36 രൂപ വിലയുള്ള ഓഹരി 22 രൂപയ്ക്ക് ലഭിക്കും; അവകാശ ഓഹരിയുടെ റെക്കോര്‍ഡ് തീയതി ഈ ആഴ്ച

കേരളത്തില്‍ നിന്നുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ മികച്ച മുന്നേറ്റം നടത്തി. അഞ്ച് ദിവസത്തിനിടെ അഞ്ച് ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്. അവകാശ ഓഹരികള്‍ പ്രഖ്യാപിച്ചതാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ക്ക് ഉത്തേജനമായത്. ഫെബ്രുവരി 21 ന് ചേര്‍ന്ന ബോര്‍ഡ് ഓഫ് ഡയറക്ടറേറ്റ് യോഗമാണ് അവകാശ ഓഹരി നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. ഈ വ്യാപാര ആഴ്ചയില്‍ ഓഹരി ശ്രദ്ധാകേന്ദ്രമാകുന്നതിനുള്ള കാരണം അവകാശ ഓഹരികള്‍ക്കായുള്ള റെക്കോര്‍ഡ് തീയതിയെത്തുന്നു എന്നതാണ്.

അവകാശ ഓഹരി

ലിസ്റ്റഡ് കമ്പനികള്‍ക്ക് മൂലധന സമാഹരണത്തിനുള്ളൊരു മാര്‍ഗമാണ് അവകാശ ഓഹരികള്‍. പുറത്ത് നിന്നുള്ള നിക്ഷേപം സ്വീകരിക്കാതെ നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് ഡിസ്‌ക്കൗണ്ട് നിരക്കില്‍ അധിക ഓഹരികള്‍ നല്‍കിയാണ് അവകാശ ഓഹരിയിലൂടെ കമ്പനികള്‍ പണം കണ്ടെത്തുന്നത്. ഐപിഒയില്‍ നിന്ന് വ്യത്യസ്തമായി നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് മാത്രമാണ് അവകാശ ഓഹരികള്‍ വാങ്ങാന്‍ സാധിക്കുക. നിശ്ചിത അനുപാതത്തിലാണ് ഓഹരികള്‍ അനുവദിക്കുക. 

1,151 കോടി സമാഹരണം ലക്ഷ്യം 

ബിസിനസ് വളര്‍ച്ച അടക്കമുള്ള കാര്യങ്ങള്‍ക്കായി 1,151 കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് അവകാശ ഓഹരി നടത്തുന്നത്. 52.31 കോടി ഓഹരികളാണ് വില്‍പ്പന നടത്തുക. ഓഹരി ഉടമകള്‍ക്ക് 22 രൂപ നിരക്കില്‍ ഇവ വാങ്ങാം. വെള്ളിയാഴ്ച 1.54 ശതമാനം നേട്ടത്തോടെ 36.25 രൂപയിലാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 

നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് 1:4 എന്ന അനുപാതത്തിലാണ് അവകാശ ഓഹരികള്‍ അനുവദിക്കുക. അതായത് നാല് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി കയ്യിലുള്ളവര്‍ക്ക് ഒരു അവകാശ ഓഹരി വാങ്ങാം. 209.27 കോടി ഓഹരികളാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന് നിലവിലുള്ളത്. അവകാശ ഓഹരി പൂര്‍ണമായും സബ്‌സ്‌ക്രബ് ചെയ്യപ്പെടുകയാണെങ്കില്‍ ഇത് 261.59 കോടി ഓഹരികളായി ഉയരും. 

ശ്രദ്ധിക്കേണ്ട തീയതികള്‍

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അവകാശ ഓഹരികള്‍ മാര്‍ച്ച് ആറ് മുതലാണ് ലഭ്യമാവുക. മാര്‍ച്ച് 20 വരെ അവകാശ ഓഹരികള്‍ വാങ്ങാനുള്ള അവസരമുണ്ടാകും. അതേസമയം അവകാശ ഓഹരികള്‍ക്ക് യോഗ്യരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോര്‍ഡ് തീയതി ഫെബ്രുവരി 27 ആണ്. ഈ തീയതിയില്‍ കമ്പനി രജിസ്റ്ററില്‍ പേരുള്ള ഓഹരി ഉടമകള്‍ക്കാണ് അവകാശ ഓഹരികള്‍ വാങ്ങാന്‍ സാധിക്കുക. 

South Indian Bank Set February 27 As Record Date For Right Issue