‘എന്തു പ്രതിസന്ധികാലം’; 13 ജീവനക്കാര്‍ക്ക് വിലകൂടിയ കാറുകൾ സമ്മാനിച്ച് ഇന്ത്യൻ കമ്പനി

car gift
Image Credit Twitter: @TridhyaT
SHARE

പുതുവർഷം ആരംഭിച്ച് ആദ്യമാസത്തില്‍ തന്നെ ഗൂഗിൾ, മെറ്റാ, ആമസോൺ തുടങ്ങി മുന്‍നിര ടെക്  കമ്പനികളെല്ലാം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട വാര്‍ത്തകളാണ് കേട്ടത്. ആയിരത്തിലധികം ജീവനക്കാരെയാണ് ഏകദേശം കഴിഞ്ഞ മാസത്തില്‍ മാത്രമായി കമ്പനികള്‍ പിരിച്ചുവിട്ടത്.

മുന്‍നിര ടെക് കമ്പനികളെല്ലാം സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവെച്ച 13 ജീവനക്കാർക്ക് വിലകൂടിയ കാറുകൾ നൽകി ഞെട്ടിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ ടെക് കമ്പനി. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്രിധ്യ ടെക് എന്ന ഐടി കമ്പനിയാണ് 13 ജീവനക്കാർക്ക് വില കൂടിയ കാറുകൾ സമ്മാനം നൽകിയത്.

ഐടി മേഖലയില്‍ അഞ്ച് വർഷം വിജയകരമായി പൂർത്തിയാക്കിയ കമ്പനിയാണ് ത്രിധ്യ. ഈ വിജയം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ജീവനക്കാർക്ക് വിലകൂടിയ കാറുകൾ സമ്മാനിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കമ്പനി നേടിയതെല്ലാം ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നാണ് ത്രിധ്യ ടെക് എംഡി രമേഷ് മറാന്ദ് പറയുന്നത്.

കമ്പനിയുടെ വിജയത്തിനായി മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്ക് പ്രതിഫലം നൽകുമെന്നും കമ്പനി പ്രഖ്യാപിച്ചു. സമ്പാദിക്കുന്ന പണം ജീവനക്കാരുമായി പങ്കുവയ്ക്കുന്നതിലാണ് കമ്പനിക്ക് താൽപര്യമെന്ന് മറാന്ദ് പറഞ്ഞു. കമ്പനി ജീവനക്കാർക്ക് ഇനി ഭാവിയിലും ഇത്തരത്തില്‍ സമാനമായ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നെന്നും മാനേജിങ് ഡയറക്ടർ പറഞ്ഞു.

ജീവനക്കാരുടെ കഠിനാധ്വാനത്തിന് പ്രതിഫലം നൽകുന്ന  ആദ്യ ഇന്ത്യൻ കമ്പനിയല്ല ത്രിധ്യ ടെക്. ചെന്നൈ ആസ്ഥാനമായ ഐടി കമ്പനിയായ ഐഡിയാസ്2 ഉം  2022 ഏപ്രിലിൽ  ഐടിയിലെ നൂറോളം ജീവനക്കാർക്ക് വിലകൂടി കാറുകൾ നൽകിയിരുന്നു. 100 കാറുകളാണ് അന്ന് ഐഡിയാസ്2 ഐടി കമ്പനി ജീവനക്കാർക്ക്  സമ്മാനിച്ചത്.

Indian company has gifted 13 cars to employees

MORE IN BUSINESS
SHOW MORE