ഓഹരി വിപണി: ലാഭവിഹിതവും സൗജന്യ ഓഹരികളും നേടാം; ഈ ആഴ്ച ശ്രദ്ധിക്കേണ്ടത്

തിങ്കളാഴ്ച ആരംഭിക്കുന്ന ട്രേഡിങ് വീക്കിൽ ഓഹരിവിപണിയിൽ എന്തൊക്കെ ശ്രദ്ധിക്കണം? രാജ്യത്തിനകത്തും പുറത്തുമുള്ള ഏതെല്ലാം ഘടകങ്ങൾ വിപണിയെ സ്വാധീനിക്കും? വിപണി ബുള്ളിഷ് ആയി തുടരുമോ അതോ തിരിച്ചടി പ്രതീക്ഷിക്കണോ?

യുഎസ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി മിനിറ്റ്സ്, റിസർവ് ബാങ്ക് മിനിറ്റ്സ്, ആഗോള എണ്ണവില, അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തിക, വിലക്കയറ്റ, തൊഴിൽ മേഖലാ റിപ്പോർട്ടുകൾ, ആഭ്യന്തര സാമ്പത്തിക ഡേറ്റ, പുതിയ ഐപിഒകൾ, ഡിവിഡൻ്റ് പ്രഖ്യാപനം തുടങ്ങിയവയൊക്കെ വരുന്നയാഴ്ച ഇന്ത്യൻ വിപണിയെ സ്വാധീനിക്കാനിടയുള്ള ഘടകങ്ങളാണ്.

യുഎസ് ഫെഡറൽ റിസർവ് മിനിറ്റ്സ് (FOMC)

യുഎസ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ ജനുവരി അവസാനം നടന്ന യോഗത്തിൻ്റെ മിനിറ്റ്സ് വ്യാഴാഴ്ച പുറത്തുവരും. പലിശനിരക്കുകൾ കുറയ്ക്കാൻ ഫെഡറൽ റിസർവ് ഈ യോഗത്തിൽ തയാറായിരുന്നില്ല. തുടർച്ചയായ നാലാംതവണയും 5.25 - 5.50 ശതമാനം നിരക്ക് നിലനിർത്തുകയായിരുന്നു. പണപ്പെരുപ്പ നിരക്ക് ഉയർന്നുനിൽക്കുന്നതാണ് കാരണം. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ മിനിറ്റ്സിലുണ്ടാകും. വിദേശനിക്ഷേപകരെയും നിക്ഷേപസ്ഥാപനങ്ങളെയും സ്വാധീനിക്കുമെന്നതുകൊണ്ടുതന്നെ ഇന്ത്യയിലെയും മറ്റ് പ്രധാനവിപണികളിലെയും നിക്ഷേപകർ ആകാംക്ഷയോടെയാണ് ഇതിനെ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ആഴ്ചയിലെ മൂന്ന് സെഷനിലും വിദേശനിക്ഷേപസ്ഥാപനങ്ങൾ ഇന്ത്യൻ ഇക്വിറ്റി വിറ്റഴിക്കുന്ന ട്രെൻഡാണ് തുടർന്നത്. 6240 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റഴിച്ചത്. അമേരിക്കയിൽ ബോണ്ട് യീൽഡ് ഉയർന്നുനിൽക്കുന്നതിനാൽ എഫ്.ഐ.ഐകൾ ഇതേ ട്രെൻഡ് തുടരുമെന്നാണ് സൂചന. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരും വൻതോതിൽ ഓഹരി വിറ്റൊഴിയുന്നത് തുടരാനാണ് സാധ്യത.

ആർബിഐ മിനിറ്റ്സ്

റിസർവ് ബാങ്കിൻ്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൻ്റെ മിനിറ്റ്സും വ്യാഴാഴ്ച പുറത്തുവരും. കഴിഞ്ഞ എട്ട് യോഗങ്ങളിലും പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ ആർബിഐ തയാറായിട്ടില്ല. 6.5 ശതമാനമാണ് റിപ്പോ നിരക്ക്. ഈമാസം എട്ടിന് ചേർന്ന യോഗത്തിൻ്റെ മിനിറ്റ്സിൽ എപ്പോൾ പലിശനിരക്കുകളിൽ മാറ്റംവരുത്താൻ ആർബിഐ തയാറാകുമെന്ന സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകരും ഇടപാടുകാരും.

സാമ്പത്തിക ഡേറ്റ

ഇന്ത്യയിലെയും യുഎസിലെയും യൂറോപ്പിലെയും ജപ്പാനിലെയും സുപ്രധാന സൂചികകൾ അപ്ഡേറ്റ് ചെയ്യുകയും സാമ്പത്തിക റിപ്പോർട്ടുകൾ പുറത്തുവരികയും ചെയ്യുന്ന ആഴ്ചയാണ് വരുന്നത്. ഉൽപാദന, സേവന മേഖലകളിലെ കമ്പനികളുടെയും കോർപറേറ്റുകളുടെയും പ്രകടനവും നിക്ഷേപസാധ്യതയും ഒക്കെ സൂചിപ്പിക്കുന്ന പർച്ചേസിങ് മാനേജേഴ്സ് ഇൻഡക്സുകൾ (PMI Flash) ആണ് ഇതിൽ ഏറെയും.

ഐപിഒ

വിവിധമേഖലകളിലുള്ള പല പ്രമുഖ കമ്പനികളും ഈയാഴ്ച ഓഹരിവിപണിയിലേക്ക് കടക്കുന്നുണ്ട്. 5 കമ്പനികളുടെ ഐപിഒ സബ്സ്ക്രിപ്ഷൻ ഈയാഴ്ച തുടങ്ങും. ജൂനിപ്പർ ഹോട്ടൽസ് 1800 കോടിയുടെ ഇനിഷ്യൽ പബ്ലിക് ഓഫറുമായി 21ന് രംഗത്തെത്തുന്നുണ്ട്. ജിപിടി ഹെൽത്കെയർ, വിഭോർ സ്റ്റീൽ ട്യൂബ്സ്, സെനിത് ഡ്രഗ്സ്, ഡീം റോൾ ടെക്, സാധവ് ഷിപ്പിങ് തുടങ്ങിയവയും പട്ടികയിലുണ്ട്. എസ്കോനെറ്റ് ടെക്നോളജീസ്, ഇൻ്റീരിയേഴ്സ് ആൻഡ് മോർ, അറ്റ്മാറ്റ്സ്കോ, തായ് കാസ്റ്റിങ്, കാലാഹൃദാൻ ട്രെൻഡ്സ് എന്നിവയുടെ പബ്ലിക് ഇഷ്യു 20ന് ക്ലോസ് ചെയ്യും.

ആഗോള എണ്ണവില

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അയവില്ലാത് തുടരുന്നതിനാൽ ആഗോള എണ്ണവിലയിൽ വർധന തുടർന്നേക്കാം. യുഎസ് ഡബ്ല്യൂ.ടി.ഐ ക്രൂഡ് വില 1.190 ഡോളർ വർധിച്ചു. ബ്രെൻഡ് ക്രൂഡിന് 0.670 ഡോളർ കുറവും രേഖപ്പെടുത്തി. ആഗോള എണ്ണവിലയിൽ വരുന്ന മാറ്റങ്ങൾ ഇന്ത്യയിലെ വിലക്കയറ്റത്തെയും പണപ്പെരുപ്പനിരക്കിനെയും ബാധിക്കാനിടയുള്ളതുകൊണ്ടാണ് ഓഹരിവിപണി സൂക്ഷ്മമായി ഇത് നിരീക്ഷിക്കുന്നത്.

ലാഭവിഹിതം

പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ഓഹരിയൊന്നിന് 5.25 രൂപ ഇടക്കാല ലാഭവിഹിതം നല്‍കും. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന്‍റെ ഇടക്കാല ലാഭവിഹിതം 22 രൂപയാണ്. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ 3.50 രൂപയും സെയില്‍ ഒരു രൂപയും ഇൻ്ററിം ഡിവിഡൻ്റ് നൽകും. ഇവയുടെ എക്സ്–ഡിവിഡന്‍റ് തീയതി ഫെബ്രുവരി 20 ആണ്.

കമ്മിന്‍സ് ഇന്ത്യ 18 രൂപയും ഹീറോ മോട്ടോകോർപ് 100 രൂപയും (75 രൂപ ഇടക്കാല, 25 രൂപ പ്രത്യേക ലാഭവിഹിതം), എല്‍ഐസി 4 രൂപയും എംആര്‍എഫ് മൂന്ന് രൂപയും ഇടക്കാല ലാഭവിഹിതം നല്‍കും. ബോഷ് ഇന്ത്യ പ്രഖ്യാപിച്ച ഡിവിഡൻ്റ് 205 രൂപയാണ്. ഭാരത് ഫോര്‍ഗ്–2.50 രൂപ, നാല്‍കോ–2 രൂപ എന്നിവ ഫെബ്രുവരി 23 ന് എക്സ് ഡിവിഡന്‍റ് ട്രേഡ് ചെയ്യും.

ബോണസ് ഇഷ്യു

നാല് കമ്പനികളാണ് ഈ ആഴ്ച ബോണസ് ഓഹരി നല്‍കുന്നത്. ചോയിസ് ഇന്‍റര്‍നാഷണല്‍ 1:1 അനുപാതത്തില്‍ ബോണസ് ഇഷ്യു നടത്തും. കയ്യിലുള്ള ഓരോ ഓഹരിക്കും സൗജന്യമായി ഒരെണ്ണം ലഭിക്കും. എക്സ് ബോണസ് തീയതി ഫെബ്രുവരി 20. ഈസ്റ്റേണ്‍ ലോജിക് ഇന്‍ഫോവേ ലിമിറ്റഡ് 5:1 അനുപാതത്തില്‍ ഒരു ഓഹരി കയ്യിലുള്ളവര്‍ക്ക് 5 ഓഹരികള്‍ സൗജന്യമായി നല്‍കും. മാസ് ഫിനാന്‍ഷ്യല്‍ സര്‍വീസ് 2:1 അനുപാതത്തിലും എസജി മാര്‍ട്ട് 1:1 അനുപാതത്തിലും ബോണസ് ഓഹരികള്‍ അനുവദിക്കും. എക്സ് ബോണസ് തീയതി ഫെബ്രുവരി 22.

ഓഹരി വിഭജനം

എസ്ജി മാര്‍ട്ട് 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള ഓഹരിയായി വിഭജിക്കും. എക്സ് സ്പ്ലിറ്റ് തീയതി ഫെബ്രുവരി 22. റെമഡിയം ലൈഫ് കെയര്‍ 5 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയിലേക്ക് വിഭജിക്കും. ഫെബ്രുവരി 23 ആണ് എക്സ് സ്പ്ലിറ്റ് തീയതി.

Upcoming Corperate Actions Companies Set Record Date For Dividend Stock Split and Bonus Issue