വിപണി കുതിപ്പില്‍; 75,000 പോയിന്‍റ് പിന്നിട്ട് സെന്‍സെക്സ്; ഈ നാല് ഓഹരികള്‍ ശ്രദ്ധേയം

stock-market-hit-record-high
SHARE

ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും കുതിപ്പിലായിരുന്നു. ഏപ്രില്‍ എട്ടിന് തിങ്കളാഴ്ചയാണ് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം ചരിത്രത്തിലാദ്യമായി 400 ലക്ഷം കോടി രൂപ കവിഞ്ഞത്. ചൊവ്വാഴ്ച ചരിത്രത്തിലെ ഉയര്‍ന്ന നിലവാരം തൊടാന്‍ സൂചികകള്‍ക്കായി. വ്യാപാരത്തിനിടെ സെന്‍സെക്സ് ആദ്യമായി 75,000 പോയിന്‍റ് കടന്നു. 75,124.28 ആണ് പുതിയ ഉയരം. നിഫ്റ്റി 22,768.40 ലും റെക്കോര്‍ഡ് കുറിച്ചു. ചരിത്ര ഉയരത്തിന് പിന്നാലെ നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് നീങ്ങിയതോടെ വിപണി ഇടിവിലാണ് ക്ലോസ് ചെയ്തത്. 

െസന്‍സെക്സ് 59 പോയിന്‍റ് ഇടിഞ്ഞ് 74,683.70ലും നിഫ്റ്റി 24 പോയിന്‍റ് ഇടിഞ്ഞ് 22,642.75 ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം 402 ലക്ഷം കോടി രൂപയായി. 2023 ഏപ്രില്‍ 21 ഇത് 265 ലക്ഷം കോടി രൂപയായിരുന്നു. ഒരു വര്‍ഷത്തിനിടെ 137 ലക്ഷം കോടി രൂപയാണ് നിക്ഷേപകരുടെ സമ്പാദ്യത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഈ റാലിയുടെ കാരണങ്ങളെന്തെല്ലാമെന്ന് നോക്കാം.

സെന്‍സെക്സ് @75,000

2023 ഡിസംബര്‍ 11 ന് 70,000 പോയിന്‍റിലേക്ക് എത്തിയ സെന്‍സെക്സ് അടുത്ത 82 ദിവസം കൊണ്ടാണ് 5,000 പോയിന്‍റ് കൂട്ടിച്ചേര്‍ത്ത് പുതിയ നാഴികകല്ല് പിന്നിട്ടത്. മാര്‍ച്ച് ആറിന് 74,000 മാര്‍ക്ക് തൊട്ടശേഷം ഒരു മാസം മാത്രമാണ് പുതിയ ഉയരത്തിലെത്താന്‍ ആവശ്യമായി വന്നത്. ഈ റാലിയില്‍ നാല് ഓഹരികളാണ് ശ്രദ്ധേയമായ പങ്കുവഹിച്ചത്. 

stock-market-record

5,000 പോയിന്‍റിലേക്കുള്ള മുന്നേറ്റത്തില്‍ സെന്‍സെക്സിന്‍റെ വിപണി മൂല്യത്തിന്‍റെ 60 ശതമാനവും സംഭാവന നല്‍കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്നി ഓഹരികളാണ്. ഇക്കാലയളവില്‍ ഈ നാല് ഓഹരികളുടെ ആകെ വിപണി മൂല്യത്തില്‍ 7.31 ലക്ഷം കോടി രൂപയാണ് വര്‍ധനവുണ്ടായത്. ഇത് െസന്‍സെക്സിന്‍റെ വിപണിമൂല്യത്തിന്‍റെ 61.43 ശതമാനമാണ്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ മാത്രം വിഹിതം 29 ശതമാനമാണ്. 

ടാറ്റ മോട്ടോഴ്സ്, സണ്‍ഫാര്‍മ, എന്‍ടിപിസി, മാരുതി സുസൂക്കി ഇന്ത്യ എന്നി നാല് ഓഹരികള്‍ 27.69 ശതമാനം വിഹിതമാണ് കൂട്ടിച്ചേര്‍ത്തത്. 1-4 ശതമാനം റിട്ടേണ്‍ നേടിയ ലാര്‍സെന്‍ ആന്‍ഡ് ടെര്‍ബോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീല്‍, എച്ച്സിഎല്‍ ടെക്നോളജീസ്, വിപ്രോ, ടൈറ്റാന്‍ കമ്പനി, ജെഎസ്‍ഡബ്ലു സ്റ്റീല്‍, അള്‍ട്രാടെക് സിമന്‍റ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര എന്നി 12 ഓഹരികള്‍ ചേര്‍ന്ന് 30.3 ശതമാനവും സംഭാവന നല്‍കി. ഇക്കാലയളവില്‍ സെന്‍സെക്സിലെ 10 ഓഹരികളാണ് നെഗറ്റീവ് റിട്ടേണ്‍ നല്‍കിയത്. 

stock-market-brokers

മുന്നേറ്റത്തിന് കാരണം

ആഗോള, ആഭ്യന്തര കാരണങ്ങളാണ് ഓഹരി വിപണിയുടെ നിലവിലെ മുന്നേറ്റത്തിന് കാരണമെന്നാണ് വിദഗ്ധ നിഗമനം. 2024 സാമ്പത്തിക വര്‍ഷത്തിലെ കമ്പനികളുടെ നാലാം പാദഫലം ഈ ആഴ്ച അവസാനത്തോടെ പുറത്തുവരും. വെള്ളിയാഴ്ച ടിസിഎസിന്‍റെ പാദഫലമാണ് ആദ്യം പുറത്തുവരുന്നത്. റെക്കോര്‍ഡ് ജി.എസ്.ടി കളക്ഷനും ഉയര്‍ന്ന ജിഡിപി പ്രവചനവും കാരണം കമ്പനികളില്‍ നിന്ന് മികച്ച പാദഫലമാണ് വിപണി പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പമാണ് ആഗോള വിപണിയിലെ കുതിപ്പും.

2024 ആരംഭം തൊട്ട് യുഎസ് ഓഹരി കുതിപ്പിലാണ്. നസ്‍ദാക് 2024 ല്‍ ഇതുവരെ 10 ശതമാനത്തിന് മുകളില്‍ റിട്ടേണ്‍ നല്‍കി. അമേരിക്കയില്‍ നിന്നും സമീപകാലത്ത് പ്രതീക്ഷിക്കുന്ന പലിശ നിരക്ക് വെട്ടിക്കുറക്കലാണ് മറ്റൊരു ശുഭസൂചന. അമേരിക്കയിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അനുകൂലാവസ്ഥയിലെത്തിയാല്‍ ഇത് ഇക്വിറ്റി വിപണിക്ക് ഊര്‍ജ്ജമാണ്. ഇതോടൊപ്പം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ശക്തമായ പിന്തുണയും വിപണിക്ക് ഊര്‍ജമാണ്. 

Sensex Hit All Time High and Cross 75,000 Point

MORE IN BUSINESS
SHOW MORE