനി ഗ്രീന്‍ എനര്‍ജിയും അദാനി പോര്‍ട്സും അദാനി എന്‍റര്‍പ്രൈസുമാണ്. അദാനി ഗ്രീന്‍ എനര്‍ജിയില്‍ എല്‍ഐസിയുടെ നിക്ഷേപം ഒരു വര്‍ഷത്തിനിടെ ഇരട്ടിയായി. നിക്ഷേപ മൂല്യം 3,937.32 കോടി രൂപ വര്‍ധിച്ചു. അദാനി പോര്‍ട്സിലെ നിക്ഷേപം 2023 മാര്‍ച്ച് 31 ലെ 12,450.09 കോടി രൂപയില്‍ നിന്ന് 22,776.89 കോടി രൂപയിലേക്ക് ഉയര്‍ന്നു. അദാനി എന്‍റര്‍പ്രൈസില്‍ 8,495.31 കോടി രൂപയായിരുന്നു 2023 മാര്‍ച്ച് 31 വരെ എല്‍ഐസിയുടെ നിക്ഷേപം. 2024 മാര്‍ച്ച് 31 നുള്ള കണക്ക് പ്രകാരം നിക്ഷേപ മൂല്യം 14,305.53 കോടി രൂപയായി ഉയര്‍ന്നു. 

രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപ സ്ഥാപനമായ എല്‍ഐസിയെ കൂടാതെ വിവിധ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്കും അദാനി ഓഹരികളില്‍ നിക്ഷേപമുണ്ട്. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി, അബുദാബി ആസ്ഥാനമായ ഐഎച്ച്‍സി, ഫ്രഞ്ച് ആസ്ഥാനമായ ടോട്ടല്‍ എനര്‍ജീസ്, യുഎസ് ആസ്ഥാനമായ ജിക്യുജി പാര്‍ട്ണേഴ്സ് അടക്കമുള്ള വിദേശ നിക്ഷേപകര്‍ക്ക് വിവിധ അദാനി ഓഹരികളിലായി 45000 കോടി രൂപയുടെ നിക്ഷേപമുണ്ട്. 

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തിരിച്ചടി നേരിട്ട കാലത്ത് എല്‍ഐസിയുടെ അദാനി നിക്ഷേപം സംബന്ധിച്ച് വിവാദങ്ങളുണ്ടായിരുന്നു. അതേസമയം ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം 2023 ഫെബ്രുവരിയില്‍ 27 ന് 29,024 കോടി രൂപയായിരുന്നു എല്‍ഐസിയുടെ അദാനി ഓഹരികളിലെ നിക്ഷേപ മൂല്യം. ഇതാണ് 61,210 കോടി രൂപയായി വര്‍ധിച്ചത്. 

അതേസമയം 2022 ഡിസംബര്‍ 31 ന് മുന്‍പുള്ള നിലവാരത്തില്‍ നിന്നും 20 ശതമാനം ഇടിവിലാണ് എല്‍ഐസി നിക്ഷേപങ്ങളുടെ മൂല്യം. 2022 മൂന്നാം പാദത്തിന്‍റെ അവസാനം 77,881 കോടി രൂപയായിരുന്നു എല്‍ഐസി നിക്ഷേപങ്ങളുടെ ആകെ മൂല്യം. അദാനി പോര്‍ട്സ്, അംബുജ സിമന്‍റ്, എസിസി എന്നി ഓഹരികളിലെ നിക്ഷേപം മാത്രമാണ് 2022 ഡിസംബറിന് മുന്‍പുള്ള നിലവാരത്തിലേക്ക് എത്തിയത്. 

LIC makes huge profit from adani stock investments in last year

MORE IN BUSINESS
SHOW MORE