റീപ്പോ നിരക്ക് റിസര്‍വ് ബാങ്ക് കുത്തനെ ഉയര്‍ത്തി; വായ്പ, നിക്ഷേപ നിരക്കുകള്‍ വര്‍ധിച്ചേക്കും

rbi
SHARE

പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുനിര്‍ത്താന്‍ റീപ്പോ നിരക്ക് 4.90 ശതമാനമാക്കി കുത്തനെ ഉയര്‍ത്തി റിസര്‍വ് ബാങ്ക്. ഇതോടെ വായ്പ, നിക്ഷേപ നിരക്കുകള്‍ വര്‍ധിച്ചേക്കും. 2022–23ലെ ജിഡിപി 7.2 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പ നിരക്ക് നടപ്പുസാമ്പത്തിക വര്‍ഷം നേരത്തെ പ്രതീക്ഷിച്ചതിലും ഉയരും. ആദ്യ മൂന്നു പാദങ്ങളില്‍ ഉയര്‍ന്ന നിരക്കായിരിക്കും. സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ ഉണര്‍വു നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നടപടികളും ആര്‍ബിെഎ പ്രഖ്യാപിച്ചു. 

അടിസ്ഥാന വായ്പ നിരക്കായ റീപ്പോ 50 ബേസിസ് പോയന്‍റ് വര്‍ധിപ്പിച്ച് 4.40 ശതമാനത്തില്‍ നിന്ന് 4.90 ശതമാനമാക്കി ഉയര്‍ത്താന്‍ റിസര്‍വ് ബാങ്കിന്‍റെ ധനനയ സമിതി തീരുമാനിച്ചു. മേയ് നാലിന് റീപ്പോ നിരക്ക് 40 ബേസിസ് പോയന്‍റ് വര്‍ധിപ്പിച്ചിരുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യമാണെന്നും യുക്രെയ്ന്‍ യുദ്ധം അടക്കം ബാഹ്യവിഷയങ്ങളാണ് പ്രതിസന്ധിക്ക് മുഖ്യകാര്യമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഇന്ധന നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചത് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ മൂന്ന് പാദങ്ങളില്‍ പണപ്പെരുപ്പം ഉയര്‍ന്നുതന്നെ തുടരും. 6.7 ശതമാനം പണപ്പെരുമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഏപ്രിലില്‍ പ്രവചിച്ചിരുന്നത് 5.7 ശതമാനമായിരുന്നു. 6 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താണ് ലക്ഷ്യമിട്ടിരുന്നത്. ജിഡിപി വളര്‍ച്ച പ്രതീക്ഷിക്കുന്നത് 7.2 ശതമാനം. മികച്ച വിളവ് പ്രതീക്ഷിക്കുന്നു. രൂപ മറ്റു കറന്‍സികളെ അപേക്ഷിച്ച് പിടിച്ചുനിന്നു. കയറ്റുമതി വര്‍ധിച്ചു.

ഗ്രാമീണ, നഗര സഹകരണ ബാങ്കുകളുടെ വ്യക്തിഗത ഭവനവായ്പ പരിധി വര്‍ധിപ്പിച്ചു, ഗ്രാമീണ സഹകരണ ബാങ്കുകള്‍ക്ക് കൊമേഴ്സ്യല്‍ റസിഡന്‍ഷ്യല്‍ ഹൗസിങ് പദ്ധതികള്‍ക്ക് വായ്പ നല്‍കാന്‍ അനുമതി നല്‍കി, നഗരസഹകരണ ബാങ്കുകള്‍ക്ക് വാതില്‍പ്പടി സേവനങ്ങള്‍ നല്‍കാനും അനുമതി നല്‍കി. ക്രെഡിറ്റ് കാര്‍ഡുകളെ യുപിെഎ പ്ലാറ്റഫോമുമായി ബന്ധിപ്പിക്കും.

MORE IN BUSINESS
SHOW MORE