അമേരിക്കയിലെ പണപ്പെരുപ്പം; 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്ത്യക്ക് തിരിച്ചടി

US-Central-Bank
SHARE

യുഎസ് സെൻട്രൽ ബാങ്ക് 1994 ന് ശേഷമുള്ള  ഏറ്റവും വലിയ പലിശ നിരക്ക് വർദ്ധന പ്രഖ്യാപിച്ചു. ഫെഡറൽ റിസർവ് പലിശ നിരക്ക് 1.5% മുതൽ 1.75% വരെയായി മുക്കാൽ ശതമാനം വർദ്ധിപ്പിക്കും. കഴിഞ്ഞ മാസം യുഎസിലെ പണപ്പെരുപ്പം അപ്രതീക്ഷിതമായി ഉയർന്നതിനെ തുടർന്നാണ് മാർച്ചിന് ശേഷമുള്ള മൂന്നാമത്തെ വർദ്ധന. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് നിര്‍ണായകമാണ് അമേരിക്കയുടെ പുതിയ തീരുമാനം.

പണപ്പെരുപ്പവും തന്മൂലമുണ്ടായ വിലക്കയറ്റവും പിടിച്ചുനിർത്തുന്നതിനാണ് യു.എസ്.ഫെഡറൽ റിസർവ് പലിശനിരക്ക് ഗണ്യമായി ഉയർത്തിയത്.40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണ് അമേരിക്കയിൽ.2002 ൽ 1.6 ശതമായിരുന്ന പണപ്പെരുപ്പ നിരക്ക് ഇപ്പോൾ 8.6 ശതമാനമാണ്.വിലക്കയറ്റത്തിന്റെ പ്രധാന സൂചികയായ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് എട്ടര ശതമാനത്തിലെത്തി.കോവിഡ് മഹാമാരിയും റഷ്യ യുക്രൈയ്ൻ യുദ്ധവുമാണ് മറ്റു പലരാജ്യങ്ങളെയും പോലെ അമേരിക്കയിലും പണപ്പെരുപ്പം കൂടാൻ കാരണമായത്.

സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകാതിരിക്കാൻ അമേരിക്കൻ സെൻട്രൽ ബാങ്ക് കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഈ വർഷത്തെ വളർച്ച നിരക്ക് 1 .7 ശതമാനമായി കുറച്ചത് ശുഭസൂചനയല്ലെന്നാണ് വിലയിരുത്തൽ.അമേരിക്ക പലിശ നിരക്ക് കൂട്ടുമ്പോൾ വിദേശ നിക്ഷേപകർ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ഓഹരിവിപണികളിൽ നിന്നടക്കമുള്ള നിക്ഷേപങ്ങൾ പിൻവലിക്കും.ജനുവരിമുതൽ 1.87 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപം ഇന്ത്യയിൽ നിന്നും പുറത്തുപോയി എന്നാണ് കണക്ക്.

അമേരിക്കയുടെ പുതിയ തീരുമാനം ഈ നീക്കത്തിന് ആക്കം കൂട്ടും .ജനുവരിമുതൽ പത്തുശതമാനം ഇടിവാണ് ഓഹരിവിപണിയിൽ ഉണ്ടായത്.നിക്ഷേപങ്ങൾ കൂടുന്നതോടെ ഡോളർ കൂടുതൽ കരുത്താർജിക്കും.അതു ഇന്ത്യൻ രൂപയുൾപ്പെടെയുള്ള മറ്റു കറൻസികളെ ദുർബലപ്പെടുത്തും.നിലവിൽ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകർച്ച നേരിടുന്ന ഇന്ത്യൻ രൂപയ്ക്കു പുതിയ തീരുമാനം കൂടുതൽ തിരിച്ചടിയാണ്.  രൂപ ദുർബലപ്പെടുന്നത് ക്രൂഡ് ഓയില്‍ ഉൾപ്പെെട ഇന്ത്യയുടെ എല്ലാ ഇറക്കുമതി ചിലവുകളും വർധിക്കാനും കാരണമാകും.

MORE IN BUSINESS
SHOW MORE