കോട്ടയത്തും കോഴിക്കോടും ‘ലുലു’ ഉടൻ; 550 കോടി ചെലവ്; 1500 കോടിയുടെ നിക്ഷേപം

tvm-lulu
തിരുവനന്തപുരം ലുലു മാൾ
SHARE

തിരുവനന്തപുരം: 20 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ രാജ്യത്തെത്തന്നെ വമ്പൻ മാളുകളിൽ ഒന്നായ ലുലുമാൾ തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി. കഴക്കൂട്ടം– കോവളം ബൈപാസിൽ ടെക്നോപാർക്കിനു സമീപമാണ് മാൾ. 5000 പേർക്കു നേരിട്ടും 5000 ലേറെ പേർക്കു പരോക്ഷമായും തൊഴിൽ നൽകുന്ന മാളിൽ 2 ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റും 80,000 ചതുരശ്ര അടിയിലുള്ള ഫൺട്യൂറ വിനോദകേന്ദ്രവുമാണു പ്രധാന ആകർഷണം. 300 രാജ്യാന്തര ബ്രാൻഡുകളും ലുലുവിലുണ്ട്. കേരളത്തിനു പുറമേ തമിഴ്നാട്ടിൽ നിന്നും മാലദ്വീപ്, ശ്രീലങ്ക രാജ്യങ്ങളിൽ നിന്നുള്ളവരും ഷോപ്പിങ്ങിനായി എത്തുമെന്നാണു ലുലു ഗ്രൂപ്പിന്റെ പ്രതീക്ഷ.

1500 കോടിയുടെ പുതിയ പദ്ധതികളുമായി ലുലു ഗ്രൂപ്പ്

കേരളത്തിൽ 1500 കോടിയിലേറെ രൂപയുടെ പുതിയ നിക്ഷേപ പദ്ധതികളുമായി ലുലു ഗ്രൂപ്പ്. 500 കോടി രൂപ ചെലവിൽ നിർമിക്കുന്ന തിരുവനന്തപുരത്തെ ഹയാത്ത് റീജൻസി ഹോട്ടൽ അടുത്ത ജൂണിൽ തുറക്കും. 300 കോടി ചെലവിട്ടു നിർമിക്കുന്ന കോഴിക്കോട് ലുലു മാൾ 2023 ജൂണിലും 250 കോടിയുടെ കോട്ടയത്തെ ലുലു മാൾ 2023 സെപ്റ്റംബറിലും പൂർത്തിയാകും. കയറ്റുമതി ലക്ഷ്യമിട്ട് 150 കോടി രൂപ ചെലവില്‍ നിർമിക്കുന്ന കൊച്ചിയിലെ മീൻ സംസ്കരണ കേന്ദ്രം അടുത്ത ഏപ്രിലിൽ തുറക്കും.

കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽ നിന്നു നേരിട്ടു മീൻ ശേഖരിച്ചാണു കയറ്റി അയയ്ക്കുക. കളമശേരിയിൽ 250 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഫുഡ് പാർക്ക് 2023 ഡിസംബറിൽ പൂർത്തിയാകും. തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖം നിർമാണം പൂർത്തിയാകുമ്പോഴേക്കും ഇലക്ട്രോണിക് അസംബ്ലിങ് ഹബ് തുടങ്ങും. ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഉടൻ തയാറാകും.

MORE IN BUSINESS
SHOW MORE