പേടിഎം ഓഹരിയിലെ ഇടിവ് ഉപയോഗപ്പെടുത്തി നിക്ഷേപകര്‍; മാര്‍ച്ച് പാദത്തില്‍ വാങ്ങിക്കൂട്ടി

paytm-share
SHARE

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏകദേശം 40 ശതമാനത്തിന് മുകളിലാണ് പേടിഎം ഓഹരികളുടെ വിലയിലുണ്ടായ ഇടിവ്. എന്നാല്‍ ഈ ഇടിവ് നിക്ഷേപകര്‍ ഉപയോഗപ്പെടുത്തി എന്നാണ് മാര്‍ച്ച് പാദത്തിലെ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്‍റെ ഷെയര്‍ ഹോള്‍ഡിങ് പാറ്റേണ്‍ സൂചിപ്പിക്കുന്നത്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരും (എഫ്പിഐ) ആഭ്യന്തര നിക്ഷേപകരും റീട്ടെയില്‍ നിക്ഷേപകരും പേടിഎമ്മില്‍ തങ്ങളുടെ വിഹിതം ഉയര്‍ത്തിയെന്നാണ് കണക്ക്.

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഡിസംബര്‍ പാദത്തില്‍ 4.99 ശതമാനം നിക്ഷേപമാണ് പേടിഎം ഓഹരിയിലുണ്ടായിരുന്നത്. മാര്‍ച്ച് പാദത്തില്‍ ഇത് 1.17 ശതമാനം വര്‍ധിപ്പിച്ച് 6.15 ശതമാനമാക്കി ഉയര്‍ത്തി. മിറെ മ്യൂച്വല്‍ ഫണ്ട്, നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് എന്നിവരാണ് പ്രധാന നിക്ഷേപകര്‍. ഇതുവഴി പേടിഎമ്മില്‍ ആഭ്യന്തര നിക്ഷേപ സ്ഥാനപങ്ങളുടെ പങ്കാളിത്തം 6.86 ശതമാനമായി ഉയര്‍ന്നു.

മാര്‍ച്ച് പാദത്തില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ പങ്കാളിത്തം 2.49 ശതമാനത്തില്‍ നിന്ന് 20.19 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. ടൈഗര്‍ പെസിഫിക് ക്യാപിറ്റല്‍, സൊസൈറ്റി ജെനറല്‍, നോര്‍വെ ഗവണ്‍മെന്‍റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍ എന്നിവ പേടിഎമ്മില്‍ നിക്ഷേപം നടത്തുകയും ചെയ്തു. അതേസമയം ബിഎന്‍പി പരിബാസ് ആര്‍ബ്രിട്ടേജ്, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്‍റ് ബോര്‍ഡ് എന്നിവര്‍ നിക്ഷേപം പിന്‍വലിക്കുകയും ചെയ്തു. 

റിട്ടെയില്‍ നിക്ഷേപകരും ഇക്കാലയളവില്‍ പേടിഎമ്മിലുള്ള നിക്ഷേപം ഉയര്‍ത്തി. ഡിസംബര്‍ പാദത്തില്‍ 12.85 ശതമാനമായിരുന്ന നിക്ഷേപം 14.53 ശതമാനമാായാണ് വര്‍ധിച്ചത്. 

തിരിച്ചടി‌ തുടര്‍ന്ന് ഓഹരി

ബുധനാഴ്ച പേടിഎം ഓഹരികള്‍ നാല് ശതമാനം വരെ ഇടിഞ്ഞിരുന്നു. യുപിഐ വിപണി വിഹിതം ഇടിഞ്ഞതും പേടിഎം പേയ്മെന്‍റ് ബാങ്ക് സിഇഒ രാജിവച്ചതുമാണ് തിരിച്ചടിക്ക് കാരണം. യുപിഐ വിപണിയില്‍ മാര്‍ച്ച് മാസത്തില്‍ വണ്‍97 കമ്മ്യൂണിക്കേഷന്‍റെ വിപണി വിഹിതം 9 ശതമാനം ഇടിഞ്ഞെന്നാണ് എന്‍പിസിഐയില്‍ നിന്നുള്ള കണക്ക്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. പേടിഎം പേയ്മെന്‍റ് ബാങ്കിനെതിരായ ആര്‍ബിഐ നടപടിയാണ് ഈ ഇടിവിന് കാരണം. 

അതേസമയം പേടിഎം പേയ്മെന്‍റ് ബാങ്ക് എംഡിയും സിഇഒയുമായ സുരീന്ദര്‍ ചൗവാല രാജിവച്ചു എന്ന വാര്‍ത്തയും ഓഹരിക്ക് തിരിച്ചടിയുണ്ടാക്കി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ബുധനാഴ്ച നാല് ശതമാനം ഇടിഞ്ഞ് പേടിഎം ഓഹരി വില 388 രൂപ വരെ എത്തിയിരുന്നു. 400.50 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 

Stock Market; FII and DII increase stake in paytm in march quarter

MORE IN BUSINESS
SHOW MORE