ട്വിറ്ററിൽ ജീവനക്കാർക്ക് മോശം കാലം, വൻ കൊഴിഞ്ഞുപോക്ക്; കണക്കുകൾ പുറത്ത്

musk twitter
SHARE

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചത് മുതൽ ട്വിറ്ററിലെ ജീവനക്കാർക്ക് അത്ര നല്ല കാലമല്ല. കഴിഞ്ഞ ഏപ്രിലിലാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. അതിനുശേഷം ആകെയുള്ള 8,200 ജീവനക്കാരില്‍ ഒൻപത് ശതമാനം പേരാണ് ട്വിറ്റര്‍ വിട്ടു പോയത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളില്‍ പത്ത് ശതമാനമാണ് തൊഴിലാളികളുടെ കൊഴിഞ്ഞുപോവല്‍ നിരക്കെങ്കില്‍ 18.3 ശതമാനമാണ് ട്വിറ്ററിലെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്. ഇലോണ്‍ മസ്‌ക് ജൂണില്‍ ട്വിറ്ററിലെ ‍ജീവനക്കാരോട് നേരിട്ട് സംസാരിച്ചപ്പോള്‍ മുതല്‍ തന്നെ ജീവനക്കാരില്‍ വലിയൊരു വിഭാഗം അസംതൃപ്തരാണെന്നാണ് സൂചനകള്‍. 

മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിക്കപ്പെട്ട ഏപ്രിലില്‍ ആറ് മാസത്തേക്ക് തൊഴില്‍ സുരക്ഷിതമായിരിക്കുമെന്ന വാഗ്ദാനമാണ് കമ്പനി നല്‍കിയിരുന്നത്.നേരത്തേ മസ്‌ക് തന്നെ ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടി വരുമെന്നും പ്രതിഫലം വെട്ടിക്കുറക്കുമെന്നുമുള്ള സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ട്വിറ്റര്‍ വാങ്ങാനുള്ള 4400 കോടി ഡോളറിന്റെ കരാറില്‍ നിന്നു മസ്‌ക് പിന്‍വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നു. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ച് സത്യം പറഞ്ഞില്ലെന്ന പരാതി പറഞ്ഞാണ് മസ്‌ക് ഇപ്പോള്‍ കരാറില്‍ നിന്നും പിന്മാറാന്‍ ശ്രമിക്കുന്നത്. എന്നാല്‍ മസ്‌കിനെതിരെ ട്വിറ്റര്‍ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്.

ഒക്ടോബറിലാണ് ഈ കേസിൽ വാദം ആരംഭിക്കുക.2022 ഫെബ്രുവരിയില്‍ 7,500 പേരായിരുന്നു ട്വിറ്ററിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ കമ്പനി കൂടുതല്‍ പേരെ എടുത്തതോടെ ജീവനക്കാരുടെ എണ്ണം 8,200 ലെത്തി. ഇങ്ങനെ വര്‍ധിച്ച ജീവനക്കാര്‍ക്ക് തുല്യമായ രാജിക്കത്തുകള്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ ട്വിറ്ററിന് ലഭിച്ചുവെന്നാണ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ചില ടീമുകളില്‍ മൂന്നിലൊരു ജീവനക്കാരെ വരെ നഷ്ടമായിട്ടുണ്ട്.ട്വിറ്റര്‍ അധികൃതര്‍ പോലും ജീവനക്കാരുടെ കൊഴിഞ്ഞുപോക്കില്‍ ഞെട്ടിയിരിക്കുകയാണ്. ട്വിറ്ററും ഇലോണ്‍ മസ്‌കും തമ്മിലുള്ള തര്‍ക്കം കോടതി കയറിയതും ജീവനക്കാരില്‍ പലരുടേയും അസംതൃപ്തി വര്‍ധിപ്പിച്ചു. ഇപ്പോള്‍ തന്നെ ലിങ്ക്ഡ്ഇനില്‍ ട്വിറ്ററിലെ 150ലേറെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന വിവരമുണ്ട്.

ട്വിറ്ററിന്റെ വര്‍ക്ക് ഫ്രം ഹോം പോളിസിയില്‍ കടുത്ത അതൃപ്തിയാണ് പല മീറ്റിങ്ങുകളിലും ഇലോണ്‍ മസ്‌ക് പ്രകടിപ്പിച്ചിട്ടുള്ളത്. ഇതും ജീവനക്കാരുടെ അതൃപ്തിക്കിടയാക്കി. 'പൊതുവേ ജീവനക്കാരുടെ ആത്മവിശ്വാസം കുറഞ്ഞിട്ടുണ്ട്. ഒരുകാര്യം ഉറപ്പിച്ച് പറയാം. ഇത്രയേറെ പേര്‍ ട്വിറ്റര്‍ വിടുന്നതിന് പിന്നില്‍ ഇലോണ്‍ മസ്‌ക് മാത്രമാണ്.’ അടുത്തിടെ ട്വിറ്റര്‍ വിട്ട ഒരു ജീവനക്കാരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 

MORE IN BUSINESS
SHOW MORE