2025നകം 10 വൈദ്യുത കാറുകള്‍; ഇലക്ട്രിക് കാർ വിപണിയിൽ ഒന്നാമനാകാൻ ടാറ്റ

ev-tata
SHARE

ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തുന്ന 10 പുതിയ വൈദ്യുത വാഹന(ബിഇവി)ങ്ങൾ കൂടി 2025നകം ആഭ്യന്തര വിപണിയിൽ ലഭ്യമാക്കുമെന്നു ടാറ്റ മോട്ടോഴ്സ്. വൈദ്യുത വാഹന വ്യാപാരത്തിൽ സുസ്ഥിരത കൈവരിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും കമ്പനി ചെയർമാൻ എൻ ചന്ദ്രശേഖരൻ വെളിപ്പെടുത്തി. ഹരിത വാഹനങ്ങൾക്കു ബാറ്ററി ലഭ്യത ഉറപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടെ ഇന്ത്യയിലും യൂറോപ്പിലുമുള്ള ബാറ്ററി നിർമാതാക്കളുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള സാധ്യതയും ടാറ്റ മോട്ടോഴ്സ് പരിഗണിക്കുന്നുണ്ട്. 

വൈദ്യുത വാഹന വിൽപ്പനയിൽ കാര്യമായ മുന്നേറ്റമാണു ടാറ്റ മോട്ടോഴ്സ് കൈവരിച്ചത്; ഇക്കൊല്ലത്തെ വിൽപ്പനയിൽ രണ്ടു ശതമാനത്തോളം ഇ വികളുടെ വിഹിതമാണ്. കോംപാക്ട് എസ് യു വിയായ ‘നെക്സൻ ഇ വി’യുടെ ഇതുവരെയുള്ള വിൽപ്പന 4,000 യൂണിറ്റ് പിന്നിട്ടതും ടാറ്റയ്ക്കു പ്രതീക്ഷ പകർന്നിട്ടുണ്ട്.വരുംവർഷങ്ങളിൽ വൈദ്യുത വാഹനങ്ങൾക്കുള്ള സ്വീകാര്യത കുതിച്ചുയരുമെന്ന് ചന്ദ്രശേഖരൻ വിലയിരുത്തുന്നു. ഇന്ത്യൻ വിപണിയിൽ വൈദ്യുതീകരണത്തിലേക്കുള്ള കുതിപ്പിനു നേതൃത്വം നൽകാനാനാണു ടാറ്റ മോട്ടോഴ്സിന്റെ മോഹം. അതുകൊണ്ടാണ് 2025 ആകുമ്പോഴേക്ക് ഉൽപന്ന ശ്രേണിയിൽ 10 ബി ഇ വികൾ ഉൾപ്പെടുത്താൻ കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  കൂടാതെ രാജ്യവ്യാപകമായി തന്നെ വൈദ്യുത വാഹന ബാറ്ററി ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും ടാറ്റ ഗ്രൂപ് മുൻകയ്യെടുക്കും.

ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ  പൂർണമായും മലിനീകരണ വിമുക്തമായ മോഡലുകൾ അവതരിപ്പിക്കാനാണു ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവറി(ജെ എൽ ആർ)ന്റെ തീരുമാനം. 2025ൽ തന്നെ ഉൽപന്ന ശ്രേണി പൂർണമായും വൈദ്യുത വാഹനങ്ങളിലേക്കു മാറ്റാനാണു ജഗ്വാർ ലക്ഷ്യമിടുന്നത്. 2030 ആകുന്നതോടെ കമ്പനിയുടെ വിൽപ്പനയിൽ 60 ശതമാനവും ബി ഇ വികളുടെ വിഹിതമാവുമെന്നു ജഗ്വാർ കണക്കുകൂട്ടുന്നു. 

(അവലംബം: പി ടി ഐ/ഹിന്ദുസ്ഥാൻ ടൈംസ്)

MORE IN BUSINESS
SHOW MORE
Loading...
Loading...