ആറ് ഐപിഒ; ബോണസ് ഓഹരിയും ലാഭവിഹിതങ്ങളും; ഈ ആഴ്ച വിപണിയില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ

ഫെബ്രുവരി 26 ന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയിലും വിപണിയില്‍ മുന്നേറ്റമാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ ചാഞ്ചാട്ടം കണ്ടെങ്കിലും രണ്ടാം ആഴ്ചയിലേക്ക് നേട്ടം തുടരാന്‍ ഓഹരി വിപണിക്കായി. സെന്‍സെക്സ് 73142.80 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സര്‍വകാല ഉയരം താണ്ടിയെങ്കിലും നേരിയ ഇടിവോടെ 22212.70 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെള്ളിയാഴ്ച 0.02 ശതമാനം ഇടിവാണ് സെന്‍സെക്സിലും നിഫ്റ്റിയിലും വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞാഴ്ചയില്‍ 0.78 ശതമാനം നേട്ടമുണ്ടാക്കാന്‍ സൂചികകള്‍ക്കായി. ടെക് ഓഹരികളിലെ റാലിയില്‍ ആഗോള സൂചികകളും കുതിപ്പിലാണ്. വിപണിയിലെ ചലനങ്ങളെ സ്വാധീനിക്കാനിടയുള്ള വിവിധ സാമ്പത്തിക ഡാറ്റകള്‍, കോര്‍പ്പറേറ്റ് നടപടികള്‍ എന്നിവ ഈ വാരം നടക്കുന്നുണ്ട്. ഓരോന്നായി വിശദമായി നോക്കാം. 

സാമ്പത്തിക ഡാറ്റകള്‍

മൂന്നാം പാദത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) ഡാറ്റ ഫെബ്രുവരി 29 തിന് പുറത്ത് വരും. ഇന്‍ഫ്രാസ്ട്രക്ചര്‍ ഔട്ട്പുട്ട് ഡാറ്റ, ധനകമ്മി വിവരങ്ങളും ഇതേദിവസം പുറത്ത് വരും. ഫെബ്രുവരി മാസത്തെ ഓട്ടോ സെയില്‍സ് ഡാറ്റ മാര്‍ച്ച് ഒന്നിന് ഓട്ടോ കമ്പനികള്‍ പുറത്ത് വിടും. ഓട്ടോ ഓഹരികളെ സംബന്ധിച്ച് ഇത് നിര്‍ണായകമാണ്. ആഗോള തലത്തില്‍ യുഎസ് സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ച വ്യക്തമാക്കുന്ന നാലാം പാദ ജിഡിപി ഡാറ്റയ് 28 ന് പുറത്ത് വരും. 

വിദേശ നിക്ഷേപകര്‍ 

വിപണിയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ് വിദേശ നിക്ഷേപകരുടെ വരവ്. കഴിഞ്ഞ ആഴ്ചയിലെ അഞ്ചില്‍ മൂന്ന് സെഷനിലും വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായിരുന്നു. 1,939.4 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് ഇക്കൂട്ടര്‍ വിറ്റഴിച്ചത്. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ അഞ്ചില്‍ നാല് ദിവസവും വാങ്ങലുകാരായി. 3,532.82 കോടി രൂപയുടെ ഓഹരികള്‍ ആഭ്യന്തര നിക്ഷേപകര്‍ വാങ്ങി. വിദേശ നിക്ഷേപകര്‍ രണ്ടാം മാസവും വില്‍പ്പനക്കാരായി തുടര്‍ന്നെങ്കിലും ഫെബ്രുവരിയില്‍ വില്‍പ്പന കുറവാണ്. 

ഐപിഒ

ആറ് ഐപിഒകളും അഞ്ച് ലിസ്റ്റിങ്ങുമാണ് ഈ വാരം പ്രാഥമിക വിപണിയില്‍ കാത്തിരിക്കുന്നത്. പ്ലാറ്റിനം ഇന്‍ഡസ്ട്രീസ്, എക്‌സിം ടെലി സിസ്റ്റം, ഭാരത് ഹൈവേസ് ഇന്‍വിറ്റ് എന്നിങ്ങനെ മൂന്ന് ഐപിഒകളാണ് മെയിന്‍ ബോര്‍ഡില്‍ സബ്‌സ്‌ക്രിപ്ഷന് തുറക്കുന്നത്. ഇവ 3,000 കോടിക്ക് മുകളില്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രുവ് ഫ്‌ളെക്‌സിപാക്, ഒവൈസ് മെറ്റല്‍ ആന്‍ഡ് മിനറല്‍ പ്രൊസസിങ്, എംവികെ അഗ്രോ ഫുഡ് പ്രൊഡക്ട് എന്നിവയാണ് എസ്എംഇ സെഗ്മെന്റിലൂടെ വിപണിയിലെത്തുന്നത്. 

135–142 രൂപ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ച എക്സിം ടെലി സിസ്റ്റം ഐപിഒ 429 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 27–29 വരെയാണ് സബ്സ്ക്രിപ്ഷന്‍ തീയതി. പ്ലാറ്റിനം ഇന്‍ഡസ്ട്രീസിന്‍റെ പ്രൈസ് ബാന്‍ഡ് 162–171 നിലവാരത്തിലാണ്. 235 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിക്കാന്‍ ഒരുങ്ങുന്നത്. സബ്സ്ക്രിപ്ഷന്‍ തീയതി 27-29 വരെ.

ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റായ ഭാരത് ഹൈവേസ് ഇന്‍വിറ്റിന്‍റെ ഐപിഒ പ്രൈസ് ബാന്‍ഡ് 98-100 രൂപയാണ്. ഇഷ്യു ഫെബ്രുവരി 28 ന് ആരംഭിക്കും. 42.7 കോടി സമാഹരിക്കുന്ന ഐപിഒയുടെ പ്രൈസ് ബാന്‍ഡ് 83-87 രൂപയാണ്. പ്രുവ് ഫ്ളെക്സിപാക് ഐപിഒ ഫെബ്രുവരി 27ന് ആരംഭിച്ച് 29 ന് അവസാനിക്കും. 70-71 രൂപ നിലവാരത്തിലാണ് ഐപിഒ പ്രൈസ് ബാന്‍ഡ്. ഒവൈസ് മെറ്റല്‍ ഐപിഒ 26– 28 വരെ നടക്കും. എംവികെ അഗ്രോ ഫുഡ് പ്രൊഡക്ട് 66 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 29 തിന് ആരംഭിക്കുന്ന ഇഷ്യുവിന്‍റെ പ്രൈസ് ബാന്‍ഡ് 120 രൂപയാണ്. 

കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ സബ്‌സ്‌ക്രിപ്ഷന്‍ നടന്ന ജുനീപര്‍ ഹോട്ടല്‍സ്, ജിപിടി ഹെല്‍ത്ത് കെയര്‍, ഡീം റോള്‍ ടെക്, സെനിത് ഡ്രഗ്‌സ്, സഥവ് ഷിപ്പിങ് എന്നിവയുടെ ലിസറ്റിങും ഈ ആഴ്ച നടക്കും. 

കോര്‍പറേറ്റ് നടപടികള്‍

നാറ്റ്‌കോ ഫാര്‍മ, എന്‍എംഡിസി, ബിര്‍ള പ്രിസിഷന്‍ ടെക്‌നോളജീസ്, ജുപീറ്റര്‍ വാഗണ്‍സ്, ബോഡി ട്രീ മള്‍ട്ടിമീഡിയ തുടങ്ങിയ  കമ്പനികളാണ് വരുന്ന ആഴ്ചയില്‍ ലാഭവിഹിതം നല്‍ക്കുന്നത്. എന്‍എംഡിസി 5.75 രൂപ ലാഭവിഹിതം നല്‍കും. 26 ന് എക്്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. ഡിആര്‍സി സിസ്റ്റംസ് ഇന്ത്യ, ഫിയിം ഇന്‍ഡസ്ട്രീസ് എന്നിവ ഈ വാരം ബോണസ് ഓഹരി നല്‍കുന്നുണ്ട്. എക്‌സ്‌ ബോണസ് തീയതി യഥാക്രമം 27, 28 എന്നിങ്ങനെയാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അവകാശ ഓഹരികളുടെ റെക്കോര്‍ഡ് തീയതി 27 ആണ്. ബജാജ് ഓട്ടോ ബൈബാക്ക് ഓഹരിയുടെ റെക്കോര്‍ഡ് തീയതി 29 നാണ്. 

IPOs and coperate actions; know the key things watch out in this week